ചൈനയില്‍ നാല്‍പ്പത് വര്‍ഷത്തിനിടെ 33 കോടി ഗര്‍ഭച്ഛിദ്രം

Posted on: March 17, 2013 10:40 am | Last updated: March 18, 2013 at 3:02 pm
SHARE

2010-04-05-ChineseChildren1ബെയ്ജിംഗ്: നാല്‍പ്പത് വര്‍ഷത്തിനിടെ ചൈനയില്‍ 33 കോടി ഗര്‍ഭച്ഛിദ്രങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ജനസംഖ്യാ വളര്‍ച്ച നിയന്ത്രിക്കാന്‍ ചൈന നടപടികളാരംഭിച്ചത് മുതലുള്ള കണക്കാണിത്. ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായി ഒരു കുട്ടി പദ്ധതി 1978ലാണ് ചൈന നടപ്പിലാക്കിയത്.
1971 മുതല്‍ 2010 വരെ 32. 89 കോടി ഗര്‍ഭച്ഛിദ്രങ്ങള്‍ നടന്നതായി ആരോഗ്യ മന്ത്രാലയം ഈ വര്‍ഷം ആദ്യം ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിരുന്നു. 135 കോടിയാണ് ചൈനയിലെ ജനസംഖ്യ. 19.6 കോടി ആളുകള്‍ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരായിട്ടുണ്ടെന്നും ചൈനയിലെ ഡോക്ടര്‍മാരുടെ സംഘം നടത്തിയ പഠനത്തില്‍ പറയുന്നു. ജനസംഖ്യാ വര്‍ധന തടഞ്ഞ് സാമ്പത്തിക വികസനമുണ്ടാക്കുകയാണ് ഒരു കുട്ടി പദ്ധതിയിലൂടെ ചൈന ലക്ഷ്യമിട്ടത്. വംശീയമായി ന്യൂനപക്ഷമായ ചില വിഭാഗങ്ങളുള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ബാധകമാക്കിയിരുന്നില്ല. നഗര പ്രദേശങ്ങളിലുള്ളവര്‍ക്ക് ഒരു കുട്ടി മാത്രമാണ് അനുവദിച്ചിരുന്നത്. ഗ്രാമ പ്രദേശങ്ങളില്‍ ആദ്യത്തേത് പെണ്‍കുട്ടിയാണെങ്കില്‍ രണ്ടാമതൊരു കുട്ടിയെ കൂടി അനുവദിച്ചിരുന്നു. ഒരു കുട്ടി പദ്ധതി റദ്ദാക്കില്ലെന്ന് കഴിഞ്ഞ ദിവസം ഔദ്യോഗികമായി ചൈന വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.