മൊഹാലി ടെസ്റ്റ്: രണ്ടാം ഇന്നിംഗ്‌സിലും ഓസീസ് പരുങ്ങുന്നു

Posted on: March 17, 2013 11:53 am | Last updated: March 18, 2013 at 5:23 pm
SHARE
155620
സ്റ്റീവന്‍ സ്മിത്തിന്റെ വിക്കറ്റെടുത്ത ഭുവനേശ്വര്‍കുമാറിന്റെ ആഹ്ലാദം

മൊഹാലി: മൂന്നാം ടെസ്റ്റില്‍ ഒന്നാമിന്നിംഗ്‌സില്‍ 91 റണ്‍സ് ലീഡ് വഴങ്ങിയ ആസ്‌ത്രേലിയക്ക് രണ്ടാമിന്നിംഗ്‌സിലും തിരിച്ചടി. രണ്ടാം വട്ട ബാറ്റിംഗ് തുടങ്ങിയ ഓസീസ് ഇന്നലെ കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ മറികടക്കാന്‍ ഏഴ് വിക്കറ്റ് കൈയിലിരിക്കെ അവര്‍ക്ക് 16 റണ്‍സ് കൂടി വേണം.
അര്‍ധ സെഞ്ച്വറിയുമായി ഹ്യൂഗ്‌സും(53 റണ്‍സ്) നാല് റണ്‍സുമായി ലിയോണുമാണ് ക്രീസില്‍. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഓസീസിന്റെ പ്രതീക്ഷകള്‍ ആദ്യമേ തല്ലിക്കെടുത്തി. ഓപണര്‍മാരായ വാര്‍ണര്‍ രണ്ട് റണ്‍സിനും കോവാന്‍ എട്ട് റണ്‍സിനും പുറത്തായി. അഞ്ച് റണ്‍സെടുത്ത സ്മിത്താണ് പുറത്തായ മൂന്നാമത്തെ ബാറ്റ്‌സ്മാന്‍. പരുക്കേറ്റ ഓസീസ് നായകന്‍ ക്ലാക്കിന് പകരം സ്ഥാനക്കയറ്റം ലഭിച്ചെത്തിയ സ്മിത്തിന് ആദ്യ ഇന്നിംഗ്‌സിലെ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കാതെ ക്ഷണത്തില്‍ മടങ്ങേണ്ടി വന്നത് ആസ്‌ത്രേലിയയെ കൂടുതല്‍ അപകടത്തിലേക്ക് തള്ളിയിട്ടു.
നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് 499 റണ്‍സില്‍ അവസാനിച്ചിരുന്നു. 185 റണ്‍സുമായി ഇരട്ടസെഞ്ച്വറി പ്രതീക്ഷയുണര്‍ത്തി ക്രീസിലെത്തിയ ശിഖര്‍ ധവാന് രണ്ട് റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളു. 83 റണ്‍സുമായി നാലാം ദിനം തുടങ്ങിയ മുരളി വിജയ് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ച്വറിയുമായി കളം നിറഞ്ഞു. 153 റണ്‍സ് നേടി. 317 പന്തുകള്‍ നേരിട്ട വിഡയ് 19 ഫോറും മൂന്ന് സിക്‌സുമടക്കമാണ് ശതകത്തിലെത്തിയത്. ടെസ്റ്റിലെ വിജയിയുടെ മൂന്നാം സെഞ്ച്വറിയാണ്. കൗതുകകരമായ വസ്തുത ഇത് മൂന്നും ആസ്‌ത്രേലിയക്കെതിരെ തന്നെയാണെന്നതാണ്. പിന്നീടെത്തിയവരില്‍ വിരാട് കൊഹ്‌ലിയുടെ (67 റണ്‍സ്) പ്രകടനം മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രതീക്ഷക്കൊത്തുയരാന്‍ സാധിക്കാതെ പോയത് വന്‍ ലീഡെടുക്കാനുള്ള അവസരം നിഷേധിച്ചു. ധോണി ഉള്‍പ്പെടെ നാല് താരങ്ങള്‍ ഒറ്റ അക്കത്തിനാണ് പുറത്തായത്. സച്ചിന്‍ 37 റണ്‍സെടുത്തു. ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 384 എന്ന സുരക്ഷിത തീരത്തായിരുന്ന ഇന്ത്യക്ക് ലഞ്ചിന് ശേഷമാണ് ക്ഷണത്തില്‍ വിക്കറ്റുകള്‍ നഷ്ടമായത്.
വിക്കറ്റ് നഷ്ടമില്ലാതെ 283 എന്ന കരുത്തുറ്റ നിലയില്‍ നാലാം ദിനം തുടങ്ങിയ ഇന്ത്യക്ക് പിന്നീട് ചേര്‍ക്കാന്‍ സാധിച്ചത് 216 റണ്‍സ് മാത്രമാണ്. 71 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ പീറ്റര്‍ സിഡിലിന്റെ ബൗളിംഗ് മികവാണ് കൂറ്റന്‍ ലീഡെന്ന ഇന്ത്യയുടെ സ്വപ്‌നം കാറ്റില്‍ പറത്തിയത്. സ്റ്റാര്‍ച്ച് രണ്ടും ഹെന്റിക്‌സ്, ലിയോണ്‍, സ്മിത് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് 408 റണ്‍സെടുത്തിരുന്നു.