Connect with us

Kerala

ബിറ്റിയുടെ ആള്‍മാറാട്ടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും

Published

|

Last Updated

കണ്ണൂര്‍:ജര്‍മന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് ജയ്പൂര്‍ ജയിലില്‍ നിന്ന് പരോളിലിറങ്ങി മുങ്ങിയ ബിറ്റി മൊഹന്തി (29) തന്നെയാണ് കണ്ണൂരില്‍ അറസ്റ്റിലായ രാഘവ് രാജ് എന്ന് തെളിയിക്കാനുള്ള രേഖകളെല്ലാം ലഭിച്ചതായി തെളിവെടുപ്പിനു ശേഷം ബിറ്റിയുമായി തിരിച്ചെത്തിയ അന്വേഷണ സംഘത്തലവനായ തളിപ്പറമ്പ് ഡി വൈ എസ് പി. കെ എസ് സുദര്‍ശന്‍ പറഞ്ഞു.

ആള്‍മാറാട്ടത്തിനും വ്യാജരേഖകള്‍ ചമച്ച് വഞ്ചിച്ചതിനും ബിറ്റിക്കെതിരേ പഴയങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിനാവശ്യമായ തെളിവുകളും ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ജയ്പൂരില്‍ നടത്തിയ തെളിവെടുപ്പില്‍ ബിറ്റിയെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍ ജയിലിലേയും പോലീസ് സ്റ്റേഷനിലേയും രേഖകളില്‍ നിന്ന് കണ്ടെത്തിയിരുന്നു. കണ്ണിനുള്ളിലുള്ള മറുകാണ് പ്രധാനമായും ആളെ തിരിച്ചറിയാന്‍ സഹായകമായത്.
തിരിച്ചറിയല്‍ അടയാളങ്ങള്‍ രേഖപ്പെടുത്തിയ ബീഹാര്‍ ട്രാന്‍സ്‌പോര്‍ട്ട് പോലീസ് സ്റ്റേഷനിലുണ്ടായിരുന്ന കേസിന്റെ സി ഡി ഫയലിന്റെ കോപ്പിയും കേരളാ പോലീസ് ശേഖരിച്ചു. ബിറ്റിയെ പോലീസ് സ്റ്റേഷനിലേയും ജയിലിലേയും ഉദ്യോഗസ്ഥരില്‍ പലരും തിരിച്ചറിഞ്ഞെങ്കിലും സാക്ഷി എന്ന നിലയില്‍ ഔദ്യോഗികമായി മൊഴി നല്‍കാന്‍ മിക്കവരും വിസമ്മതിക്കുകയായിരുന്നു.
ഭയം മൂലവും സാക്ഷി പറയാന്‍ കേരളത്തിലെത്തുന്നതിന്റെ ബുദ്ധിമുട്ടോര്‍ത്തുമാണ് ഇവര്‍ പിന്മാറിയതത്രെ. എന്നാല്‍ ബിറ്റിയെ മുമ്പ് അറസ്റ്റ് ചെയ്ത ജയ്പൂരിലെ പോലീസ് സംഘത്തിലെ സുരേന്ദ്ര എന്ന ഉദ്യോഗസ്ഥന്‍ മൊഴി നല്‍കാന്‍ സന്നദ്ധനായി. പ്രധാന സാക്ഷിയായി ഇദേഹത്തെയാണ് പരിഗണിച്ചിരിക്കുന്നത്.
ബിറ്റിയുടെ ഫോട്ടോ കണ്ട് പിതാവായ മുന്‍ ഒഡീഷ ഡി ജി പി. ബി ബി. മൊഹന്തി തന്റെ മകന്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. കോടതിയില്‍ ഇവയൊന്നും പോരെന്ന് വന്നാല്‍ മാത്രമെ ഡി എന്‍ എ ടെസ്റ്റ് നടത്താനുള്ള നടപടികളിലേക്ക് നീങ്ങൂ. പരോളിലിറങ്ങി മുങ്ങിയശേഷം ബിറ്റിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് മൊഹന്തി മൊഴി നല്‍കിയത്.
ഇത് ശരിയല്ലെന്ന് തെളിയിക്കാനുള്ള രേഖകളും പോലീസ് സംഘം ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ ബിറ്റി മുങ്ങിയശേഷം ഒളിവില്‍ കഴിയാന്‍ ഇയാള്‍ക്ക് പിതാവായ മുന്‍ ഡി ജി പിയുടെ സഹായം ലഭിച്ചിരുന്നോയെന്ന് വ്യക്തമായിട്ടില്ല. ഇതു വ്യക്തമായ ശേഷമേ ബി ബി മൊഹന്തിയെ പ്രതിയാക്കി കേസെടുക്കൂവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതിനിടെ, ബിറ്റിക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ ഉന്നതനെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി അറിയുന്നു. ഭുവനേശ്വര്‍ സ്വദേശിയായ ഇയാളെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചെങ്കിലും വെളിപ്പെടുത്താന്‍ സംഘം തയ്യാറായിട്ടില്ല. പരോളിലിറങ്ങി മുങ്ങിയ ശേഷം ബിറ്റിക്ക് സാമ്പത്തിക സഹായമടക്കം ഈ ഉന്നതന്‍ വഴിയാണ് ലഭിച്ചതെന്നാണ് സൂചന.
21 ന് കോടതിയില്‍ ഹാജരാക്കുന്ന ബിറ്റിയെ വിട്ടുകിട്ടാന്‍ രാജസ്ഥാന്‍ പോലീസ് അവിടത്തെ കോടതിയില്‍ നിന്ന് വാറണ്ട് നേടിയിട്ടുണ്ട്.
കൂടുതല്‍ ദിവസത്തേക്ക് ബിറ്റിയെ വിട്ടുകിട്ടാന്‍ കേരളാ പോലീസ് അപേക്ഷ നല്‍കിയില്ലെങ്കില്‍ രാജസ്ഥാന്‍ പോലീസിന് കസ്റ്റഡിയില്‍ നല്‍കാന്‍ സാധ്യതയുണ്ട്.
ഒഡീഷയില്‍ അന്വേഷണത്തിന് പോയ ശ്രീകണ്ഠപുരം സി ഐ. ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കണ്ണൂരിലെത്തിയ ശേഷം ജില്ലാ പോലീസ് സൂപ്രണ്ട് രാഹുല്‍ ആര്‍ നായരുമായി ചര്‍ച്ച നടത്തി അന്വേഷണ പുരോഗതി വിലയിരുത്തും.
പിന്നീട് കുറ്റപത്രം തയ്യാറാക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുെമന്ന് ഡി വൈ എസ് പി. കെ എസ് സുദര്‍ശന്‍ പറഞ്ഞു.