Connect with us

Lokavishesham

ആത്മവിശ്വാസമൊഴുകുന്ന വാതകക്കുഴല്‍

Published

|

Last Updated

പൈപ്പ് ഡ്രീം എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ കളിയാക്കുന്നത്. നടക്കാന്‍ പോകുന്നില്ല. വെറുതെ സ്വപ്‌നം കാണുന്നു. എന്നാല്‍, സാമ്രാജ്യത്വവിരുദ്ധ സമീപനം പുലര്‍ത്തുന്ന മാധ്യമങ്ങളും വിദഗ്ധരും “പീസ് പൈപ്പ് ലൈന്‍” എന്ന് വിളിച്ച് പുലരാനിരിക്കുന്ന സൗഹൃദങ്ങളെയും ചെറുത്തുനില്‍പ്പുകളെയും യോജിച്ച മുന്നേറ്റങ്ങളെയും പ്രവചിക്കുന്നു. ഇറാന്‍- പാക്കിസ്ഥാന്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി ഒരിക്കല്‍ക്കൂടി അന്താരാഷ്ട്ര വിശകലനങ്ങളില്‍ നിറയുകയാണ്. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിപ്രദേശത്ത് ഇറാന്‍ പ്രസിഡന്റ് അഹ്മദി നജാദിന്റെയും പാക് പ്രസിഡന്റ് ആസിഫലി സര്‍ദാരിയുടെയും സാന്നിധ്യത്തില്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിരിക്കുന്നു. അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടെയും ശാസനകള്‍ ആഭ്യന്തരമായ അനിവാര്യതകള്‍ക്ക് മുന്നില്‍ അപ്രസക്തമാകുന്ന മനോഹരമായ കാഴ്ചയാണ് ഇത്. സ്വയം നിര്‍ണയാവകാശത്തിന്റെ പ്രഖ്യാപനം. ഒരു പരമാധികാര രാജ്യത്തിന്റെ ബന്ധങ്ങളും മുന്‍ഗണനകളും നിശ്ചയിക്കുന്നത് ആ രാജ്യത്തെ ഭരണാധികാരികള്‍ ആയിരിക്കണമെന്ന തത്വം പ്രയോഗവത്കരിക്കപ്പെടുന്നത് അത്യപൂര്‍വമാകും വിധം ആഗോള രാഷ്ട്രീയം വശം ചെരിഞ്ഞുപോയ ഒരു കാലത്ത് ഈ പൈപ്പ ്‌ലൈന്‍ പദ്ധതി ദേശ രാഷ്ട്രങ്ങളുടെ സ്വതന്ത്രമായ നിലനില്‍പ്പിനായി ധീരമായ തീരുമാനങ്ങളെടുക്കാന്‍ പ്രചോദനമേകും. സഊദിയുടെ നേതൃത്വത്തിലുള്ള അറബ് ലോകവും ഇസ്‌ലാമിസ്റ്റുകളും ഒറ്റപ്പെടുത്തുന്ന ശിയാ സമൂഹത്തിനുള്ള പിന്തുണയുടെ തലം കൂടിയുണ്ട് ഈ പൈപ്പ് ലൈന്‍ പദ്ധതിക്ക്.
1990കളില്‍ ഈ പദ്ധതിക്ക് രൂപം നല്‍കുമ്പോള്‍ ഇന്ത്യ കൂടി ഉള്‍പ്പെട്ടിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ നിരവധിയുള്ളപ്പോഴും ഇന്ത്യയും പാക്കിസഥാനും രൂക്ഷമായ ഊര്‍ജ പ്രതിസന്ധിയുടെ കാര്യത്തില്‍ തുല്യ ദുഃഖിതരായിരുന്നു. ഇന്നും അങ്ങനെത്തന്നെയാണ്. പെട്രോളിയം ഉത്പന്നങ്ങള്‍ക്കും പ്രകൃതി വാതകത്തിനും ഇറക്കുമതിയെ ആശ്രയിക്കുന്നു. അന്താരാഷ്ട്ര കമ്പോളത്തില്‍ ഉണ്ടാകുന്ന ഏത് ചലനവും സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന സ്ഥിതി. പാക്കിസ്ഥാനിലെ ബലൂച് മേഖലയില്‍ നിന്ന് വലിയ മോശമല്ലാത്ത തോതില്‍ പ്രകൃതി വാതക ഉത്പാദനം നടക്കുമ്പോള്‍ ഇന്ത്യയില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാണ്. അതുകൊണ്ട്, ഇറാനില്‍ നിന്നുള്ള പൈപ്പ്‌ലൈന്‍ പദ്ധതിയുടെ യഥാര്‍ഥ ഗുണഭോക്താക്കളാകേണ്ടിയിരുന്നത് ഇന്ത്യയായിരുന്നു. ഇന്ത്യയുടെ രാജേന്ദ്ര പച്ചൗരിയാണ് പദ്ധതിയുടെ യഥാര്‍ഥ ഉപജ്ഞാതാവ് എന്നതും ശ്രദ്ധേയമാണ്. എന്നിട്ടെന്ത് കാര്യം? പദ്ധതിയില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങി. അമേരിക്കക്ക് മുന്നില്‍ മുട്ടുവിറക്കുന്ന ഭരണാധികാരികള്‍ നാട് ഭരിക്കുമ്പോള്‍ വേറെ വഴിയില്ലല്ലോ. ആണവ കരാറിനായിരുന്നു ഭരിക്കുന്നവരുടെ മുന്‍ഗണന. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് പൗരന്‍മാരുടെ മുന്‍ഗണനക്ക് പ്രസക്തിയില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നു ഇന്ത്യയുടെ പിന്‍മാറ്റം. ഇറാന്‍- പാക്കിസ്ഥാന്‍ – ഇന്ത്യ ത്രിരാഷ്ട്ര പൈപ്പ് ലൈന്‍ പദ്ധതി യാഥാര്‍ഥ്യമായിരുന്നുവെങ്കില്‍ മേഖലയിലെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കപ്പെടുകയും അതുവഴി വേഗമേറിയ വികസനത്തിലേക്ക് കുതിക്കുകയും ചെയ്യുമെന്നത് മാത്രമായിരുന്നില്ല മേന്‍മ. ആഗോള രാഷ്ട്രീയത്തില്‍ തന്നെ പുതിയ പതിവുകള്‍ക്ക് തുടക്കമാകുമായിരുന്നു അത്. സമാധാന പൈപ്പ് ലൈന്‍ എന്ന് പേര് അന്വര്‍ഥമാകുന്നത് ഇന്ത്യ കൂടി അതില്‍ പങ്കാളിയാകുമ്പോഴാണ്. അയല്‍ക്കാര്‍ക്കിടയില്‍ വിഭജനം വരുത്തിവെച്ച ആഴത്തിലുള്ള മുറിവുകളില്‍ സിദ്ധൗഷധമാകുമായിരുന്നു അത്. കാശ്മീര്‍ പ്രശ്‌നത്തില്‍ ഇരുപക്ഷത്തിനും സ്വീകാര്യമായ പരിഹാരങ്ങളിലേക്ക് അത് നയിക്കുമായിരുന്നു. ബലൂചിസ്ഥാനില്‍ ഇന്ത്യ നടത്തുന്നുവെന്ന് പാക്കിസ്ഥാന്‍ ആരോപിക്കുന്ന ഇടപെടലുകള്‍ക്ക് അന്ത്യമാകുമായിരുന്നു.
ഇറാന്റെ ഊര്‍ജ മേഖലക്കു മേല്‍ യു എന്‍ ഉപരോധമൊന്നും നിലനില്‍ക്കുന്നില്ല. അമേരിക്ക ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ച ഉപരോധമേ ഉള്ളൂ. ഇതു പ്രകാരം ഇറാനില്‍ നിന്ന് എണ്ണയുത്പന്നങ്ങളോ പ്രകൃതി വാതകമോ ഇറക്കുമതി ചെയ്യുന്നതിന് മറ്റ് രാജ്യങ്ങള്‍ക്കു മേല്‍ അമേരിക്ക വിലക്ക് അടിച്ചേല്‍പ്പിക്കുന്നു. ഇറാനുമായി സഹകരിക്കുന്നവരെ കരിമ്പട്ടികയില്‍ പെടുത്തും. ഇറാനെ പിന്തുണക്കുന്ന രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം അമേരിക്കയും സഖ്യശക്തികളും അവസാനിപ്പിക്കും. ഡോളറിന്റെ അപ്രമാദിത്വത്തില്‍ യു എസ് പുറപ്പെടുവിക്കുന്ന തീട്ടൂരങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കാന്‍ ഒരു വെനിസ്വേലക്കോ ക്യൂബക്കോ സാധിക്കുന്നുണ്ടാകാം. അതിന് അവര്‍ വലിയ വില കൊടുക്കുന്നുണ്ട്. ശ്രമകരമായ ആ വിസമ്മതത്തിന് അവരെ പ്രാപ്തമാക്കുന്ന രാഷ്ട്രീയ ഇച്ഛാശക്തി മറ്റുള്ളവര്‍ക്ക് ഉണ്ടായിക്കൊള്ളണമെന്നില്ല. സാമ്പത്തിക രംഗത്ത് ഉപരോധം ഏല്‍പ്പിക്കുന്ന ആഘാതത്തെ എല്ലാവരും ഭയക്കുന്നുണ്ട്. ഇങ്ങനെ പേടിപ്പിച്ച് നിര്‍ത്തിയാണ് ഡോളര്‍, ലോകത്തെ ഏറ്റവും സ്വീകാര്യമായ കറന്‍സിയായത്. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി പാടില്ലെന്ന അമേരിക്കന്‍ ഉത്തരവ് ഇന്ത്യ ചെറിയ തോതിലെങ്കിലും ലംഘിക്കുന്നുവെന്ന് ചിലര്‍ വിലയിരുത്താറുണ്ട്. അത് പക്ഷേ അമേരിക്ക കണ്ടറിഞ്ഞ് നല്‍കുന്ന “ഇളവുകളുടെ” ബലത്തിലാണ്. ഇങ്ങനെ വിധേയത്വം പുലര്‍ത്തുന്ന ഇന്ത്യ ഒട്ടും യുക്തിസഹമല്ലാത്ത കാരണങ്ങള്‍ നിരത്തിയാണ് പൈപ്പ് ലൈന്‍ പദ്ധതിയില്‍ നിന്ന് 2009ല്‍ പിന്‍വാങ്ങിയത്. സുരക്ഷാ പ്രശ്‌നങ്ങളാണ് ഒന്ന്. പാക്കിസ്ഥാന്‍ വഴി വരുമ്പോള്‍ തീവ്രവാദി ആക്രമണത്തിന് സാധ്യതയുണ്ടെന്നായിരുന്നു പരാതി. ഇത്തരം ആശങ്ക വേണ്ടെന്ന് പാക്കിസ്ഥാന്‍ ഉറപ്പ് നല്‍കിയപ്പോള്‍ പ്രകൃതിവാതകത്തിന് ഇറാന്‍ വലിയ വില ഈടാക്കുന്നുവെന്നായി ഇന്ത്യ. ഒരു എം ബി ടി യു വാതകത്തിന് 4.93 ഡോളര്‍ ആണ് ഇറാന്‍ ആവശ്യപ്പെട്ടത്. 2010ല്‍ ഇത് 7.2 ഡോളറായി പുനര്‍ നിര്‍ണയിച്ചു. ഈ തുകയുടെ “വലിപ്പം” മനസ്സിലാകണമെങ്കില്‍ ആഭ്യന്തരമായി റിലയന്‍സ് ഖനനം ചെയ്‌തെടുക്കുന്ന വാതകത്തിന് ഇന്ത്യന്‍ സര്‍ക്കാറില്‍ നിന്ന് ഈടാക്കുന്ന വില എത്രയെന്ന് മനസ്സിലാക്കണം. അത് 14.20 ഡോളറാണ്. ഇറാന്റെ പുതുക്കിയ നിരക്ക് പോലും റിലയന്‍സിന്റെ പകുതിയേ വരുന്നുള്ളൂ എന്നര്‍ഥം. ഇറാനില്‍ നിന്നുള്ള പൈപ്പ് ലൈന്‍ പദ്ധതിക്ക് പകരമായി അമേരിക്ക മുന്നോട്ടു വെക്കുന്നത് തുര്‍ക്ക്‌മെനിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍- പാക്കിസ്ഥാന്‍- ഇന്ത്യ പദ്ധതിയാണ്. അത്യന്തം സങ്കീര്‍ണമായ വഴികളിലൂടെയാണ് ഈ പദ്ധതി കടന്നു വരിക. സുരക്ഷാ പ്രശ്‌നങ്ങള്‍ പീസ് പൈപ്പ് ലൈനിനേക്കാള്‍ കൂടുതല്‍. ചെലവുമേറും. ഈ പദ്ധതി അമേരിക്ക മുന്നോട്ട് വെക്കുന്നത് നടപ്പാക്കാന്‍ വേണ്ടിയല്ല. ഇറാനുമായി കൈകോര്‍ക്കുന്നത് തടയാനുള്ള തന്ത്രം മാത്രമാണ് അത്.
IPI-Pipelineഇറാന്‍- പാക്കിസ്ഥാന്‍ പൈപ്പ് ലൈന്‍ മൊത്തം 1600 കിലോമീറ്ററാണ്. ഇതില്‍ 781 കിലോമീറ്റര്‍ ആണ് പാക്കിസ്ഥാന്‍ ഭാഗത്ത് വരുന്നത്. ആകെ ചെലവ് 750 കോടി ഡോളര്‍. പാക്കിസ്ഥാന്‍ ഭാഗത്തെ ലൈന്‍ സ്ഥാപിക്കാനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും 150 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതില്‍ 50 കോടി ഡോളര്‍ ഇറാന്‍ വായ്പയായി നല്‍കും. ബാക്കി തുക പാക്കിസ്ഥാന്‍ കണ്ടെത്തണം. (അതിന് അവര്‍ക്ക് സാധിക്കുമോയെന്നത് വലിയ ചോദ്യമാണ്. ഒരു മുതലാളിത്ത ധനകാര്യ സ്ഥാപനവും വായ്പ കൊടുക്കില്ല). 15 മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കാനാകുമെന്നാണ് ഇരു പക്ഷവും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ ഊര്‍ജ പ്രതിസന്ധി കലാപങ്ങള്‍ക്ക് വഴിവെക്കുന്ന സ്ഥിതിയിലുള്ള പാക്കിസ്ഥാനില്‍ പ്രതിദിനം 75 കോടി ക്യൂബിക് അടി പ്രകൃതി വാതകം ഒഴുകിയെത്തും. വിപ്ലവകരമായ സാമ്പത്തിക കുതിപ്പായിരിക്കും ഇത് രാജ്യത്തുണ്ടാക്കുക.
“ഞങ്ങള്‍ ഇതിനെ ഗൗരവപൂര്‍വം കാണുന്നു. ഇറാന്‍ ഉയര്‍ത്തുന്ന വെല്ലുവിളി നിസ്സാരമല്ല. അത് ചെറുക്കാനുള്ള ഉത്തരവാദിത്വം എല്ലാ രാജ്യങ്ങള്‍ക്കുമുണ്ട്. ഇറാന്‍ ഉപരോധ ആക്ടിന്റെ അന്തസ്സത്ത ഇതാണ്. പൈപ്പ് ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് പാക്കിസ്ഥാന്റെ ഉദ്ദേശ്യമെങ്കില്‍ കടുത്ത പ്രത്യാഘാതം അനുഭവിക്കേണ്ടി വരും”. – കഴിഞ്ഞ തിങ്കളാഴ്ച വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ പാക്കിസ്ഥാന്‍ ഭാഗത്തേക്കുള്ള നിര്‍മാണ പ്രവൃത്തി ആരംഭിച്ചയുടന്‍ യു എസ് വിദേശകാര്യ വക്താവ് വിക്‌ടോറിയ നൂലാന്‍ഡ് നടത്തിയ പ്രസ്താവനയില്‍ നിന്നാണ് ഇത്. അമേരിക്ക പ്രകോപിതമായിരിക്കുന്നു. ഇറാനെതിരായ ഏകപക്ഷീയ ഉപരോധത്തിന്റെ ആദ്യത്തെ അന്താരാഷ്ട്ര ലംഘനമാണ് പൈപ്പ് ലൈന്‍ പദ്ധതിയെന്നത് തന്നെയാണ് അമേരിക്കയെ ചൊടിപ്പിക്കുന്ന ഒന്നാമത്തെ കാര്യം. ഏഷ്യയില്‍ നിന്ന് കൂടുതല്‍ പേര്‍ ഈ വഴിയിലേക്ക് വരുമെന്ന് അമേരിക്ക ഭയക്കുന്നു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യ പോലും മാറിച്ചിന്തിക്കുമെന്ന് യു എസ് ആശങ്കപ്പെടുന്നു.
ആണവ സമ്പുഷ്ടീകരണം സംബന്ധിച്ച് ആറ് രാഷ്ട്ര ചര്‍ച്ച ചൂട് പിടിച്ച വേളയില്‍ ഉപരോധത്തെ മറികടക്കാന്‍ ഇറാന് അവസരം ലഭിച്ചുവെന്നത് അവര്‍ക്ക് വലിയ ആത്മവിശ്വാസം പകരും. ഉപരോധത്തില്‍ നട്ടം തിരിയുന്ന ഇറാന് വലിയ ആശ്വാസമാണ് പദ്ധതി. അത് ഇറാന്റെ വിലപേശല്‍ ശക്തി കൂട്ടും. അമേരിക്കയുടെ വിശുദ്ധ പങ്കാളിയായ പാക്കിസ്ഥാന്‍ ഉപരോധം മറികടന്നുവെന്നത് ചൂണ്ടിക്കാട്ടി ഫ്രാന്‍സും ബ്രിട്ടനുമെല്ലാം ഇറാന്‍വിരുദ്ധ സമീപനത്തില്‍ വെള്ളം ചേര്‍ക്കുമെന്നും അമേരിക്കക്ക് പേടിയുണ്ട്. ഒരു ഭാഗത്ത് ഇറാന്റെ ആത്മവിശ്വാസം, മറുഭാഗത്ത് അമേരിക്കയുടെ ആത്മവിശ്വാസത്തകര്‍ച്ച. ഇതാണ് പൈപ്പ്‌ലൈന്‍ പദ്ധതിയുടെ ആത്യന്തിക ഫലം.
അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങിയാല്‍ മേഖലയിലെ അമേരിക്കന്‍ താത്പര്യങ്ങളുടെ കാവലാളായി പാക്കിസ്ഥാനെയാണ് കാണുന്നത്. പാക് ചരിത്രത്തിലാദ്യമായി കാലാവധി പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ആസിഫലി സര്‍ദാരിയുടെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയിലായിരുന്നു അമേരിക്കയുടെ പ്രതീക്ഷ മുഴുവന്‍. അമേരിക്കന്‍ വിധേയത്വത്തിന്റെ ആള്‍രൂപമായിരുന്നു സര്‍ദാരി ഇക്കാലം വരെ. രാജ്യത്തെ ബന്ദിയാക്കി ഉസാമ ബിന്‍ലാദനെ വധിച്ചപ്പോഴും ഡ്രോണ്‍ ആക്രമണങ്ങള്‍ നിര്‍ബാധം തുടരുമ്പോഴും പാക് രാഷ്ട്രീയത്തില്‍ വാഴ്ത്തിയും വീഴ്ത്തിയും സി ഐ എ നിരങ്ങുമ്പോഴും ഒരക്ഷരം മിണ്ടാതിരുന്നയാളാണ് സര്‍ദാരി. ആ സര്‍ദാരി ഇറാനുമായും ചൈനയുമായും പുതിയ, ദൃഢമായ ബന്ധങ്ങള്‍ സൃഷ്ടിക്കുന്നത് അമേരിക്ക എങ്ങനെ സഹിക്കും! എന്നാല്‍, ശിക്ഷാ നടപടികളുമായി ചാടിയിറങ്ങാനും വയ്യ. ഇപ്പോള്‍ പാക് ജനതയില്‍ ഭൂരിപക്ഷവും കടുത്ത അമേരിക്കന്‍ വിരോധികളാണ്. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ലഭിക്കുന്ന പിന്തുണയുടെ അടിസ്ഥാനം ഇതാണ്. പുതിയ സാഹചര്യത്തില്‍ പാക്കിസ്ഥാനെ പൂര്‍ണമായി ശത്രുപക്ഷത്തേക്ക് തള്ളി വിടാന്‍ യു എസ് മുതിരില്ല. വിക്‌ടോറിയ ഒടുവില്‍ പറഞ്ഞതിതാണ്: “ഈ പൈപ്പ് ലൈന്‍ പദ്ധതി പല വട്ടം ഉദ്ഘാടനം ചെയ്തതാണ്. ചുരുങ്ങിയത് രണ്ട് ഡസണ്‍ തവണയെങ്കിലും ലോകം അത് കേട്ടു. ഒരിക്കലും നടക്കാത്ത സ്വപ്‌നം മാത്രമാണ് അത്. യഥാര്‍ഥത്തില്‍ നടക്കാന്‍ പോകുന്നത് എന്താണെന്ന് നോക്കാം”
വാ പിളര്‍ന്നു നില്‍ക്കുന്ന ഊര്‍ജ പ്രതിസന്ധിക്ക് മുന്നില്‍ പാക് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒന്നിച്ചിരിക്കുന്നുവെന്നതാണ് മറ്റൊരു പ്രധാന കാര്യം. തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗും (നവാസ്) സമാനമായ നിലപാടാണ് എടുത്തത്. 18 വര്‍ഷം വൈകിയെന്ന വിമര്‍ശം ഉന്നയിക്കുന്നുണ്ടെങ്കിലും മറ്റ് പാര്‍ട്ടികളും സര്‍ക്കാറിനൊപ്പമാണ്. പാക് ചരിത്രത്തില്‍ അത്യപൂര്‍വമാണ് ഈ ദേശീയൈക്യം. ഇവിടെ വിജയം വരിക്കുന്നത് സര്‍ദാരിയുടെ രാഷ്ട്രീയമാണ്. തിരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കുകയാണ്. അമേരിക്കന്‍ ദാസനെന്ന പ്രതിച്ഛായ മറികടക്കാന്‍ ഇതിലും നല്ല മാര്‍ഗമില്ലെന്ന് സര്‍ദാരിക്കറിയാം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്