മണ്ണാര്‍ക്കാട് പഞ്ചായത്തിന്റെ ട്രാക്ടറുകള്‍ നശിക്കുന്നു

Posted on: March 18, 2013 10:49 am | Last updated: March 18, 2013 at 10:49 am
SHARE

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഗ്രാമപഞ്ചായത്തിന്റെ ട്രാക്ടറുകള്‍ നോക്കുകുത്തിയായി. ജനകീയാസുത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ ട്രാക്ടറുകളാണ് തുരുമ്പുപിടിച്ചു നശിക്കുന്നത്. 2004 – 05 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചു വാങ്ങിയ മഹീന്ദ്രയുടെ ട്രാക്ടറാണ് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ തുരുമ്പെടുത്തു നശിക്കുന്നത്.
നഗരത്തിലെ മാലിന്യം നീക്കുന്നതിന് വേണ്ടിയാണ് ഗ്രാമപഞ്ചായത്ത് രണ്ട് ട്രാക്ടറുകള്‍ വാങ്ങിയത്. ആശുപത്രിപ്പടി മുതല്‍ മണ്ണാര്‍ക്കാട് ടൗണ്‍വരെ ഒരു ട്രാക്ടറും ബസ് സ്റ്റാന്‍ഡ്, കോടതിപ്പടി പ്രദേശത്തേക്ക് ഒന്നും എന്ന ക്രമത്തിലാണ് മാലിന്യം നീക്കിയിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ നഗരത്തിലെ മാലിന്യനീക്കം കുടുംബശ്രീ യൂനിറ്റുകളെ ഏല്‍പ്പിച്ചതോടെ ട്രാക്ടറുകള്‍ ഉപയോഗിക്കാതായി. പിന്നീട് ട്രാക്ടറുകള്‍ ബസ് സ്റ്റാന്‍ഡിന് പിറകില്‍ ഉപേക്ഷിക്കുകയായിരുന്നു.
കര്‍ഷകഗ്രാമമായ മണ്ണാര്‍ക്കാട്ട് കൃഷി ആവശ്യത്തിനായി ട്രാക്ടറുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. ടയറുകള്‍ ദ്രവിച്ച് നശിക്കാറായ ട്രാക്ടറുകളെക്കുറിച്ച് ഭരണസമിതി അന്വേഷിക്കുന്നുപോലുമില്ല. ട്രാക്ടറിന്റെ പലഭാഗങ്ങളും മോഷ്ടാക്കള്‍ കൊണ്ടുപോയി. ജില്ലയിലെ ഏറ്റവും കൂടുതല്‍ നികുതിവരുമാനമുള്ള പഞ്ചായത്തുകളിലൊന്നാണ് മണ്ണാര്‍ക്കാട് . തുരുമ്പെടുത്ത ട്രാക്ടര്‍ നന്നാക്കിയെടുത്തു മണ്ണാര്‍ക്കാട്, തെങ്കര പഞ്ചായത്തുകളിലെ കൃഷി ആവശ്യത്തിന് നല്‍്കിയാല്‍ പഞ്ചായത്തിന് ലാഭം ഉണ്ടാക്കാനാകും. ചെലവുകുറഞ്ഞ രീതിയില്‍ ട്രാക്ടര്‍ ലഭ്യമാകുന്നതോടെ കര്‍ഷകര്‍ക്കും ഉപകാരപ്രദമാകും.