ഹെലികോപ്റ്റര്‍ ഇടപാട് ത്യാഗിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

Posted on: March 17, 2013 8:12 pm | Last updated: March 18, 2013 at 7:55 am
SHARE

SP_Tyagi_new_295

ന്യൂഡല്‍ഹി: വി വി ഐ പി കോപ്റ്റര്‍ ഇടപാടില്‍ മുന്‍ വ്യോമസേനാ മേധാവി എസ് പി ത്യാഗിക്കും മൂന്ന് ബന്ധുക്കള്‍ക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ സി ബി ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇവര്‍ രാജ്യം വിട്ടു പോകുന്നത് തടയാനാണ് നടപടി. ത്യാഗിക്കും മറ്റ് 12 പേര്‍ക്കുമെതിരെ സി ബി ഐ കഴിഞ്ഞ ബുധനാഴ്ച കുറ്റം ചുമത്തിയിരുന്നു.
അഴിമതിക്കേസിലോ, ക്രിമിനല്‍ കേസിലോ സി ബി ഐ പ്രതി ചേര്‍ക്കുന്ന ആദ്യ വ്യോമസേനാ മേധാവിയാണ് ത്യാഗി. ത്യാഗിയുടെയും ബന്ധുക്കളായ സഞ്ജീവ് എന്ന ജൂലി ത്യാഗി, രാജീവ് എന്ന ഡോസ്‌ക ത്യാഗി, സന്ദീപ് ത്യാഗി എന്നിവരുടെയും വസതികളുള്‍പ്പെടെ ഡല്‍ഹി, എന്‍ സി ആര്‍, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ 14 സ്ഥലങ്ങളില്‍ സി ബി ഐ സംഘം കഴിഞ്ഞയാഴ്ച മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഇറ്റാലിയന്‍ വ്യവസായ ഭീമനായ ഫിന്‍മെക്കാനിക്ക, ഇതിന്റെ സഹോദര സ്ഥാപനമായ അഗസ്ത വെസ്റ്റ്‌ലാന്‍ഡ്, ഐ ഡി എസ് ഇന്‍ഫോടെക്, ഏറോമാട്രിക്‌സ് എന്നീ സ്ഥാപനങ്ങളുടെ ഓഫീസുകളും സി ബി ഐ പരിശോധിച്ചു.
ത്യാഗിക്കും ബന്ധുക്കള്‍ക്കും പുറമെ യൂറോപ്യന്‍ ഇടനിലക്കാരായ കാര്‍ലോ ഗറോസ, ക്രിസ്ത്യന്‍ മൈക്കെല്‍, ഗ്യുഡോ ഹാഷ്‌കെ, കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സന്തോഷ് ബഗ്രോഡിയയുടെ സഹോദരന്‍ സതീഷ് ബഗ്രോഡിയ, ഐ ഡി എസ് ഇന്‍ഫോടെകിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രതാപ് അഗര്‍വാള്‍ തുടങ്ങിയവര്‍ക്കെതിരെയാണ് സി ബി ഐ. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
3600 കോടി രൂപയുടെ ഇടപാട് ലഭിക്കാനായി ഇറ്റാലിയന്‍ കമ്പനികള്‍ മധ്യസ്ഥര്‍ മുഖേന 362 കോടിയോളം രൂപ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നതാണ് കേസ്. അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്ററുകള്‍ക്ക് അനുയോജ്യമാംവിധം ഇടപാട് വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നുവെന്ന് സൂചിപ്പിക്കുന്ന ചില രേഖകള്‍ ഇറ്റലിയില്‍ നിന്നും ചില ഫയലുകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും സി ബി ഐക്ക് ലഭിച്ചിരുന്നു. ഹെലികോപ്റ്ററിന്റെ ഉയര്‍ന്ന പരിധി ആറായിരം മീറ്ററില്‍ നിന്ന് 4500 മീറ്ററാക്കി കുറച്ചതോടെയാണ് ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗസ്ത വെസ്റ്റ്‌ലാന്‍ഡിന് ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാനായതും കരാറിലേര്‍പ്പെടാനുമായതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.