പറമ്പിക്കുളം-ആളിയാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത് ഗുണകരമാവില്ലെന്ന് നിയമോപദേശം

Posted on: March 17, 2013 10:20 am | Last updated: March 18, 2013 at 8:14 am
SHARE

parambikkulam aliyar

ന്യൂഡല്‍ഹി: പറമ്പിക്കുളം ആളിയാര്‍ കരാര്‍ തമിഴ്‌നാട് ലംഘിക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കേണ്ടെന്ന് കേരളത്തിന് നിയമോപദേശം. മുതിര്‍ന്ന അഭിഭാഷകന്‍ മോഹന്‍ കത്താര്‍ക്കിയാണ് നിയമോപദേശം നല്‍കിയത്. നിരന്തരം കരാര്‍ ലംഘിക്കുന്ന തമിഴ്‌നാടിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
മന്ത്രിസഭാ യോഗമാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന ജല വകുപ്പ് ഉദ്യോഗസ്ഥരാണ് ഡല്‍ഹിയില്‍ നിയമോപദേശം തേടാനെത്തിയത്. ഇതിനായുള്ള നടപടിക്രമങ്ങള്‍ കേരളം തുടങ്ങിയതിനിടെയാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. തമിഴ്‌നാട് കരാര്‍ ലംഘനം നടത്തുന്നു എന്ന കേരളത്തിന്റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന സംയുക്ത ജലക്രമീകരണ നിയന്ത്രണ ബോര്‍ഡ് യോഗം 4. 4 ടി എം സി ജലം കേരളത്തിന് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇപ്പോള്‍ കോടതിയെ സമീപിക്കുന്നത് വേണ്ടത്ര ഗുണം ചെയ്യില്ലെന്ന അഭിപ്രായമാണ് കത്താര്‍ക്കിയുടെത്. കാവേരി പ്രശ്‌നത്തില്‍ തമിഴ്‌നാടും കര്‍ണാടകയും തമ്മിലുള്ള കേസ് സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളം സുപ്രീം കോടതിയെ സമീപിച്ചാലും അനുകൂല വിധി ലഭിക്കുന്നതിനുള്ള സാധ്യത കുറവാണ്. കോടതിയെ സമീപിക്കുന്നെങ്കില്‍ അത് നേരത്തെ ചെയ്യേണ്ടതായിരുന്നു. കരാര്‍ ലംഘനത്തിനെതിരെ തമിഴ്‌നാടില്‍ നിന്ന് നഷ്ടപരിഹാരം നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് കേരളം ഇനി നടത്തേണ്ടതെന്നും കത്താര്‍ക്കി നിയമോപദേശത്തില്‍ നിര്‍ദേശിച്ചു. വെള്ളം ലഭിക്കാത്തത് മൂലം പാലക്കാട്ട് കനത്ത വരള്‍ച്ചയും കൃഷി നാശവുമാണ് ഉണ്ടായത്. ഇത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എന്നാല്‍, ഹരജി നല്‍കിയാല്‍ കോടതി പരിഗണിക്കുമ്പോഴേക്കും മഴക്കാലമാകുകയും കേരളത്തിന്റെ വാദങ്ങള്‍ ദുര്‍ബലമാകുകയും ചെയ്യുമെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. കരാര്‍ പ്രകാരം തമിഴ്‌നാട് ഏഴ് ടി എം സി ജലം നല്‍കേണ്ടതിനു പകരം ഡിസംബര്‍ വരെ 1.7 ടി എം സി ജലം മാത്രമാണ് നല്‍കിയത്.