Connect with us

International

ഹജ്ജ് കരാറില്‍ ഒപ്പ് വെച്ചു; ക്വാട്ടയില്‍ ഇത്തവണയും വര്‍ധനവില്ല

Published

|

Last Updated

സഊദി ഹജ്ജ്കാര്യ മന്ത്രി ഡോ. ബന്ദര്‍ ഹജ്ജാര്‍ വിദേശകാര്യ മന്ത്രി ഇ അഹമ്മദുമായി ജിദ്ദയില്‍ കൂടിക്കാഴ്ച നടത്തുന്നു

ജിദ്ദ: സഊദി ഹജ്ജ് മന്ത്രാലയവുമായുള്ള ഇന്ത്യന്‍ ഹജ്ജ് മിഷന്റെ ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പ് വെച്ചു. വിദേശകാര്യ മന്ത്രി ഇ അഹമ്മദും സഊദി ഹജ്ജ്കാര്യ മന്ത്രി ഡോ. ബന്ദര്‍ ഹജ്ജാറുമാണ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ കരാര്‍ ഒപ്പ് വെച്ചത്. പതിനായിരം പേര്‍ക്കു കൂടി അവസരമൊരുക്കി ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം സഊദി പരിഗണിച്ചില്ല. കഴിഞ്ഞ വര്‍ഷത്തെ പോലെ ഹജ്ജ് ക്വാട്ട 170,000 ആയി നിലനിര്‍ത്താനാണ് തീരുമാനമെന്ന് ഇ അഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്ന് സഊദി ഹജ്ജ്കാര്യ മന്ത്രി ഉറപ്പ് നല്‍കിയതായി അഹമ്മദ് പറഞ്ഞു. 125,000 പേര്‍ ഹജ്ജ് കമ്മിറ്റി വഴിയും 45,000 പേര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും ഇത്തവണ ഹജ്ജ് നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2010 മുതല്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ക്വാട്ടയില്‍ ഇതുവരെ വര്‍ധന ഉണ്ടായിട്ടില്ല. ഹാജിമാരെയും കൊണ്ടുള്ള ആദ്യ ഹജ്ജ് വിമാനം സെപ്തംബര്‍ ഏഴിന് ജിദ്ദയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാജിമാരുടെ മടക്കയാത്ര നവംബര്‍ പത്തൊമ്പതിന് പൂര്‍ത്തിയാകും. മക്കയില്‍ ഹറമിനടുത്ത ഗ്രീന്‍ കാറ്റഗറിയിലും അസീസിയ്യയിലുമായി ഹാജിമാരുടെ താമസസ്ഥലം തിരഞ്ഞെടുക്കുന്ന ജോലി അന്തിമ ഘട്ടത്തിലാണ്. തീര്‍ഥയാത്രയില്‍ കൂടെ ഭക്ഷ്യവസ്തുക്കള്‍ കരുതുന്നത് അവസാനിപ്പിക്കണമെന്ന് സഊദി അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സഊദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഹാമിദ് അലി റാവു, വിദേശമന്ത്രാലയത്തിലെ ഹജ്ജ്, ഗള്‍ഫ് കാര്യങ്ങള്‍ക്കായുള്ള ജോയിന്റ് സെക്രട്ടറി എ ആര്‍ ഘനശ്യാം, ഡയറക്ടര്‍ എ കെ കൗശിക്, ഡയറക്ടര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ സി ഇ ഒ. ഡോ. എസ് ശാകിര്‍ ഹുസൈന്‍, കൗണ്‍സില്‍ ജനറല്‍ ഓഫ് ഇന്ത്യ ഫായിസ് അഹമ്മദ് കിദ്വായി, ഡെപ്യൂട്ടി കൗണ്‍സില്‍ ജനറല്‍ എം നൂര്‍ റഹ്മാന്‍ , വ്യോമയാന മന്ത്രാലയം ഡയറക്ടര്‍ പൂജ ജിന്‍ഡാല്‍ എന്നിവര്‍ അഹമ്മദിനെ അനുഗമിച്ചു.

Latest