Connect with us

Editors Pick

തട്ടേക്കാട്, തേക്കടി... അധികൃതരിപ്പോഴും നിദ്രയിലാണ്

Published

|

Last Updated

chn-story photoകൊച്ചി: തട്ടേക്കാടും തേക്കടിയും ആവര്‍ത്തിക്കുമ്പോഴും വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെ കുതിക്കുകയാണ് കായലുകളിലൂടെ വിനോദയാത്രാ ബോട്ടുകള്‍. തട്ടേക്കാട് ബോട്ടപകടമുണ്ടായ സമയത്ത് എല്ലാ ബോട്ടുകളിലും ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ വേണമെന്ന നിയമം നടപ്പാക്കിയിരുന്നു. ബോട്ടുകളില്‍ ഉണ്ടായാല്‍ മാത്രം പോര; അത് സഞ്ചാരികള്‍ ധരിക്കണമെന്നും നിയമമുണ്ടായി. എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇപ്പോള്‍ വിനോദയാത്രാ ബോട്ടുകളില്‍ ആളുകളെ കയറ്റി യാത്ര ചെയ്യുന്നത്. കെ ടി ഡി സിയുടെ സഹകരണത്തോടെ യാത്ര ചെയ്യുന്ന കിംകോയുടെ ബോട്ടുകളില്‍ മാത്രമാണ് ഇപ്പോള്‍ ലൈഫ് ജാക്കറ്റുകള്‍ ഉള്ളത.് ഇതുതന്നെ യാത്രക്കാര്‍ ഉപയോഗിക്കാറില്ല. ഉപയോഗിക്കാന്‍ ആരും നിര്‍ബന്ധിക്കാറുമില്ല.
ഒരു മണിക്കൂര്‍ ബോട്ടുയാത്രക്ക് 50 മുതല്‍ 200 വരെ രൂപ യാണ് ഒരു സഞ്ചാരിയില്‍ നിന്നും ബോട്ടുകാര്‍ വാങ്ങുന്നത്. എന്നാല്‍ ഇതിനനുസരിച്ച സുരക്ഷ നടപ്പാക്കാന്‍ ബോട്ടുടമകള്‍ തയ്യാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട അധികൃതരോട് അന്വേഷിച്ചപ്പോള്‍ ബോട്ടുകളില്‍ ഇടക്ക് പരിശോധന നടത്താറുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാറുണ്ടെന്നുമാണ് പറഞ്ഞത്. എന്നാല്‍ ഈ മറുപടി തെറ്റാണെന്ന് തെളിയിക്കുകയാണ് കൊച്ചി മറൈന്‍ ഡ്രൈവിലുള്ള സ്വകാര്യ ബോട്ടുകള്‍. മറൈന്‍ ്രൈഡവില്‍ യാത്രക്കാരെ കയറ്റിയോടുന്ന ബോട്ടുകളില്‍ പലതിലും സുരക്ഷാ ക്രമീകരണങ്ങളില്ല. ചിലതില്‍ ലൈഫ് ജാക്കറ്റുകള്‍ ഉണ്ടെങ്കിലും കാലപ്പഴക്കം ചെന്ന് നശിച്ചവയാണ് അവയില്‍ പലതും.
അഴുക്ക് പിടിച്ച ജാക്കറ്റുകള്‍ സഞ്ചാരികള്‍ ധരിക്കാന്‍ മടിക്കുന്നതായാണ് അധികൃതര്‍ പറഞ്ഞത്. ലൈഫ് ജാക്കറ്റുള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്ത ബോട്ടുകളുടെ ലൈസന്‍സ് വരെ റദ്ദാക്കാന്‍ അധികൃതര്‍ക്ക് അവകാശമുണ്ടെങ്കിലും സുരക്ഷാ പരിശോധന ശക്തമാക്കാത്തതിനാല്‍ പ്രൈവറ്റ് ബോട്ടുകള്‍ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാതെ യാത്ര നടത്തുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. മാസങ്ങള്‍ക്കു മുമ്പ് വേണ്ടത്ര സുരക്ഷ ഇല്ലാത്തതിന്റെ പേരില്‍ 64 ബോട്ടുകളെ കൊച്ചിയില്‍ നിന്ന് അധികൃതര്‍ പിടിച്ചിരുന്നു. അതിനുശേഷം ആ ബോട്ടുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയോ എന്നറിയാന്‍ അധികൃതര്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. ബോട്ടില്‍ യാത്ര ചെയ്യുന്ന യാത്രക്കാരും ബോട്ടുകളിലെ സുരക്ഷയെ കുറിച്ച് ആശങ്കാകുലരാകാറില്ല. യാത്രക്കാരില്‍ പലരും ബോട്ടുകളില്‍ നിന്നുകൊണ്ട് യാത്ര ചെയ്യുന്നതും കൊച്ചി കായലില്‍ പതിവാണ്.
ഇനിയൊരു അപകടം കൂടി ഉണ്ടാകുമ്പോള്‍ കണ്ണ് തുറക്കുകയും അതിന്റെ ആഘാതത്തില്‍ നിന്നും മുക്തമാകുമ്പോള്‍ കണ്ണടക്കുകയും ചെയ്യുന്ന മലയാളിയുടെ മനോഭാവത്തിന് മാറ്റം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇനി വരാനിരിക്കുന്നത് രണ്ട് മാസത്തെ വേനലവധിയാണ.് കുടുംബസമേതം വിനോദയാത്ര നടത്തുന്ന ഈ സമയത്തെങ്കിലും വിനോദയാത്രാ ബോട്ടുകളിലെ സുരക്ഷാ പരിശോധന അധികൃതര്‍ ശക്തമാക്കിയില്ലെങ്കില്‍ മറ്റൊരു തട്ടേക്കാടിനു കൂടി സാക്ഷികളാകേണ്ടിവരും നമ്മള്‍.

---- facebook comment plugin here -----

Latest