ശ്രീലങ്ക: പ്രധാനമന്ത്രിക്ക് ജയലളിതയുടെ കത്ത്

Posted on: March 18, 2013 1:18 pm | Last updated: March 18, 2013 at 6:18 pm
SHARE

jayalalithaന്യൂഡല്‍ഹി: ഡി എം കെ നേതാവ് കരുണാനിധിക്ക് പിന്നാലെ ശ്രീലങ്കക്കെതിരായി ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലില്‍ യു എസ് കൊണ്ടുവരുന്ന പ്രമേയത്തെ പിന്തുണക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് ജയളിത പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കത്തയച്ചു. ശക്തവും ധൈര്യവുമുള്ള നിലപാട് കേന്ദ്രം സ്വീകരിക്കണമെന്ന് ജയലളിത കത്തില്‍ ആവശ്യപ്പെട്ടു. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് ഡി എം കെ നേതാവ് കരുണാനിധി രംഗത്തെത്തിയിരുന്നു. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധകാലത്തെ യുദ്ധക്കുറ്റങ്ങളെ കുറിച്ച് സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണം വേണമെന്നാണ് കരുണാനിധിയുടെ ആവശ്യം. ഡി എം കെയുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ യു പി എ വിടുമെന്നും കരുണാനിധി ഭീഷണി മുഴക്കിയിരുന്നു.അതേ സമയം ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്കെതിരെ നടക്കുന്ന വംശഹത്യക്കെതിരെ തമിഴ്‌നാട്ടിലെ  കോളജ് വിദ്യാര്‍ത്ഥികള്‍ രാജ് ഭവനിലേക്ക് മാര്‍ച്ച് നടത്തി. വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എന്തു തന്നെ സംഭവിച്ചാലും ശ്രീലങ്കക്കെതിരെ പ്രതിഷേധം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ചെന്നൈയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈയിലും, ബാംഗ്ലൂരിലും വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം ആരംഭിച്ചു.