Connect with us

Ongoing News

ചരിത്രമെഴുതി പാക് സര്‍ക്കാര്‍ പടിയിറങ്ങി

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക് ജനാധിപത്യത്തില്‍ പുതുചരിത്രമെഴുതിയതിന്റെ ആവേശത്തിലാണ് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഇതാദ്യമായി അഞ്ച് വര്‍ഷക്കാലാവധി പൂര്‍ത്തിയാക്കിയിരിക്കുന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയത്. ആറ് പതിറ്റാണ്ടിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും സിവിലിയന്‍ സര്‍ക്കാറുകള്‍ സ്വാഭാവികമായ അന്ത്യത്തിലെത്തിച്ചേര്‍ന്നില്ലെന്നത് പാക്കിസ്ഥാന്‍ രാഷ്ട്രീയ സംവിധാനത്തിന്റെ ബലഹീനതയുടെയും ജനാധിപത്യ മൂല്യങ്ങളുടെ വളര്‍ച്ചക്കുറവിന്റെയും ലക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്. ഭൂട്ടോ കുടുംബത്തിന്റെ പാരമ്പര്യത്തില്‍ അധികാരത്തിലെത്തിയ പ്രസിഡന്റ് ആസിഫലി സര്‍ദാരിയുടെ നയതന്ത്രജ്ഞതയുടെ വിജയമായി ചരിത്ര നേട്ടത്തെ ചിലര്‍ വിലയിരുത്തുമ്പോള്‍ പാക് ജനതയും രാഷ്ട്രീയക്രമവും വലിയ തോതില്‍ മാറുന്നതിന്റെ തെളിവാണിതെന്ന് മറ്റു ചിലര്‍ വ്യാഖ്യാനിക്കുന്നു.
പട്ടാള അട്ടിമറികള്‍, രാഷ്ട്രീയ സഖ്യങ്ങളുടെ തകര്‍ച്ച, രാഷ്ട്രത്തലവന്‍മാര്‍ തന്നെ കൊല്ലപ്പെടല്‍, ഭരണം പിടിച്ചെടുക്കല്‍, അക്രമാസക്ത പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ അധികാരം വിട്ടൊഴിയല്‍… പാക്കിസ്ഥാനിലെ സിവിലിയന്‍ സര്‍ക്കാറുകളുടെ അകാല മരണങ്ങള്‍ക്ക് കാരണങ്ങള്‍ നിരവധിയാണ്. ആദ്യ പ്രധാനമന്ത്രിയായി ലിയാഖത്ത് അലി ഖാന്‍ ചുമതലയേറ്റ ശേഷം 22 പ്രധാനമന്ത്രിമാരാണ് കടന്നുപോയത്. 1951ല്‍ ലിയാഖത്ത് കൊല്ലപ്പെടുകയായിരുന്നു. 1951 മുതല്‍ 1958 വരെ മാത്രം ആറ് പ്രധാനമന്ത്രിമാരാണ് വന്നത്. ഒരു സര്‍ക്കാറിനെ താഴെയിറക്കണോ അതിന് തുടര്‍ച്ച വേണോയെന്ന് തീരുമാനിക്കാനുള്ള അധികാരം ഇതാദ്യമായി പാക് ജനതക്ക് കൈവരികയാണ്.
നവാസ് ശരീഫിനും മുശര്‍റഫിനുമിടയില്‍ ഭരണം കറങ്ങുകയും തകരുകയും ചെയ്ത ചരിത്രത്തിലെ ഏറ്റവും അസ്ഥിരമായ ഘട്ടത്തിലാണ് പി പി പി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രവാസം മതിയാക്കിയെത്തിയ ബേനസീര്‍ ഭൂട്ടോ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ കണ്ണീരിലും ചോരയിലും നീന്തിയാണ് യൂസുഫ് റാസാ ഗീലാനി പ്രധാനമന്ത്രിയും ആസിഫലി സര്‍ദാരി പ്രസിഡന്റുമായ സര്‍ക്കാര്‍ അധികാരത്തിലേറിയത്.
ഉസാമ ബിന്‍ലാദന്റെ വധമടക്കമുള്ള അതിസങ്കീര്‍ണമായ സാഹചര്യങ്ങളിലൂടെ രാജ്യം ഈ ഘട്ടത്തില്‍ കടന്നുപോയി. സൈന്യവും ഐ എസ് ഐയും സര്‍ക്കാറും പലതട്ടുകളിലായി. സുപ്രീം കോടതിയുടെ ഇടപെടല്‍ കൂടിയായപ്പോള്‍ സര്‍ക്കാര്‍ നിലം പൊത്തുമെന്ന് തന്നെ ഉറപ്പിക്കാവുന്ന ഘട്ടമെത്തി. സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ പുനരാരംഭിക്കാത്തതിന് കോടതിയലക്ഷ്യത്തിനിരയായ യൂസുഫ് റാസാ ഗീലാനിക്ക് രാജിവെക്കേണ്ടി വന്നു. ഒടുവില്‍ സ്ഥാനമേറ്റ രാജാ പര്‍വേസ് അശ്‌റഫിനെതിരെയും കോടതി വാളോങ്ങിയിരുന്നു.
asif-ali-zardari630കാലാവധി പൂര്‍ത്തിയാക്കിയത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് രാജാ പര്‍വേസ് അശ്‌റഫ് പറഞ്ഞു. ഭാവിയില്‍ ആര്‍ക്കും ജനാധിപത്യത്തെ പരുക്കേല്‍പ്പിക്കാനാകില്ലെന്ന സന്ദേശമാണ് അത് നല്‍കുന്നത്. ജനാധിപത്യശക്തികളും ജനാധിപത്യവിരുദ്ധരും തമ്മിലുള്ള രൂക്ഷമായ പോരാട്ടത്തിന്റെ ചരിത്രമാണ് പാക്കിസ്ഥാനുള്ളത്. ഒടുവില്‍ ജനാധിപത്യം വിജയിക്കുന്നുവെന്നതാണ് രാജ്യത്തിന്റെ അനുഭവം- ടെലിവിഷനിലൂടെ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
പാലും തേനുമൊഴുക്കാന്‍ പി പി പി സര്‍ക്കാറിന് സാധിച്ചില്ലായിരിക്കാം. എന്നാല്‍, പ്രശ്‌നങ്ങള്‍ തരണം ചെയ്യാന്‍ പരമാവധി ശ്രമിച്ചു.
കുറേയൊക്കെ വിജയിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. തീവ്രവാദ ഗ്രൂപ്പുകളോടും അമേരിക്കയുടെ കടന്നുകയറ്റത്തോടും ഒരേ പോലെ മൃദു സമീപനം കൈക്കൊണ്ടുവെന്നതാണ് പി പി പി സര്‍ക്കാറിനെതിരെ ഉന്നയിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വിമര്‍ശം. അഴിമതിയും കുംഭകോണങ്ങളും വ്യാപകമാകുകയും ചെയ്തു.
പുതിയ സര്‍ക്കാറിനെ തിരഞ്ഞെടുക്കാനുള്ള പൊതു തിരഞ്ഞെടുപ്പ് മെയില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇടക്കാല കാവല്‍ സര്‍ക്കാറിന്റെ കീഴില്‍ തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് ചട്ടം. ഭരണ പ്രതിപക്ഷ ധാരണയിലാണ് കാവല്‍ മന്ത്രിസഭ രൂപവത്കരിക്കുക. ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കകം സമവായത്തിലെത്തുമെന്നാണ് സൂചന.
മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗും മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുമായിരിക്കും പി പി പിക്ക് വെല്ലുവിളിയുയര്‍ത്തുക.