പ്ലസ്ടു കോംപ്ലക്‌സ് നിര്‍മാണം; 85 കോടിയുടെ എസ്റ്റിമേറ്റിന് ജില്ലാ പഞ്ചായത്ത് അംഗീകാരം

Posted on: March 17, 2013 6:11 am | Last updated: March 17, 2013 at 6:12 am
SHARE

place holder newകണ്ണൂര്‍: ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് ടു കോംപ്ലക്‌സുകള്‍ സ്ഥാപിക്കുന്നതിന് 85,59,000,00 രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ജില്ലാ പഞ്ചായത്ത് യോഗം അംഗീകാരം നല്‍കി. 21 ഹയര്‍ സെക്കന്‍ഡറി സ്‌കുളുകളില്‍ പ്ലസ് ടു കോംപ്ലക്‌സുകളുടെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന് 42 കോടി രൂപയുടെയും 12 പുതിയ സ്‌കൂളുകളില്‍ പ്ലസ്ടു കോംപ്ലക്‌സ് സ്ഥാപിക്കാന്‍ 36,84,000,00 രൂപയും ഒരു ടി ടി ഐക്ക് വേണ്ടി 6,75,000,00 രൂപയുടെയും എസ്റ്റിമേറ്റാണ് യോഗം അംഗീകരിച്ചത്. പ്ലസ് ടു കോംപ്ലക്‌സ് നിര്‍മാണത്തിന്റെ ആദ്യഘട്ടമായി ഒന്നാംനില സ്ഥാപിച്ച 21 സ്‌കൂളുകള്‍ക്ക് പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായി രണ്ട് കോടി വീതമാണ് അനുവദിക്കുക. പുതിയ 12 സ്‌കൂളുകള്‍ക്ക് 3,07,000,00 വീതം പഌസ്ടു കോംപ്ലക്‌സ് സ്ഥാപിക്കാനായി അനുവദിക്കുക. മാതമംഗലം ടി ടി ഐക്ക് കോംപ്ലക്‌സ് സ്ഥാപിക്കാന്‍ 6,75,000,00 രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. അംഗീകരിച്ച എസ്റ്റിമേറ്റ് സര്‍ക്കാരിന് സമര്‍പ്പിക്കും. 2008ലാണ് പ്ലസ്ടു കോംപ്ലക്‌സ് പദ്ധതി നടപ്പാക്കിയത്. ഇതനുസരിച്ച് ഒന്നാംനില നിര്‍മിച്ചെങ്കിലും പിന്നീട് ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍ത്തി വെക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് പദ്ധതി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ജില്ലാ പഞ്ചായത്ത് അഭ്യര്‍ഥിക്കുകയും നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി വാഗ്ധാനം നല്‍കുകയും ചെയ്തിരുന്നു. ഇതെ തുടര്‍ന്നാണ് പുതുക്കിയ എസ്റ്റിമേറ്റ് ജില്ലാ പഞ്ചായത്ത് അംഗീകരിച്ചത്. ജില്ലാ പഞ്ചായത്ത് വികസനകേന്ദ്രത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ അംഗങ്ങളെ അവഗണിച്ചതായി അഡ്വ. പി മാധവന്‍ മാസ്റ്റര്‍ ആരോപിച്ചു.
എളയാവൂര്‍ അതിരകം കുടിവെള്ള പദ്ധതി സ്ഥലം ലഭ്യമാകാത്തതിനാല്‍ ഉപേക്ഷിക്കാന്‍ യോഗം തീരുമാനിച്ചു. തോട്ടട ഐ ടി ഐക്ക് ജില്ലാ പഞ്ചായത്ത് സഹായം വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലല്ലാത്ത സ്‌പോര്‍ട്‌സ് സ്‌കൂളിനെ സഹായിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഐ ടി ഐയെയും സഹായിക്കണമെന്ന് അംഗങ്ങളായ കെ രവീന്ദ്രന്‍, പി മാധവന്‍ എന്നിവരാവശ്യപ്പെട്ടു. പ്രസിഡന്റ് പ്രൊഫ. കെ എ സരള അധ്യക്ഷത വഹിച്ചു. 2012-13 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് യോഗം അധികാരം നല്‍കി. വൈസ് പ്രസിഡന്റ് ടി കൃഷ്ണന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്മാരായ പി റോസ, എ പി സുജാത, ഒ രതി, സെക്രട്ടറി എം കെ ശ്രീജിത്ത്, അംഗങ്ങളായ പി വി രവീന്ദ്രനാഥ്, പി പി മഹമൂദ്, ഡോ. പി കെ ഫിലോമിന, ഡെയ്‌സി മാണി, പി കെ ശബരീഷ് കുമാര്‍, അഡ്വ. കെ ജെ ജോസഫ്, എം കുഞ്ഞിരാമന്‍, എല്‍ എസ് ജി ഡി എന്‍ജിനീയര്‍ വി കെ സജീവന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.