Connect with us

National

ഇറ്റാലിയന്‍ സ്ഥാനപതി കോടതിയില്‍ ഹാജരാവില്ല

Published

|

Last Updated

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ തിരികെയെത്തിക്കുമെന്ന് സുപ്രീം കോടതിക്ക് ഉറപ്പ് നല്‍കിയ ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയല്‍ മസീനി ഇന്ന് കോടതിയില്‍ ഹാജരാകില്ല. രാവിലെ പത്തരക്ക് മുമ്പ് കോടതിയില്‍ സത്യവാങ്മൂലം നല്‍കണമെന്ന സുപ്രീം കോടതി നോട്ടീസിനോട് സഹകരിക്കേണ്ടെന്ന നിലപാടിലാണ് ഇറ്റാലിയന്‍ അധികൃതര്‍. നയതന്ത്ര പരിരക്ഷ ചൂണ്ടിക്കാട്ടിയാണ് ഇറ്റലി കോടതി നടപടികളോട് സഹകരിക്കാതെ ഒഴിഞ്ഞുമാറുന്നത്. കോടതിയുമായി സഹകരിച്ചാല്‍ തുടര്‍ന്നും കോടതി നടപടികളുമായി സഹകരികേണ്ടി വരുമെന്നും ഇറ്റലി കരുതുന്നു.

ഇറ്റലിയില്‍ നിന്ന് ലഭിച്ച ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനപതി നിലപാട് സ്വീകരിച്ചത്. താന്‍ ഇറ്റലിയുടെ പ്രതിനിധി മാത്രമാണെന്നും വ്യക്തിപരമായി തനിക്ക് നിലപാട് സ്വീകരിക്കാനാകില്ലെന്നും ഇരു രാജ്യങ്ങളും തമ്മിലാണ് പ്രശ്‌നം ഒത്തുതീര്‍ക്കേണ്ടതെന്നുമാണ് സ്ഥാനപതി നിലപാട് സ്വീകരിക്കുക. കോടതിയില്‍ ഹാജരാകേണ്ടെന്ന് ഇതിനകം തീരുമാനമെടുത്തിട്ടുണ്ടെങ്കിലും സത്യവാങ്മൂലം നല്‍കണമോ വേണ്ടയോ എന്നതില്‍ അന്തിമ തീരുമാനമുണ്ടായിട്ടില്ല. സത്യവാങ്മൂലം നല്‍കുകയാണെങ്കില്‍ സ്ഥാനപതി മേല്‍പറഞ്ഞ കാര്യങ്ങളാകും ചൂണ്ടിക്കാട്ടുക. നാവികര്‍ സത്യവാങ്മൂലം നല്‍കില്ല. നാവികരുടെ കാര്യത്തില്‍ അന്താരാഷ്ട്ര നിയമമാണ് ബാധകമാകുകയെന്ന നിലപാടാണ് സ്ഥാനപതി സ്വീകരിക്കുക.
സ്ഥാനപതിയുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറ്റലി വാദിക്കുന്നു. വാക്ക് പാലിക്കാത്തതിനാല്‍ സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷ ഇല്ലാതായിക്കഴിഞ്ഞെന്നും കോടതിക്ക് നടപടി സ്വീകരിക്കാമെന്നുമുള്ള നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. ഈ മാസം 22 ആണ് നാവികര്‍ തിരിച്ചെത്താന്‍ സുപ്രീം കോടതി നല്‍കിയ അവസാന സമയം. നാവികരെ വിചാരണക്കായി ഇന്ത്യയില്‍ തിരികെ എത്തിക്കാനാകില്ലെന്ന ഇറ്റലിയുടെ നിലപാടിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്. ഇറ്റലിയുടെ നിലപാടിനെതിരെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ളവര്‍ ശക്തമായി രംഗത്ത് വന്ന സാഹചര്യത്തില്‍ നാവികരെ തിരികെ അയക്കേണ്ടി വരുമെന്ന ആശങ്ക ഇറ്റലിക്കുണ്ട്. ഇതിനെ മറികടക്കാന്‍ അന്താരാഷ്ട്ര തലത്തിലുള്ള മാധ്യസ്ഥ്യത്തിന് ഇന്ത്യ യെ പ്രേരിപ്പിക്കാന്‍ അവര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Latest