Connect with us

Ongoing News

ഇറ്റാലിയന്‍ സ്ഥാനപതിയില്‍ വിശ്വാസമില്ല: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: കടല്‍കൊല കേസിലെ പ്രതികളായ നാവികരെ തിരികെയെത്തിക്കാമെന്ന് ഉറപ്പ് നല്‍കി സുപ്രീം കോടതിയെ കബളിപ്പിച്ച ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല്‍ മസീനി ഇനിയൊരുത്തരവുണ്ടാകുന്നത് വരെ രാജ്യം വിടരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഉറപ്പ് ലംഘിച്ച സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷ ഇല്ലെന്നും കോടതി വ്യക്തമാക്കി. സ്ഥാനപതിയിലുള്ള വിശ്വാസം കോടതിക്ക് നഷ്ടപ്പെട്ടതായും ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ നേതൃത്വത്തിലുള്ള ബഞ്ച് വ്യക്തമാക്കി. സ്ഥാനപതി നേരിട്ട് കോടതിയില്‍ ഹാജരായിരുന്നില്ല.
കേസ് പരിഗണിച്ചപ്പോള്‍ ഇറ്റലിക്കും സ്ഥാനപതിക്കുമെതിരെ രൂക്ഷ വിമര്‍ശങ്ങളാണ് കോടതി ഉന്നയിച്ചത്. സ്ഥാനപതിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗിയുടെ വാദം കേള്‍ക്കേണ്ടെന്നും ഇടക്ക് കോടതി പറഞ്ഞു. ഇത്തരം അവഹേളനങ്ങള്‍ കോടതിക്ക് സഹിക്കാനാകില്ല. നയതന്ത്ര മര്യാദകള്‍ ലംഘിച്ച സ്ഥാനപതിക്ക് എങ്ങനെ നയതന്ത്ര പരിരക്ഷ അവകാശപ്പെടാനാകുമെന്നും കോടതി ചോദിച്ചു. ഇറ്റാലിയന്‍ സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷ ഇല്ലെന്നും കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. നാവികരെ തിരികെയെത്തിക്കാന്‍ ഇനിയും സമയമുണ്ടെന്ന് ഓര്‍മിപ്പിച്ച കോടതി, കേസ് സമയപരിധി അവസാനിച്ച ശേഷം ഏപ്രില്‍ രണ്ടിന് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി.
രണ്ടാം തവണയാണ് സുപ്രീം കോടതി സ്ഥാനപതിക്ക് സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തുന്നത്. നേരത്തെ ഇന്നലെ വരെ സ്ഥാനപതി രാജ്യം വിടരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷ ഇല്ലെന്ന് അറിയിച്ചതോടെ കോടതിക്ക് സ്ഥാനപതിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാനാകും. നാവികരെ തിരികെയെത്തിച്ചില്ലെങ്കില്‍ മാത്രമേ ഇത്തരം നടപടിയുണ്ടാകൂ. സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷയുണ്ടെന്നും ഇറ്റലിക്ക് വേണ്ടിയാണ് സ്ഥാനപതി ഉറപ്പ് നല്‍കിയതെന്നുമാണ് സ്ഥാനപതിയുടെ അഭിഭാഷകന്‍ വാദിച്ചത്. ഇത് കോടതി പൂര്‍ണമായും തള്ളി. സ്ഥാനപതിയുടെ വ്യക്തിപരമായ ഉറപ്പിലാണ് നാവികരെ പോകാന്‍ അനുവദിച്ചതെന്ന് കോടതി പറഞ്ഞു. കോടതിയെ ഇറ്റലി അപമാനിക്കുകയാണ് ചെയ്തതെന്നും ഇന്ത്യക്കും നയതന്ത്ര പരിരക്ഷ ഉണ്ടെന്നും മറ്റും ആ രാജ്യം ഓര്‍ക്കണമെന്നും കോടതി പറഞ്ഞു.
നാവികരെ 22 നകം തിരികെയെത്തിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് സ്ഥാനപതിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. എന്നാല്‍, ഈ ചോദ്യത്തിന് മറുപടി നല്‍കാന്‍ മുകുള്‍ റോഹ്ത്തഗിക്കായില്ല. നാവികരെ തിരികെ എത്തിക്കാനാകില്ലെന്ന നിലപാടാണ് ഇറ്റലി കോടതിയില്‍ സ്വീകരിച്ചത്. കോടതിക്ക് മുന്നില്‍ വന്നയാള്‍ പെറ്റീഷണര്‍ മാത്രമാണെന്നും അദ്ദേഹത്തിന് എന്തെങ്കിലും പരിരക്ഷ കോടതിക്ക് നല്‍കാനാകില്ലെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. കോടതിയുടെ ഉത്തരവ് അനുസരിക്കുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കിയാല്‍ മതിയെന്നും കൂടുതലൊന്നും കോടതിക്ക് അറിയേണ്ടെന്നുമാണ് സ്ഥാനപതിയുടെ അഭിഭാഷകനോട് കോടതി പറഞ്ഞത്. സമയപരിധി കഴിഞ്ഞാല്‍ നാവികരെ തിരിച്ചെത്തിക്കാത്തതെന്തെന്ന് വിശദീകരിച്ച് സത്യവാങ്മൂലം നല്‍കാന്‍ ഇറ്റലി തയ്യാറായില്ല.
അതേസമയം, ഇറ്റാലിയന്‍ സ്ഥാനപതിക്ക് യാതൊരുവിധ സഞ്ചാര സ്വാതന്ത്ര്യവും ഏര്‍പ്പെടുത്താന്‍ ഇന്ത്യക്ക് അധികാരമില്ലെന്ന് ഇറ്റലി അവകാശപ്പെട്ടു. സ്ഥാനപതിക്ക് സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്വം ഇന്ത്യക്കാണെന്ന് കാണിച്ച് മന്‍മോഹന്‍ സിംഗിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.