മന്ത്രി കെ.ബാബൂവിനെതിരെ 100 കോടിയുടെ അഴിമതി ആരോപണം

Posted on: March 18, 2013 5:49 pm | Last updated: March 19, 2013 at 1:34 pm
SHARE

babu

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും എക്‌സൈസ് മന്ത്രി കെ ബാബുവിനുമെതിരെ നിയമസഭയില്‍ അഴിമതി ആരോപണം. പുതിയ ബാര്‍ അനുവദിച്ചതിലും മദ്യവില വര്‍ധിപ്പിക്കുന്നതിന് പിന്നിലും ഹോളോഗ്രാം ഇടപാടിലും കോടികളുടെ അഴിമതി നട ന്നുവെന്ന് പ്രതിപക്ഷത്ത് നിന്ന് ബാബു എം പാലിശ്ശേരിയാണ് ചട്ടം 285 പ്രകാരം സ്പീക്കറുടെ അനുമതിയോടെ ആരോപണം ഉന്നയിച്ചത്.
മൂന്ന് ഇടപാടുകളിലുമായി 116 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
വിദേശ മദ്യത്തിന്റെയും വൈനിന്റെയും വില ആറ് ശതമാനം വര്‍ധിപ്പിച്ചതിലാണ് ഏറ്റവും വലിയ അഴിമതി നടന്നത്. കമ്പനികള്‍ ക്വാട്ട് ചെയ്യുന്ന വില കോര്‍പ്പറേഷന്‍ സ്വീകരിക്കുന്ന തരത്തില്‍ ഫ്രീ പ്രൈസിംഗ് നടപ്പാക്കണമെന്ന മദ്യകമ്പനികളുടെ ആവശ്യമടക്കം അംഗീകരിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് അഴിമതി നടത്തിയത്. മദ്യരാജാവ് വിജയ്മല്യ ഇടനിലക്കാരനായി നിന്ന് മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും വേണ്ടി ദുബൈയില്‍ വെച്ച് നൂറ് കോടി രൂപയാണ് കൈമാറിയത്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറാണ് ഇതിന് നേതൃത്വം നല്‍കിയത്. ബാക്കി തുക കേരളത്തില്‍ വെച്ചാണ് കൈമാറിയത്.
മദ്യലഭ്യത കുറക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാര്‍ രണ്ട് വര്‍ഷത്തിനകം 54 പുതിയ ബാറുകള്‍ അനുവദിച്ചു. അടുത്ത വര്‍ഷം മുതല്‍ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രസ്താവിച്ച് ആവശ്യമുള്ളവര്‍ വേഗം കൊള്ളുകയെന്ന സന്ദേശം പരത്തി അഴിമതിക്ക് കളമൊരുക്കുകയായിരുന്നു. ബാര്‍ ഒന്നിന് 25 ലക്ഷം രൂപയാണ് വാങ്ങിയത്. ഇതിലൂടെ 13.5 കോടി രൂപയുടെ അഴിമതി നടത്തി.
പിന്നീട്, നിലവിലുള്ള ബാറുകളുടെ ലൈസന്‍സ് പുന:പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവന നടത്തി. നിലവിലുള്ള ബാറുകളെ ഭയപ്പെടുത്താനായിരുന്നു ഇത്. പരിശോധിക്കാനുള്ള ഉന്നതതല സമിതിയോ ടേംസ് ഓഫ് റഫറന്‍സോ ഇതുവരെ ഉണ്ടായിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാനുള്ള ഫണ്ട് പിരിവാണ് ബാറുകളില്‍ നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് എ വിഭാഗം ചുമതല ബെന്നി ബഹ്‌നാനാണ്. ഒരു ബാറില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വെച്ച് മൂന്നരകോടി രൂപ പിരിച്ചെടുക്കുകയാണ് ലക്ഷ്യം. ഇതിനാണ് മുഖ്യമന്ത്രി നേരത്തെ പ്രസ്താവന ഇറക്കിയത്.
സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയും കോടതിയില്‍ പോകാന്‍ അപേക്ഷകര്‍ക്ക് അനുമതി നല്‍കുകയും ഗവണ്‍മെന്റ്പ്ലീഡറും മന്ത്രിയും അപേക്ഷകനും ഒത്തുകളിച്ച് തോറ്റുകൊടുക്കുകയാണ്. പരിശോധിക്കുകയെന്ന കോടതിയുടെ കമന്റ് ലൈസന്‍സ് കൊടുക്കാനുള്ള ഉത്തരവായി വ്യാഖ്യാനിച്ചാണ് മന്ത്രി അഴിമതി നടത്തുന്നത്.
മദ്യകുപ്പികളില്‍ ഹോളോഗ്രാം പതിക്കുന്നതില്‍ നിന്ന് പൊതുമേഖലാ സ്ഥാപനമായ സി-ഡിറ്റിനെ ഒഴിവാക്കി കര്‍ണാടകയിലെ സ്വകാര്യ കമ്പനിക്ക് നല്‍കാന്‍ മന്ത്രി ഗൂഢാലോചന നടത്തുകയാണ്. കോര്‍പ്പറേഷന് 40 കോടി രൂപ നഷ്ടം വരുത്തുന്ന ഇടപാടാണിത്. സി-ഡിറ്റ് ഹോളോഗ്രാം പതിക്കുമ്പോള്‍ 13.75 പൈസയാണ് ചെലവ്.
ഇത് 23 പൈസക്ക് സി-ഡിറ്റില്‍ നിന്ന് പുറത്താക്കപ്പെട്ട ആളുമായി ബന്ധപ്പെട്ട സ്ഥാപനത്തിന് നല്‍കാന്‍ ടെന്‍ഡര്‍ വ്യവസ്ഥകളില്‍ പോലും മാറ്റം വരുത്തി. ഒരു മാസം ആറ് കോടിയിലധികം ലേബലാണ് ആവശ്യമുള്ളത്. 82.5 ലക്ഷം രൂപയാണ് നിലവിലുണ്ടായിരുന്ന ചെലവ്. പുതുക്കി നിശ്ചയിച്ചതോടെ 1.38 കോടി രൂപയായി. ഒരു വര്‍ഷം 6.6 കോടി രൂപയാണ് അധികചെലവ് വരുന്നതെന്നും പാലിശ്ശേരി ആരോപിച്ചു.

ഞ്ഞു.