കുടുക്കിയത് സഹപ്രവര്‍ത്തകയെന്ന് ബിറ്റി

Posted on: March 17, 2013 2:30 am | Last updated: March 17, 2013 at 2:30 am
SHARE

Bitti_mohanty_in_jaipur295കണ്ണൂര്‍: ഊമക്കത്ത് എഴുതി തന്നെ കുടുക്കിയത് സഹപ്രവര്‍ത്തകയായ യുവതിയായിരിക്കാമെന്ന് കണ്ണൂരില്‍ അറസ്റ്റിലായ രാജസ്ഥാനിലെ അല്‍വാര്‍ ബലാത്സംഗക്കേസിലെ പിടികിട്ടാപ്പുള്ളി ബിറ്റി മൊഹന്തി(29)യുടെ മൊഴി. താന്‍ രാഘവ് രാജ് അല്ലെന്നും ബിറ്റിയാണെന്നും എസ് ബി ടിയുടെ മാടായി ബ്രാഞ്ചിലെ സഹപ്രവര്‍ത്തകയോട് വെളിപ്പെടുത്തിയിരുന്നുവെന്നും ബിറ്റി മൊഹന്തി പോലീസിനോട് പറഞ്ഞു. രാജസ്ഥാനത്തിലെ തെളിവെടുപ്പിനിടയിലാണ് ഇക്കാര്യം ഇയാള്‍ വ്യക്തമാക്കിയത്. മാടായി ബ്രാഞ്ചില്‍ പ്രൊബേഷണറി ഓഫീസറായി ജോലി ചെയ്യവെ ഈ യുവതിയോട് ബിറ്റി നേരത്തെ വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. അതേസമയം, രാജസ്ഥാനിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ബിറ്റിയുമായി അന്വേഷണ സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടു.
മംഗളാ എക്‌സ്പ്രസിലാണ് ഇവര്‍ എത്തുന്നത്. ബിറ്റിയുമായി ജയ്പൂരില്‍ നിന്ന് വിമാന മാര്‍ഗം വരാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരായ തളിപ്പറമ്പ് ഡി വൈ എസ് പി. കെ എസ് സുദര്‍ശന്‍, തളിപ്പറമ്പ് സി ഐ. എ വി ജോണ്‍ എന്നിവരുടെ തീരുമാനം. ഇതിനായി ജയ്പൂര്‍ വിമാനത്താവളത്തില്‍ ഇന്നലെ രാവിലെ ഇവര്‍ ബിറ്റിയുമായി എത്തിയെങ്കിലും പ്രതിയുമായി സഞ്ചരിക്കാനുള്ള വ്യോമയാന വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാല്‍ വിമാനയാത്ര സാധിക്കാതെ വരികയായിരുന്നു. ഡി വൈ എസ് പിയും സി ഐയും ഒഴികെയുള്ള അന്വേഷണ സംഘത്തിലെ മറ്റ് അഞ്ച് പേര്‍ ജയ്പൂരില്‍ നിന്ന് ട്രെയിനില്‍ പുറപ്പെട്ട ശേഷമാണ് വിമാനയാത്ര നടക്കില്ലെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് ബിറ്റിയുമായി പോലീസ് ഉദ്യോഗസ്ഥര്‍ കമാന്‍ഡോകളുടെ സുരക്ഷയില്‍ ജയ്പൂരില്‍ നിന്ന് ആഗ്രയിലേക്കു കാറില്‍ പുറപ്പെടുകയും ഉച്ചയോടെ മംഗളാ എക്‌സ്പ്രസില്‍ ഇവര്‍ക്കൊപ്പം ചേരുകയുമായിരുന്നു.
ജര്‍മന്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ അല്‍വാറിലടക്കം ബിറ്റിയെ കൊണ്ടുപോയി അന്വേഷണ സംഘം തെളിവെടുത്തിരുന്നു. അല്‍വാറിലെ പോലീസ് സ്റ്റേഷന്‍, സബ് ജയില്‍, ജയ്പൂരിലെ ജില്ലാ ജയില്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും തെളിവെടുപ്പ് നടന്നത്. ഇവിടങ്ങളിലെ സര്‍ട്ടിഫിക്കറ്റ് രേഖകളില്‍ നിന്ന് ബിറ്റിയുടെ ശരീരത്തിലെ തിരിച്ചറിയല്‍ അടയാളങ്ങളടക്കം ലഭിച്ചിട്ടുണ്ട്. രാഘവ് രാജ് ബിറ്റിയാണെന്ന് തെളിയിക്കാനുള്ള വ്യക്തമായ രേഖകള്‍ ഇതിനകം ലഭിച്ചുകഴിഞ്ഞുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, ശ്രീകണ്ഠപുരം സി ഐ. ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ബിറ്റിയുടെ ജന്മനാടായ ഒഡീഷയില്‍ തെളിവെടുപ്പ് നടത്തി വരികയാണ്.
അതിനിടെ, ബിറ്റിയുടെ പിതാവും ഒഡീഷ മുന്‍ ഡി ജി പിയുമായ ബി ബി മൊഹന്തിയെ കേരളാ പോലീസ് കട്ടക്കിലെത്തി ചോദ്യം ചെയ്തു. കട്ടക്ക് പോലീസ് സ്റ്റേഷനില്‍ വെച്ചാണ് രണ്ട് മണിക്കൂര്‍ മൊഹന്തിയെ ചോദ്യം ചെയ്തത്. വ്യാജരേഖ ചമക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ക്ക് മൊഹന്തി സഹായം ചെയ്തില്ലെന്നാണ് ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായതെന്നാണ് പോലീസ് വൃത്തങ്ങള്‍ കട്ടക്കില്‍ പറഞ്ഞത്.