കട്ടുപ്പാറ പമ്പ്ഹൗസില്‍ നിന്നുള്ള ജലവിതരണം ഭാഗികമായി പുന:സ്ഥാപിക്കും

Posted on: March 17, 2013 6:23 am | Last updated: March 17, 2013 at 6:23 am
SHARE

പെരിന്തല്‍മണ്ണ: വെള്ളമില്ലാതെ പമ്പിംഗ് നിന്നുപോയ കട്ടുപ്പാറ പമ്പ്ഹൗസില്‍ നിന്നുള്ള ജലവിതരണം ഭാഗികമായി പുന: സ്ഥാപിക്കാന്‍ മന്ത്രി എം അലിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
പുഴയില്‍ മണലെടുത്ത കുഴികളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം മോട്ടോറുപയോഗിച്ച് പമ്പ് ഹൗസിലെ കിണറുകളിലേക്ക് പമ്പ് ചെയ്യുക, കുടിവെള്ളത്തിന് മുന്‍ഗണ നല്‍കി കൃഷിക്കുപയോഗിക്കുന്ന കട്ടുപ്പാറ ലിഫ്റ്റ് ഇറിഗേഷന്റേതുള്‍പ്പെടെ എല്ലാ പമ്പിംഗുകളും നിര്‍ത്തിവെക്കുക, മണലെടുക്കാന്‍ പുഴയിലേക്ക് വാഹനമിറങ്ങുന്നതും മറ്റും തടയാന്‍ സ്ഥിരമായി കടവില്‍ പോലീസിനെ നിര്‍ത്തുക തുടങ്ങിയ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്തും. കാഞ്ഞിരപ്പുഴ ഡാം തുറന്നുവിടുന്നതുകൊണ്ട് നേരിട്ട് കുന്തിപ്പുഴയിലേക്ക് വെള്ളം ലഭിക്കില്ലെന്നും കനാലിലേക്ക് തുറന്നുവിടാനുള്ള സംവിധാനം ഉണ്ടെന്നും അതും 16 ദിവസത്തേക്കുള്ള വെള്ളം മാത്രമേ കാഞ്ഞിരപ്പുഴ ഡാമിലുള്ളൂവെന്നും മന്ത്രി പറഞ്ഞു. കട്ടുപ്പാറ പമ്പ്ഹൗസില്‍ നിന്നുള്ള ജലവിതരണം നടത്തിയിരുന്ന നഗരസഭയിലെയും അങ്ങാടിപ്പുറം, ഏലംകുളം, പുലാമന്തോള്‍ ഗ്രാമപഞ്ചായത്തുകളിലെയും കിണറുകളും കുളങ്ങളും മറ്റുസംവിധാനങ്ങളും ഉപയോഗപ്പെടുത്തി കഴിയുന്നത്ര കുടിവെള്ള വിതരണത്തിന് നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.
ഇതുമായി ബന്ധപ്പെട്ട ഫണ്ടുകളുടെ മറ്റും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബന്ധപ്പെട്ട നഗരസഭ പഞ്ചായത്ത് ജനപ്രതിനിധികള്‍ നാളെ കലക്ടറുമായി ചര്‍ച്ച നടത്തും. കട്ടുപ്പാറയിലെ സ്ഥിരം തടയമ നിര്‍മാണപ്രവര്‍ത്തി ഫണ്ടില്ലാത്തത് കാരണം നീണ്ടുപോവുകയാണെന്ന് മന്ത്രി അലി പറഞ്ഞു.
കലക്ടര്‍ എം സി മോഹന്‍ദാസ്, വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, പോലീസ്, മോട്ടോര്‍ വെഹിക്കിള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അബൂബക്കര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ്, വൈസ് ചെയര്‍മാന്‍ മുഹമ്മ്ദ സലീം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മെമ്പര്‍മാര്‍, പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം ഇ കെ മുഹമ്മദ്കുട്ടി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ കട്ടുപ്പാറ പമ്പ്ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ സംബന്ധിച്ചു.