തളിപ്പറമ്പ് നഗരസഭയിലെ മുസ്‌ലിം ലീഗ് കൗണ്‍സിലറുടെ തിരഞ്ഞെടുപ്പ് കോടതി റദ്ദാക്കി

Posted on: March 17, 2013 6:16 am | Last updated: March 17, 2013 at 6:16 am
SHARE

IUML Flagതളിപ്പറമ്പ്: മുനിസിപ്പല്‍ മുസ്‌ലിം ലീഗ് നേതാവ് കൊണ്ടായി മുസ്തഫയുടെ നഗരസഭാ കൗണ്‍സിലര്‍ തിരഞ്ഞെടുപ്പ് കോടതി റദ്ദാക്കി. തളിപ്പറമ്പ് നഗരസഭയില്‍ മൂന്നാം വാര്‍ഡായ മുക്കോലയില്‍ നിന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്തഫ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടത്. നേരത്ത് അക്രമകേസില്‍ പ്രതിയായിരുന്ന മുസ്തഫയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിര്‍സ്ഥാനാര്‍ത്ഥി എല്‍ ഡി എഫിലെ സുരേഷ് അഡ്വ. കെ ബാലകൃഷ്ണന്‍ നായര്‍ മുഖേന സമര്‍പ്പിച്ച ഹരജിയിലാണ് മുന്‍സിഫ് ഉണ്ണികൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടത് റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പരിശോധനാ വേളയില്‍ തന്നെ എതിര്‍സ്ഥാനാര്‍ഥി മുസ്തഫക്കെതിരെ തടസവാദം ഉന്നയിച്ചിരുന്നു. 1992ല്‍ തളിപ്പറമ്പ് മാര്‍ക്കറ്റില്‍ വെച്ച് പീതാംബരന്‍ മാസ്റ്ററെ അക്രമിച്ച കേസില്‍ പ്രതിയായിരുന്ന മുസ്തഫയെ തളിപ്പറമ്പ് കോടതി ശിക്ഷിക്കുകയും ജില്ലാ കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളപ്പെടുകയും ചെയ്തിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ ശിക്ഷ സ്റ്റേ ചെയ്തില്ലെങ്കിലും ജയിലില്‍ പോകുന്നത് സ്റ്റേ ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പത്രികാസമര്‍പ്പണ വേളയില്‍ എതിര്‍സ്ഥാനാര്‍ത്ഥി തടസവാദം ഉന്നയിച്ചത്. എന്നാല്‍ സുരേഷിന്റെ വാദം മുഖവിലക്കെടുക്കാതെ വരണാധികാരി മുസ്തഫയുടെ പത്രിക സ്വീകരിക്കുകയായിരുന്നുവെന്നും കാണിച്ചാണ് മുന്‍സിഫ് കോടതിയെ സമീപിച്ചത്. 2004ല്‍ ഇതിന് സമാനമായ കേസില്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ച ഉത്തരവ് അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഹരജിക്കാരന്റെ വാദം അംഗീകരിച്ച കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.