പ്രായപരിധി എന്ന അസംബന്ധം

Posted on: March 18, 2013 7:44 am | Last updated: March 18, 2013 at 7:49 am
SHARE

siraj copyഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള പ്രായം 18ല്‍ നിന്നും 16 ആയി കുറച്ചതിനോട് സമൂഹം പൊതുവെ പ്രതികൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. സര്‍ക്കാറിന്റെ ഈ തീരുമാനം അത്യന്തം ആപത്കരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. പ്രായ പരിഗണനയില്ലാതെ തന്നെ വിവാഹേതര ലൈംഗിക ബന്ധത്തെ സമൂഹം അംഗീകരിക്കുന്നില്ല എന്നത് ഒരു വസ്തുതയാണ്. ഇതിന് വിരുദ്ധമായി സംഭവങ്ങള്‍ നടക്കുന്നുണ്ട് എന്നതിനു നേരെ കണ്ണടച്ച് ഇരുട്ടാക്കാനാകില്ലെങ്കിലും ഇത് നമ്മുടെ സംസ്‌കൃതിക്കും സദാചാര ബോധത്തിനും നിരക്കുന്നതല്ല. അതുകൊണ്ടാണ് ദാമ്പത്യബന്ധത്തിന് പവിത്രത കല്‍പ്പിക്കപ്പെടുന്നത്. അതിനെ മറികടക്കാന്‍ പരോക്ഷമായി പോലും പ്രേരണ നല്‍കുന്ന നടപടികള്‍ ഉണ്ടായിക്കൂടാ. പൊതുവെ പറഞ്ഞാല്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കാനാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനം വഴിവെക്കുക.
ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ബലാത്സംഗത്തിനിരയായ പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി മനംനൊന്ത് സ്വയം തീക്കൊളുത്തി. ഗുരുതരാവസ്ഥയില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മരണവുമായി മല്ലടിച്ച പെണ്‍കുട്ടി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ വെച്ച് അന്ത്യശ്വാസം വലിച്ചു. ഒന്നിച്ച് സിനിമ കാണാനുള്ള ക്ഷണം നിരസിച്ചതില്‍ ‘രോഷം പൂണ്ടാ’ണ് പെണ്‍കുട്ടിയെ ആണ്‍സുഹൃത്ത് ബലാത്സംഗത്തിനിരയാക്കിയത്. ഇതില്‍ പരാതിപ്പെടാന്‍ മുതിര്‍ന്ന പെണ്‍കുട്ടിക്കും രക്ഷിതാക്കള്‍ക്കുമെതിരെ അന്നു തന്നെ ഭീഷണി ഉയര്‍ന്നിരുന്നു. രക്ഷിതാക്കള്‍ ഒടുവില്‍ ഭീഷണിക്ക് വശംവദരായി മൗനം പാലിച്ചപ്പോള്‍ പെണ്‍കുട്ടിക്ക് അത് താങ്ങാനാവുന്നതിലേറെയായിരുന്നുവെന്നാണ് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്്. ചാരിത്ര്യം സംരക്ഷിക്കാന്‍ കഴിയാത്തതിലുള്ള മനോവേദനയാകണം പെണ്‍കുട്ടിയെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് ഏറ്റവും ഒടുവിലത്തെ അനുമാനം. പണം കൊണ്ടും സ്വാധീനശക്തി കൊണ്ടും എന്തും ചെയ്യാമെന്ന ധാരണക്ക് ബലമേറുകയും ചെയ്യുന്ന അവസ്ഥയാണ് അനന്തര ഫലം. ഇതിന്റെ തെളിവായിവേണം മൊറാദാബാദ് സംഭവത്തെ കാണാന്‍.
കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ ഒരു ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയാക്കപ്പെടുകയും ചികിത്സയിലിരിക്കെ സിംഗപ്പൂരിലെ ആശുപത്രിയില്‍ മരിക്കുകയും ചെയ്ത സംഭവം രാഷ്ട്ര മനസ്സാക്ഷിയെ നടുക്കിയതാണ്. ഇതിനെതിരെ രാജ്യത്തുടനീളം പ്രക്ഷേഭം ആളിപ്പടരുകയും ചെയ്തു. പ്രതികളിലൊരാള്‍ കൗമാരക്കാരനായതിനാല്‍ മറ്റു പ്രതികള്‍ക്കൊപ്പം വിചാരണ ചെയ്യാന്‍ പറ്റാത്ത സാഹചര്യവുമുണ്ടായി. കൗമാരക്കാരനെന്നതിനാല്‍ അയാള്‍ ചെയ്ത കുറ്റം ലഘൂകരിക്കപ്പെട്ടു. കുട്ടിയെന്ന പരിഗണന ബലാത്സംഗക്കാരന് തുണയാകുകയാണ്. കൗമാരക്കാര്‍ക്ക് ഭരണഘടന വ്യവസ്ഥചെയ്യുന്ന പരിഗണന നല്‍കുന്നത് തെറ്റാണെന്ന് പറയാനാകില്ല. എന്നാല്‍ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണുന്നതും ശരിയല്ല. ഈ വാദമുഖങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനിടയിലാണ് ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ളപ്രായം 18ല്‍ നിന്നും 16 ആയി കുറച്ചുകൊണ്ടുള്ള തീരുമാനം ഉണ്ടായത്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനും അതിനുള്ള ശിക്ഷയില്‍ നിന്നും തടിയൂരാനും വഴിയൊരുക്കുന്നതാണ് ഈ തീരുമാനമെന്ന് വല്ലവരും വിശ്വസിച്ചാല്‍ അതിന് അവരെ പഴിചാരാനാകില്ല. മൊറാദാബാദിലെ സംഭവം ഇതിലേക്കായി ചൂണ്ടിക്കാട്ടുകയും ചെയ്യാനാകും. കുറ്റകൃത്യങ്ങള്‍ തടയാന്‍ നമ്മുടെ നാട്ടില്‍ നിയമത്തിന് പഞ്ഞമൊന്നുമില്ല. പക്ഷേ അത് നടപ്പാക്കുന്നതിലെ ആത്മാര്‍ഥതയില്ലായ്മയാണ് പ്രശ്‌നം.
പതിനാറാം വയസ്സില്‍ ഉഭയ സമ്മതപ്രകാരം ലൈംഗിക ബന്ധമാകാമെന്നും അത് കുറ്റകൃത്യമല്ലെന്നും സമൂഹത്തിന് സന്ദേശം നല്‍കുന്നത് അപകടകരമാണ്. പരസ്പരസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായപരിധി 18ല്‍ നിന്നും 16 വയസ്സിലേക്ക് മാറ്റി നിശ്ചയിക്കുമ്പോള്‍ അത് വഴിവിട്ട ജീവിതത്തിന് വഴി തുറന്നുകൊടുക്കലാകില്ലേ എന്ന ആശങ്കയും സാര്‍വത്രികമായുണ്ട്. ഈ പ്രായം പഠനത്തില്‍ ശ്രദ്ധയൂന്നാനുള്ളതാണ്. ഉന്നത വിദ്യാഭ്യാസത്തിലൂടെ മികച്ച തൊഴിലവസരം കണ്ടെത്തി ജീവിതം കരുപ്പിടിപ്പിക്കാനുള്ളതാണ്. ലൈംഗികതൃഷ്ണ തീര്‍ക്കാനുള്ളതല്ല. സ്ത്രീശാക്തീകരണത്തെ കുറിച്ച് ഭരണകര്‍ത്താക്കളും വനിതാ സംഘടനകളും ഘോരഘോരം പ്രഖ്യാപനങ്ങള്‍ നടത്തുന്ന ഒരു ഘട്ടത്തിലാണ് പുതിയ തീരുമാനം. ഇത്, സ്ത്രീശാക്തീകരണ യത്‌നങ്ങള്‍ക്ക് എത്രത്തോളം സഹായകമാകുമെന്ന് ഭരണകര്‍ത്താക്കളും സാമൂഹിക സംഘടനകളും ഉറക്കെ ചിന്തിക്കേണ്ട സമയമാണ്. ‘പതിനെട്ടില്‍ താഴെയുള്ളവര്‍ കുട്ടികളാണ്’ എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അഭിപ്രായപ്പെട്ടത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. കുട്ടികള്‍ക്കാണോ ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിന് അനുമതി നല്‍കേണ്ടതെന്നത് ഗൗരവ ചിന്ത അര്‍ഹിക്കുന്ന വിഷയമാണ്.