കയറ്റിറക്ക് തൊഴിലാളികളുടെ സേവനത്തില്‍ ഇവിടെ വായന മരിക്കുന്നില്ല

Posted on: March 18, 2013 10:33 am | Last updated: March 18, 2013 at 10:33 am
SHARE

kkd lcl story photo mar 17കോഴിക്കോട്: മലയാളിയുടെ പത്രം വായന പോലും മരിക്കുന്നുവെന്ന് വിലപിക്കുന്നവര്‍ക്കും ഇനി ഇ-വായനയുടെ കാലമാണെന്ന് പറയുന്നവര്‍ക്കും സ്വന്തം പ്രവര്‍ത്തനം കൊണ്ട് ചുട്ടമറുപടി കൊടുക്കുകയാണ് കോഴിക്കോട് മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡിലെ കയറ്റിറക്ക് തൊഴിലാളികള്‍. ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന ആര്‍ക്കും ആ ദിവസത്തെ എല്ലാ പത്രവും സൗജന്യമായി വായിക്കാനുള്ള സൗകര്യമൊരുക്കിയാണ് ഇവിടുത്തെ കയറ്റിറക്ക് തൊഴിലാളികള്‍ സമൂഹത്തിന് മാതൃകയാകുന്നത്. ഒരു ദിവസത്തെ ഏത് പത്രം വേണമെങ്കിലും എത്ര സമയമെടുത്തും ഇവിടെയിരുന്ന് വായിക്കാം. ആരാണ് പത്രമെടുത്തതെന്നോ എന്തിനാണെടുത്തതെന്നോ ഇവിടെ ആരും ചോദിക്കില്ല. ദിവസേന ഒട്ടേറെ യാത്രക്കാര്‍ ഇവിടെ നിന്ന് പത്രം വായിക്കുന്നുണ്ട്.
ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ഈ പദ്ധതി കോഴിക്കോടിന്റെ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിക്കുന്നതാണെന്ന് ഇവിടെയെത്തുന്ന ആരും സമ്മതിക്കും. പബ്ലിക് ലൈബ്രറികളിലും സ്വന്തമായി പത്രം പണം കൊടുത്തു വാങ്ങുന്നവനും മാത്രമല്ല പത്രം വായിക്കല്‍ നടക്കുക എന്നതാണ് ഇവിടെ കാണാന്‍ കഴിയുക. അതിരാവിലെ മുതല്‍ രാത്രി വൈകും വരെ ഈ വായനശാലയില്‍ തിരക്കോടു തിരക്ക് തന്നെയാണ്. എല്ലാവരും പരസ്പരധാരണയോടെ വായിക്കുന്നത് കൊണ്ട് കലഹങ്ങള്‍ ഇവിടെ ഉണ്ടാകാറില്ല. ഇവിടെ വന്നുപോകുന്ന യാത്രക്കാര്‍ മാത്രമല്ല സ്ഥിരം വായനക്കാരുമുണ്ട്. എല്ലാവരും വായിക്കുമെങ്കിലും പത്രം കീറിക്കളയുകയോ എടുത്തുകൊണ്ടുപോവുകയോ ഒന്നും ചെയ്യാറില്ലെന്നതാണ് ഇവിടെ കാണുന്ന വസ്തുത. വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച ഈ പതിവ് ഇന്നുവരെ ആരും തെറ്റിച്ചിട്ടില്ല.
പലരും വീട്ടില്‍ പത്രം വരുത്തുന്നുണ്ടെങ്കിലും മിനി വായനശാലയിലെത്തിയിട്ട് വായിക്കാമെന്ന് കരുതി വരുന്നവരുമുണ്ട്. വര്‍ഷങ്ങളായി ഇവിടുന്നു പത്രം വായിക്കുന്ന പലരും മിനിവായനശാലയില്‍ വെച്ച് സൗഹൃദം പുതുക്കുന്നതും ഇവിടുത്തെ സ്ഥിരം കാഴ്ചകളിലൊന്നാണ്. വായനശാല എന്നു കേട്ടിട്ട് ഇരുന്നു വിശാലമായി പത്രം വായിക്കാമെന്ന് ആരും തെറ്റിദ്ധരിക്കരുത്. ബസ്കയറാന്‍ വരുന്ന യാത്രക്കാരെയും സ്റ്റാന്‍ഡിലെ ബസുകളുമെല്ലാം കണ്ടുകൊണ്ടുള്ള ഒരു തുറന്ന വായനാ സൗകര്യമാണ് ഇവിടെ വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഈ വായനശാലയില്‍ നിന്ന് പത്രം വായിക്കാത്ത ദിനം ആലോചിക്കാന്‍ പോലും വയ്യാത്ത വായനക്കാരും ഇവിടെയുണ്ട്.
കയറ്റിറക്ക് തൊഴിലാളികള്‍ ഓരോ ദിവസവും ഇതിനായി മിച്ചം വെക്കുന്ന തുക കൊണ്ടാണ് ജനങ്ങള്‍ക്ക് ഈ സൗകര്യം ലഭ്യമാകുന്നത്. ഇവിടെ വന്ന് പത്രം വായിച്ച് മടങ്ങുന്നവരുടെ മുഖത്തെ സന്തോഷം കാണുമ്പോള്‍ മനസ്സ് നിറയുമെന്ന് തൊഴിലാളികള്‍ പറയുന്നു.