Connect with us

International

ഷാവേസിന് കാരക്കസ് സൈനിക ആസ്ഥാനത്ത് അന്ത്യനിദ്ര

Published

|

Last Updated

കാരക്കസ്: അമേരിക്കന്‍ സാമ്രാജ്യത്വത്തെ ഇച്ഛാശക്തികൊണ്ട് വെല്ലുവിളിച്ച വെനിസ്വേലയുടെ ധീര വിപ്ലവകാരി ഹ്യൂഗോ ഷാവേസിന് കാരക്കസ് സൈനിക ആസ്ഥാനത്ത് അന്ത്യനിദ്ര. 1992ല്‍ പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ഒരു മാസത്തിനുള്ളില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട അതേ മണ്ണിലേക്ക് അദ്ദേഹം അലിഞ്ഞു.
പതിനായിരങ്ങളാണ് കാരക്കാസിലെ തെരുവുകളില്‍ തങ്ങള്‍ നെഞ്ചേറ്റിയ പ്രിയ നേതാവിനെ ഒരിക്കല്‍ കൂടി കാണാനെത്തിയത്. കഴിഞ്ഞ ഒമ്പത് രാപ്പകലുകളായി സൂക്ഷിച്ച മൃതദേഹം കാണാന്‍ അക്ഷരാര്‍ഥത്തില്‍ ജനം അണപൊട്ടി ഒഴുകുകയായിരുന്നു.
ബന്ധുക്കളും സുഹൃത്തുക്കളും ഉന്നത രാഷ്ട്രീയ നേതാക്കളുമടക്കം സൈനിക മേധാവികളും അദ്ദേഹത്തിന്റെ അന്ത്യ യാത്രക്ക് സന്നിഹിതരായിരുന്നു. അന്ത്യ ചടങ്ങുകള്‍ രാജ്യത്തെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ടായിരുന്നു.
കറുത്ത പേടകത്തില്‍ കിടത്തിയ ഭൗതിക ശരീരം ചുവന്ന പരവതാനി വിരിച്ച് മുതിര്‍ന്ന സൈനിക മേധാവികളാണ് ചുമന്നത്. 12 കിലോമീറ്ററോളമാണ് മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര നടന്നത്. ആദ്യം കാല്‍ നടയായും പിന്നീട് കാര്‍, മോട്ടോര്‍ സൈക്കിള്‍, ജീപ്പ് എന്നിവയിലും വീണ്ടും കാല്‍നടയായും വിലാപ യാത്ര അവസാനിച്ചു. യാത്രയയക്കാനെത്തിയ ഭൂരിപക്ഷം ജനങ്ങളും ചുവന്ന വസ്ത്രങ്ങളണിഞ്ഞിരുന്നു.
അതേസമയം മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനുള്ള തീരുമാനത്തില്‍ നിന്ന് അധികൃതര്‍ പിന്‍മാറി. റഷ്യന്‍ മെഡിക്കല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സൈനിക താവളമായിരുന്ന കെട്ടിടം അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന മ്യൂസിയമാക്കി മാറ്റിയിരുന്നു. “”ലോകത്തിലെ വിപ്ലവകാരികള്‍ക്കുള്ള തീര്‍ഥാടന കേന്ദ്രം”” എന്ന പേരിലറിയപ്പെടുന്ന മ്യൂസിയം ഇന്നലെ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.
ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദന രാജ്യമായ വെനിസ്വേലയെ 14 വര്‍ഷം കരുത്തോടെ നയിച്ച ആ വിപ്ലവകാരി ഇനി ജ്വലിക്കുന്ന ഓര്‍മ.