കടല്‍ക്കൊല; നാവികരെ ഇന്ത്യയില്‍ വിചാരണ ചെയ്യും: മുഖ്യമന്ത്രി

Posted on: March 18, 2013 11:03 am | Last updated: March 19, 2013 at 8:15 am
SHARE

174ja

തിരുവനന്തപുരം: കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികരെ ഇന്ത്യ വിടാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അവസരമൊരുക്കി എന്നാരോപിച്ച് നല്‍കിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. പി കെ ഗുരുദാസനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ എവിടെപ്പോയാലും അവരെ തിരിച്ചെത്തിക്കുമെന്നും നിയമത്തിന് മുന്നില്‍ വിചാരണക്ക് വിധേയമാക്കുമെന്നും അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

നയതന്ത്രപദവി ഒരു രാജ്യത്തെ വഞ്ചിക്കാനോ നിയമങ്ങളെ തള്ളിക്കളയാനോ ക്രിമിനലുകളെ രക്ഷപ്പെടുത്താനോ ഉള്ളതല്ല. രാജ്യങ്ങള്‍ തമ്മിലുള്ള ഉന്നത ബന്ധം കാത്തുസൂക്ഷിക്കാനുള്ളതാണ്. വാക്കുപാലിക്കാതെ രണ്ട് ക്രിമിനലുകളെ കടത്തിക്കൊണ്ടുപോകാനാണ് ഇറ്റലി ശ്രമിക്കുന്നതെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെയും പ്രധാനമന്ത്രിയുടെയും പൂര്‍ണ പിന്തുണ കേരളത്തിനുണ്ട്. ഇറ്റലിയില്‍പ്പോയി രക്ഷപ്പെടാമെന്ന് കരുതുന്നവര്‍ ദു:ഖിക്കേണ്ടിവരും. കടല്‍ക്കൊല കേസില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അതീവ ജാഗ്രതയോടെയാണ് പ്രവര്‍ത്തിച്ചത്. നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ ഇറ്റലി നടത്തിയ വാദഗതികളൊന്നും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
ഇതിനായി സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ശക്തമായ വാദഗതികളാണ് കേരളത്തിന്റെ അഭിഭാഷകര്‍ നിരത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന ഉപാധികളോടെ ഹൈക്കോടതി നാവികര്‍ക്ക് ജാമ്യം നല്‍കിയത്. ഇറ്റലിയിലെ പൊതുതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് പോസ്റ്റല്‍ സൗകര്യമൊരുക്കണമെന്ന വാദം, ജാമ്യം ലഭിച്ച സന്ദര്‍ഭത്തില്‍ ഇന്ത്യ സുപ്രീം കോടതിയില്‍ നിരത്തിയിരുന്നു.
എന്നാല്‍, ഇറ്റാലിയന്‍ അംബാസിഡര്‍ ഇതിനെതിരെ വാദഗതികള്‍ നിരത്തുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇറ്റലിക്കെതിരെ ശക്തമായ ഭാഷയില്‍ പ്രധാനമന്ത്രി ലോക്‌സഭയില്‍ നടത്തിയ പ്രസ്താവന രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതാണ്. കേന്ദ്ര സര്‍ക്കാറിന്റെ അറ്റോര്‍ണി ജനറല്‍ നല്‍കിയ ഹരജിയെത്തുടര്‍ന്നാണ് ഇറ്റാലിയന്‍ അംബാസഡര്‍ ഇന്ത്യ വിടരുതെന്ന് സുപ്രീം കോടതി കര്‍ശന നിര്‍ദേശം നല്‍കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
ഇന്ത്യയുടെ നിയമവാഴ്ചയെയും സ്വതന്ത്ര പരമാധികാരത്തെയും ചോദ്യം ചെയ്യുന്ന തരത്തിലാണ് ഇറ്റലിയുടെ നടപടിയെന്ന് പി കെ ഗുരുദാസന്‍ ആരോപിച്ചു. നാവികരെ വിട്ടയക്കാതെ ഓണ്‍ലൈനായി വോട്ടുചെയ്യാന്‍ സൗകര്യമുണ്ടാക്കണമെന്ന വാദം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കോടതിയില്‍ ഉന്നയിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി.