Connect with us

Kerala

ശിശു മരണ നിരക്ക്: ശരീര ഭാരം കുറഞ്ഞവരിലെന്ന് പഠനം

Published

|

Last Updated

കൊച്ചി:കേരളത്തിലെ ശിശു മരണ നിരക്കുകളിലധികവും കുറഞ്ഞ ശരീര ഭാരം കാരണമെന്ന് നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷ(എന്‍ ആര്‍ എച്ച് എം)ന്റെ കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 15 മുതല്‍ നവംബര്‍ 14 വരെ നടന്ന ശിശു മരണ നിരക്കുകളെ കുറിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. നാല് ജില്ലകളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ ഈ കാലയളവില്‍ മരിച്ച 75 കുട്ടികളില്‍ 43 പേര്‍ ആണ്‍കുട്ടികളാണ്. 41 പേര്‍ ആദ്യ പ്രസവത്തിലെ കുട്ടികളും. മരണകാരണത്തില്‍ പ്രധാനം ഭാരക്കുറവും മാസം തികയാതെയുള്ള പ്രസവവുമാണ്. ജനിതക വൈകല്യങ്ങളും, വിവിധ തരം അണുബാധകളും, ജനന സമയത്തെ ശ്വാസ തടസ്സവും മറ്റു കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നു. പ്രസവങ്ങളുടെ എണ്ണം കൂടുന്നതും, ജനനേന്ദ്രിയ ഭാഗങ്ങളില്‍ ഉണ്ടാകുന്ന അണുബാധ, ഉയര്‍ന്ന രക്ത സമ്മര്‍ദം എന്നിവയും മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുന്നു.

കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ശിശുമരണനിരക്ക് 10 ശതമാനത്തില്‍ താഴെയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. കേരളത്തിലെ ശിശു മരണങ്ങളുടെ കാരണം വിശകലനം ചെയ്യുന്നതിന് വയനാട്, കൊല്ലം, കണ്ണൂര്‍, എറണാകുളം ജില്ലകളിലാണ് ഒരു മാസത്തെ പഠനം നടത്തിയത്. ആരോഗ്യവകുപ്പിന്റെയും ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യസംഘത്തിന്റേയും മേല്‍നോട്ടത്തില്‍ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ആണ് പഠനം പൂര്‍ത്തിയാക്കിയത്.
കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ മരണനിരക്ക് 10 ശതമാനത്തില്‍ താഴെയായിരുന്നു. ആകെ 75 ശിശുമരണങ്ങളാണ് ഈ കാലയളവില്‍ ഈ ജില്ലകളില്‍ ഉണ്ടായത്. മാസം തികയാതെയുള്ള പ്രസവങ്ങള്‍ കുറക്കുകയും പൂര്‍ണ വളര്‍ച്ചയെത്താത്ത കുട്ടികളുടെ വിദഗ്ധ സംരക്ഷണത്തിനായി ആശുപത്രി സംവിധാനങ്ങള്‍ ശാക്തീകരിക്കുകയുമാണ് മാര്‍ഗമെന്ന് എന്‍ ആര്‍ എച്ച് എം ഭാരവാഹികള്‍ പറഞ്ഞു.
ഗോവ മാത്രമാണ് കുറഞ്ഞ ശിശു മരണനിരക്കില്‍ കേരളത്തേക്കാള്‍ മുമ്പിലുള്ളത്. 12 ശതമാനമാണ് കേരളത്തിന്റെ ശിശു മരണ നിരക്ക്്. മുമ്പ് ഈ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമായിരുന്നു കേരളം. ശിശു മരണനിരക്ക് കുറക്കുന്നത് സംബന്ധിച്ച് വിദഗ്ധ സംഘം നടത്തിയ ചര്‍ച്ചക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്. എന്‍ ആര്‍ എച്ച് എം സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. കെ വി ബീന, കേന്ദ്ര സര്‍ക്കാറിന്റെ ആരോഗ്യ കണ്‍സള്‍ട്ടന്റ് ഡോ. രാജീവ് ടണ്‍ഡന്‍, ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രയിലെ അസോസിയേറ്റ് പ്രൊസര്‍ ഡോ. ഹരീഷ് ചെല്ലാനി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പീഡിയാട്രിക്‌സ് സംസ്ഥാന സെക്രട്ടറി ഡോ. ഇ കെ സുരേഷ് കുമാര്‍, പ്രസിഡന്റ് ഡോ സച്ചിതാനന്ദ കമ്മത്ത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

 

Latest