റയലിന്റെ വിജയക്കുതിപ്പ്‌

Posted on: March 18, 2013 8:54 am | Last updated: March 18, 2013 at 8:55 am
SHARE

article-2294526-18B8B4C2000005DC-952_634x480മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ റയല്‍ മാഡ്രിഡിന് കരുത്തന്‍ വിജയം. മല്ലോര്‍ക്കയെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് മുക്കിയാണ് അവര്‍ വിജയം ആഘോഷിച്ചത്. അര്‍ജന്റീന താരം ഗോണ്‍സാലോ ഹിഗ്വെയ്ന്‍ ഇരട്ട ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ മറ്റ് ഗോളുകള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലൂക്ക മോഡ്രിച്ച്, കരിം ബെന്‍സിമ എന്നിവര്‍ പങ്കിട്ടു. എമിലിയോ ലോപസ്, അല്‍ഫരോ എന്നിവര്‍ മല്ലോര്‍ക്കയുടെ ആശ്വാസ ഗോളുകള്‍ കണ്ടെത്തി.
കളി തുടങ്ങി ആറാം മിനുട്ടില്‍ ഗോള്‍ നേടി എതിരാളികള്‍ റയലിനെ ഞെട്ടിച്ചു. എന്നാല്‍ 15ാം മിനുട്ടില്‍ ഹിഗ്വെയ്ന്‍ അവര്‍ക്ക് സമനില സമ്മാനിച്ചു. മോഡ്രിച്ച് കൈമാറിയ പാസില്‍ നിന്നാണ് ഈ ഗോള്‍ പിറന്നത്. ആറ് മിനുട്ടിന് ശേഷം റയലിനെ മല്ലോര്‍ക്ക വീണ്ടും ഞെട്ടിച്ചു. ആദ്യ പകുതി തീരുമ്പോള്‍ റയല്‍ 2-1ന് പിന്നില്‍.
രണ്ടാം പകുതിയില്‍ കഥ മാറി. റയല്‍ തനിനിറം കാട്ടാന്‍ തുടങ്ങിയതോടെ മല്ലോര്‍ക്ക ചിത്രത്തില്‍ നിന്ന് മാഞ്ഞു. തുടര്‍ ഗോളുകളിലൂടെ അഞ്ച് മിനുട്ട് കൊണ്ട് അവര്‍ എതിരാളിയില്‍ നിന്ന് മത്സരം തട്ടിയെടുത്തു. 52ാം മിനുട്ടില്‍ ലഭിച്ച കോര്‍ണറില്‍ നിന്ന് റയലിന്റെ സമനില വന്നു. മെസുറ്റ ഓസിലിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് ക്രിസ്റ്റ്യാനോ ടീമിനെ ഒപ്പമെത്തിച്ചു. രണ്ട് മിനുട്ട് കഴിഞ്ഞപ്പോള്‍ ലൂക്കാ മോഡ്രിച്ചിലൂടെ റയല്‍ ലീഡുയര്‍ത്തി. ക്രൊയേഷ്യന്‍ താരത്തിന്റെ നെടുനീളനടി നേരെ വലയിലേക്ക്. 57ല്‍ തന്റെ രണ്ടാം ഗോളിലൂടെ ഹിഗ്വെയ്ന്‍ വീണ്ടും. ഓസില്‍ മറിച്ചു നല്‍കിയ പന്തില്‍ നിന്നായിരുന്നു ഈ ഗോളിന്റെ പിറവി. കളിയവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രമുള്ളപ്പോള്‍ കരിം ബെന്‍സിമയിലൂടെ റയല്‍ പട്ടിക പൂര്‍ത്തിയാക്കി. ഹിഗ്വെയ്ന്‍, ഓസില്‍, റൊണാള്‍ഡോ എന്നിവരുടെ മുന്നേറ്റമാണ് ഫ്രഞ്ച് താരത്തിലൂടെ ഗോളായി പരിണമിച്ചത്. ജയത്തോടെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന റയലിന് 61 പോയിന്റായി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആഴ്‌സണല്‍ ടീമുകള്‍ വിജയിച്ചപ്പോള്‍ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റി, കരുത്തരായ ലിവര്‍പൂള്‍ ടീമുകള്‍ക്ക് തോല്‍വി പിണഞ്ഞു.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മറുപടിയില്ലാത്ത ഒറ്റ ഗോളിന് റീഡിംഗ് റോയല്‍സിനെ കീഴടക്കി. 21ാം മിനുട്ടില്‍ സൂപ്പര്‍ താരം വെയ്ന്‍ റൂണിയാണ് വിജയികള്‍ക്കായി വല ചലിപ്പിച്ചത്. ഒന്നാം സ്ഥാനത്ത് തുടരുന്ന മാഞ്ചസ്റ്ററിന് 74 പോയിന്റുകളായി.
സ്വാന്‍സീ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ പരാജയപ്പെടുത്തിയത്. ആദ്യ പകുതി ഗോള്‍ രഹിതമായി കടന്ന് പോയപ്പോള്‍ രണ്ടാം പകുതി തുടങ്ങി 74ാം മിനുട്ടില്‍ മോണ്‍റീലും കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ഗര്‍വീഞ്ഞോയും ഗണ്ണേഴ്‌സിനായി ഗോളുകള്‍ സ്വന്തമാക്കി.
എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എവര്‍ട്ടണോടാണ് രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയത്. ഇരു പകുതികളിലുമായി എവര്‍ട്ടന്റെ ലിയോണ്‍ ഒസ്മാന്‍, ജെല്‍വിക് എന്നിവരാണ് എവര്‍ട്ടന് ഗോളുകള്‍ സമ്മാനിച്ച് ഗംഭീര വിജയമൊരുക്കിയത്. പരാജയപ്പെട്ടെങ്കിലും സിറ്റിയുടെ രണ്ടാം സ്ഥാനത്തിന് തത്കാലം ഭീഷണിയുയര്‍ന്നിട്ടില്ല. അവര്‍ക്ക് ഇപ്പോള്‍ 59 പോയിന്റാണ് ഉള്ളത്.
ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സതാംപ്റ്റന്‍ ലിവര്‍പൂളിനെ മറിച്ചിട്ടു. ആദ്യ പകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ ഒരു ഗോളും സ്വന്തമാക്കിയാണ് അവര്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്തിയത്. ലിവര്‍പൂളിന്റെ ആശ്വാസ ഗോള്‍ കൗട്ടിഞ്ഞോ സ്വന്തമാക്കി.
സീരി എ
മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ എ സി മിവലാന്‍, ജുവന്റസ് വിജയിച്ചു. പാലേര്‍മോയെ 2-0ത്തിന് കീഴടക്കിയാണ് മിലാന്‍ വിജയിച്ചത്. ബെല്ലോട്ടെല്ലി ഇരട്ട ഗോളുകള്‍ നേടി.
ബോലോഗ്‌നയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ജുവന്റസിന്റെ വിജയം. മിര്‍കോ വ്യുസിനിക്, മര്‍ച്ചീസിയോ നേടിയ ഗോളുകളാണ് ജുവന്റസിന് വിജയമൊരുക്കിയത്. ജുവന്റസിന് 65 പോയിന്റുകളാണ്. രണ്ടാം സ്ഥാനത്തുള്ള നാപ്പോളിക്ക് 53 പോയിന്റുകള്‍.
ബുണ്ടസ് ലീഗ
മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള ബയേണ്‍ മ്യൂണിക്, ബൊറൂസിയ ഡോര്‍ട്മുണ്ട് ടീമുകള്‍ വിജയ കുതിപ്പ് തുടരുന്നു. ബയര്‍ ലവര്‍കൂസനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബയേണ്‍ രക്ഷപ്പെടുകയായിരുന്നു. ആദ്യ പകുതിയില്‍ തോമസ് മുള്ളറിന്റെ ഗോളില്‍ ലീഡെടുത്ത ബയേണിനെ രണ്ടാം പകുയില്‍ നേടിയ ഗോളില്‍ ലെവര്‍കൂസന്‍ സമനിലയില്‍ തളച്ചു. കളി സമനിലയില്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ 87ല്‍ വെച്ച് ലെവര്‍കൂസന്‍ താരം ഫിലിപ് വോള്‍ഷീഡ് സമ്മാനിച്ച സെല്‍ഫ് ഗോള്‍ അവരുടെ തോല്‍വി ഉറപ്പാക്കി. ദാന ഗോളില്‍ ജര്‍മന്‍ കരുത്തര്‍ വിജയിക്കുകയും ചെയ്തു.
എസ് സി ഫ്രീബെര്‍ഗിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് മുക്കിയാണ് ബൊറൂസിയ വിജയിച്ചത്. ആദ്യം ഗോള്‍ നേടി ബൊറൂസിയയെ വിറപ്പിച്ചെങ്കിലും ഫ്രീബെര്‍ഗിന് അധികം പിടിച്ചു നില്‍ക്കാന്‍ അവസരം ലഭിച്ചില്ല. പോളണ്ട് താരം ലെവന്‍ഡോസ്‌കി, തുര്‍ക്കി താരം നുരി സഹിന്‍ എന്നിവരുടെ ഇരട്ട ഗോളുകളാണ് മത്സരത്തിന്റെ സവിശേഷത.