എസ് എം എ മേഖലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം

Posted on: March 18, 2013 9:21 am | Last updated: March 18, 2013 at 9:21 am
SHARE

മലപ്പുറം: മഹല്ല് ഉണരുന്നു എന്ന പ്രമേയവുമായി സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ നടത്തുന്ന മേഖലാ സമ്മേളനങ്ങള്‍ക്ക് ജില്ലയില്‍ ഇന്ന് തുടക്കമാകും.
മഹല്ലുകളിലും സ്ഥാപനങ്ങളിലും ശക്തമായ ഇടപെടലാണ് സമ്മേളനം ലക്ഷ്യമാക്കുന്നത്. മാതൃകാ മഹല്ലുകളും മദ്‌റസകളും സൃഷ്ടിക്കുക, നിരന്തരമായ പരിശീലനത്തിലൂടെ യോഗ്യരായ മഹല്ല് നേതൃത്വത്തെ പുനഃസ്ഥാപിക്കുക, സമഗ്രമായ മഹല്ല് സര്‍വേ നടത്തി പ്രശ്‌നങ്ങള്‍ പഠിക്കുക, മഹല്ല് നിവാസികളുടെ മുഴുവന്‍ പ്രശ്‌നങ്ങളിലും ഇടപെടുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുക, വിദ്യാഭ്യാസം, തൊഴില്‍, വിവാഹം, ഭവന നിര്‍മാണം, രോഗം, അപകടം തുടങ്ങിയ വിഷയങ്ങളില്‍ ഗൈഡന്‍സും സ്ഥിരം റിലീഫ് സംവിധാനവും ഒരുക്കുക, ധാര്‍മിക പ്രഭാഷണങ്ങള്‍, വനിതാ-വയോജന മോറല്‍ ക്ലാസുകള്‍, പ്രീമാരിറ്റല്‍ എജ്യുക്കേഷന്‍, വായന സംസ്‌കാരം തിരിച്ച് പിടിക്കാന്‍ ലൈബ്രറികള്‍ സ്ഥാപിക്കുക, മഹല്ല്തല സാമൂഹിക കൂട്ടായ്മകള്‍ ശക്തിപ്പെടുത്തുക, പള്ളി ഖത്വീബിന്റെ നേതൃത്വത്തില്‍ തിന്‍മകള്‍ക്കെതിരെ ജാഗ്രതാ സ്‌ക്വാഡുകള്‍ രൂപവത്കരിക്കുക, മഹല്ലിലെ എസ് വൈ എസ്, എസ് എസ് എഫ് സംഘടനാ സംവിധാനത്തെ ഊര്‍ജിതപ്പെടുത്തുക തുടങ്ങിയ ബൃഹത്തായ പദ്ധതികളാണ് ഇതിന്റെ ഭാഗമായി നടപ്പിലാക്കുക.
ഇന്ന് മുതല്‍ 22 വരെ ജില്ലയിലെ 15 മേഖലകളിലാണ് സമ്മേളനങ്ങള്‍ നടക്കുക. ഇന്ന് രാവിലെ 10 മണിക്ക് എടക്കര അല്‍ അസ്ഹറില്‍ നിലമ്പൂര്‍ മേഖലാ സമ്മേളനം സയ്യിദ് യൂസുഫുല്‍ ജീലാനി ഉദ്ഘാടനം ചെയ്യും. എസ് എം എ സംസ്ഥാന സെക്രട്ടറി പി എം എസ് എ തങ്ങള്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, ബാദുശാ സഖാഫി, എം എന്‍ സിദ്ദീഖ് ഹാജി, അബ്ദു ഹാജി വേങ്ങര സംബന്ധിക്കും. ഇന്ന് ഉച്ചക്ക് 12 മണിക്ക് പൂക്കോട്ടുംപാടം, രണ്ടിന് അരീക്കോട്, മൂന്ന് മണിക്ക് മഞ്ചേരി എന്നീ മേഖലകളുടെ സമ്മേളനങ്ങള്‍ നടക്കും.