ക്രിമിലെയര്‍ പരിധി: സംവരണ അട്ടിമറി തുടരും

Posted on: March 18, 2013 8:04 am | Last updated: March 18, 2013 at 11:13 am
SHARE

reservation_1തിരുവനന്തപുരം: ക്രീമിലെയര്‍ നിശ്ചയിക്കാനുള്ള വരുമാനപരിധി ആറ് ലക്ഷം രൂപയാക്കി ഉയര്‍ത്തിയതു കൊണ്ട് പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കാര്യമായ നേട്ടമുണ്ടാകില്ലെന്ന് വിലയിരുത്തല്‍. നിലവിലുള്ളതില്‍ നിന്ന് ക്രീമിലെയര്‍ പരിധി ഉയര്‍ത്തുന്നത് സ്വാഗതാര്‍ഹമെങ്കിലും വര്‍ധിച്ചുവരുന്ന ജീവിത ചെലവും അതിന് അനുസൃതമായി വരുമാനത്തിലുണ്ടായ മാറ്റങ്ങളും കണക്കാക്കുമ്പോള്‍ ആറ് ലക്ഷം രൂപ തീരെ കുറവാണ്.

പിന്നാക്ക വിഭാഗ കമ്മീഷന്‍ 12 ലക്ഷമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതിന്റെ നേര്‍പകുതി മതിയെന്ന കേന്ദ്ര മന്ത്രിസഭാ ഉപസമിതിയുടെ ശിപാര്‍ശ സംവരണത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ ഉള്‍ക്കൊള്ളാതെയാണെന്ന വിമര്‍ശം ഉയര്‍ന്നുകഴിഞ്ഞു. നിയമനങ്ങള്‍ക്ക് പുറമെ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശം, സ്‌കോളര്‍ഷിപ്പ് തുടങ്ങിയ ആനുകൂല്യങ്ങളെയും ഇത് ബാധിക്കും.
സംവരണം ഏര്‍പ്പെടുത്തി ദശകങ്ങള്‍ കഴിഞ്ഞിട്ടും ഉന്നതതലങ്ങളില്‍ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ അവഗണിക്കപ്പെടുന്നതിന്റെ മുഖ്യ കാരണം അവകാശപ്പെട്ട സംവരണം അട്ടിമറിക്കപ്പെടുന്നതാണ്. ഈ വസ്തുത ഉള്‍ക്കൊള്ളാതെയാണ് മന്ത്രിസഭാ ഉപസമിതി ആറ് ലക്ഷമാക്കി ഉയര്‍ത്തിയാല്‍ മതിയെന്ന റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പിന്നാക്ക വിഭാഗങ്ങള്‍ മേല്‍ത്തട്ടിലേക്ക് കടന്നുവരുന്നത് തടയാനുള്ള ബോധപൂര്‍വ ശ്രമങ്ങളുടെ തുടര്‍ച്ചയാണീ നീക്കം. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, പൊതുമേഖലാ ബേങ്കുകള്‍ തുടങ്ങി സംവരണം നിലവിലുള്ള സ്ഥാപനങ്ങളിലെ നിയമനങ്ങളെയെല്ലാം ഇത് ബാധിക്കും.
സര്‍ക്കാര്‍ സര്‍വീസില്‍ സാധാരണ തസ്തികയില്‍ ജോലി ചെയ്യുന്നവരുടെയും അധ്യാപകരുടെയും മക്കള്‍ക്ക് പോലും സംവരണം ലഭിക്കാത്ത സാഹചര്യമാണ് മേല്‍ത്തട്ടിന് കുറഞ്ഞ പരിധി നിശ്ചയിക്കുന്നതിലൂടെ ഉണ്ടാകുന്നത്. നിലവില്‍ മെച്ചപ്പെട്ട വേതനം ലഭിക്കുന്ന ഇവരുടെ മക്കളെല്ലാം വരുമാനം കണക്കാക്കുമ്പോള്‍ പൊതു പട്ടികയിലേക്ക് മാറും. ശരാശരി വരുമാനമുള്ള മറ്റു രംഗത്ത് പ്രവര്‍ത്തിക്കുന്ന പിന്നാക്ക വിഭാഗങ്ങളെയും ഇത് ബാധിക്കും. ഇതെല്ലാം കണക്കിലെടുത്താണ് വരുമാനപരിധി നഗരങ്ങളില്‍ 12 ലക്ഷവും ഗ്രാമങ്ങളില്‍ പത്ത് ലക്ഷവുമാക്കണമെന്ന് ദേശീയ പിന്നാക്ക കമ്മീഷന്‍ ശിപാര്‍ശ നല്‍കിയത്. എന്നാല്‍, ഈ നിര്‍ദേശം പാടെ അവഗണിച്ചാണ് കേന്ദ്ര മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സര്‍വീസില്‍ കേരളത്തില്‍ മാത്രം 18000 സംവരണ സീറ്റുകള്‍ നഷ്ടപ്പെട്ടെന്നാണ് കണക്ക്. യോഗ്യരായവര്‍ ഇല്ലാതെ വരുമ്പോള്‍ സംവരണ സീറ്റുകള്‍ ജനറല്‍ സീറ്റായി മാറിയതാണ് ഈ നഷ്ടത്തിന്റെ കാരണങ്ങളിലൊന്ന്. കുറഞ്ഞ മേല്‍ത്തട്ട് പരിധി നിശ്ചയിച്ചതിനാല്‍ ഇതിന് മുകളില്‍ വരുമാനമുള്ള ന്യൂനപക്ഷ, പിന്നാക്ക വിഭാഗ ഉദ്യോഗാര്‍ഥികള്‍ ജനറല്‍ കാറ്റഗറിയിലേക്ക് തള്ളപ്പെടുന്നു. സംവരണ സീറ്റുകള്‍ നഷ്ടപ്പെടുത്തിയതിന്റെ മുഖ്യകാരണം മേല്‍ത്തട്ട് പരിധി നിശ്ചയിച്ചതിലെ അശാസ്ത്രീയതയാണെന്ന് ഇതിലൂടെ വ്യക്തമാകും.
2011 വരെയുള്ള കണക്ക് അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലെ ക്ലാസ് ഒന്ന് തസ്തികകളില്‍ പിന്നാക്ക പ്രാതിനിധ്യം വെറും 6.9 ശതമാനം മാത്രമാണ്. ക്ലാസ് രണ്ടില്‍ 7.3 ശതമാനവും സി, ഡി വിഭാഗങ്ങളില്‍ 15.3 ശതമാനവും 17 ശതമാനവുമാണ് പ്രാതിനിധ്യം. ജനസംഖ്യാനുപാതികമായി 52 ശതമാനം പ്രാതിനിധ്യം വേണ്ടപ്പോഴാണ് ഈ അവഗണന.
കുറഞ്ഞ മേല്‍ത്തട്ട് പരിധി വരുമ്പോള്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഉന്നത തസ്തികകള്‍ ലഭിക്കില്ലെന്നതാണ് മറ്റൊരപകടം. ശിപായി, പ്യൂണ്‍, മുന്‍ഷി തുടങ്ങി താഴെ തട്ടിലെ തസ്തികകളിലേക്ക് മാത്രമായി സംവരണം വഴിയുള്ള നിയമനങ്ങള്‍ ചുരുങ്ങും.
നാല് വര്‍ഷം കൂടുമ്പോള്‍ ക്രീമിലെയര്‍ പരിധി പരിഷ്‌കരിക്കണമെന്ന ചട്ടം നടപ്പാക്കുന്നതിലും വീഴ്ച സംഭവിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 14നാണ് ക്രീമിലെയര്‍ പരിധി നിശ്ചയിക്കുന്നതിനുള്ള മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും അനന്തമായി നീളുകയായിരുന്നു.
2008 ഒക്‌ടോബര്‍ മൂന്നിനാണ് ക്രീമിലെയര്‍ പരിധി 4.5 ലക്ഷമാക്കി ഉയര്‍ത്തിയത്. 1993ല്‍ ക്രീമിലെയര്‍ നിലവില്‍ വരുമ്പോള്‍ ഒരു ലക്ഷമായിരുന്നു വരുമാന പരിധി. 2004ല്‍ ഇത് രണ്ടര ലക്ഷമായി. പിന്നീട് 2008ലാണ് പുതുക്കിയത്.