Connect with us

Kozhikode

പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂനിറ്റ് കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങി

Published

|

Last Updated

കോഴിക്കോട്: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്ലിംഗ് ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ യൂനിറ്റ് കോഴിക്കോട് കോര്‍പറേഷന് കീഴില്‍ പ്രവര്‍ത്തനം തുടങ്ങി. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലാണ് ഇതിന്റെ പ്രവര്‍ത്തനം..വെസ്റ്റിഹില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് യൂനിറ്റ് ആരിംഭിച്ചത്.
സംസ്ഥാനത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് മാലിന്യ സംസ്‌കരണത്തിനു തടസ്സമാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍.ഈ യൂനിറ്റ് പ്രവര്‍ത്തനക്ഷമമായതോടെ കോഴിക്കോട്ടെ പ്ലാസ്റ്റിക് മാലിന്യ പ്രശ്‌നത്തിന് പരിഹാരമാകും. കോര്‍പറേഷന്റെ ജനകീയാസൂത്രണ പദ്ധതിയിന്‍ കീഴിലാണ് റീസൈക്ലിംഗ് യൂനിറ്റിന്റെ പ്രവര്‍ത്തനം നടക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യപ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പാണ് റീസൈക്ലിംഗ് യൂനിറ്റ് സ്ഥാപിക്കാന്‍ നഗരസഭ തീരുമാനമെടുത്തത്. 40 സെന്റ് സ്ഥലത്ത് നിര്‍മിച്ച യൂനിറ്റില്‍ മാലിന്യങ്ങള്‍ കഴുകി ഉണക്കിപ്പൊടിച്ച് സംസ്‌കരിക്കുന്ന ആധുനിക സജ്ജീകരണമാണ് നടക്കുന്നത്.കുടുംബശ്രീ വഴിയാണ് മുഖ്യമായും പ്ലാസ്റ്റിക് ശേഖരിക്കുന്നത്. വിവിധ ഏജന്‍സികള്‍ വഴിയും പ്ലാസ്റ്റിക് ശേഖരിക്കുന്നുണ്ട്. വീടുകളില്‍ നിന്ന് നേരിട്ട് മാലിന്യം എത്തിച്ചാലും എടുക്കുമെന്ന് നടത്തിപ്പുകാര്‍ പറഞ്ഞു. നല്ല പ്ലാസ്റ്റിക്കിന് (കോട്ടിംഗ് ഉള്ളവ റീസൈക്ലിംഗ് ചെയ്യാന്‍ കഴിയില്ല) കിലോക്ക് നാല് രൂപ നിരക്കിലാണ് വില നല്‍കുന്നത്.
മാലിന്യ സംസ്‌കരണത്തോടൊപ്പം ചെറുകിട വ്യവസായ പ്രോത്സാഹനം കൂടി ലക്ഷ്യമാക്കി 2010-11 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് യൂനിറ്റ് തയ്യാറാക്കിയത്. വെസ്റ്റ്ഹില്‍ വ്യവസായ എസ്റ്റേറ്റില്‍ ഇതിനായി 28 ലക്ഷം രൂപ ചെലവഴിച്ച് 280 ചതുരശ്ര അടിയുള്ള കെട്ടിടം നിര്‍മിച്ചു. പ്ലാന്റില്‍ ആവശ്യമായ യന്ത്രസാമഗ്രികള്‍ക്കും വൈദ്യുതീകരണത്തിനുമായി 34 ലക്ഷം രൂപയാണ് ചെലവ്. ടെന്‍ഡര്‍ ക്ഷണിച്ച് കരാര്‍ അടിസ്ഥാനത്തിലാണ് പ്ലാന്റിന്റെ നടത്തിപ്പ്. പ്ലാന്റിന്റെ നടത്തിപ്പ് അമീര്‍ എന്ന കരാറുകാരനാണ് ഏറ്റെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. ഒരു വര്‍ഷത്തേക്ക് 3,21,426 രൂപയാണ് ലൈസന്‍സ് ഫീസ്.പ്ലാന്റില്‍ ഒരു ദിവസം ശരാശരി 800 കിലോഗ്രാമിനും 1000 കിലോഗ്രാമിനും ഇടയില്‍ പ്ലാസ്റ്റിക് സംസ്‌കരിക്കാനാകും. എന്നാല്‍ ഇപ്പോള്‍ ലഭ്യമാകുന്ന മാലിന്യത്തിന്റെ അളവ് കുറവായതിനാല്‍ റീസൈക്ലിംഗ് കുറവാണ്.
നഗരസഭയുടെ ഖരമാലിന്യസംസ്‌കരണ പദ്ധതിയുടെ ഭാഗമായി ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 62 ലക്ഷം രൂപ ചെലവഴിച്ചാണ് പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂനിറ്റ് നിര്‍മിച്ചത്.യൂനിറ്റിന്റെ ഉദ്ഘാടനം കഴിഞ്ഞ ഒമ്പതാം തീയതി മന്ത്രി മഞ്ഞളാം കുഴി അലി നിര്‍വഹിച്ചു. പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയതോടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു തുടങ്ങാം. ഒപ്പം പ്ലാസ്റ്റിക് മാലിന്യം എടുക്കില്ലെന്ന പരാതിയില്‍ നിന്ന് മോചനവും.