Connect with us

International

കെനിയ: ഒഡിംഗ കോടതിയെ സമീപിക്കുന്നു

Published

|

Last Updated

നൈറോബി: കെനിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട റെയ്‌ല ഒഡിംഗ സുപ്രീം കോടതിയെ സമീപിച്ചു. നിലവിലെ പ്രധാനമന്ത്രിയായ ഒഡിംഗ ന്യായമായ നിയമ നടപടി സ്വീകരിക്കുകയാണെന്നും ജനങ്ങള്‍ ഒഡിംഗയെ ബഹുമാനിക്കുന്നതായും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി.
ഒഡിംഗയുടെ പരാതിയില്‍ രണ്ടാഴ്ചക്കകം സുപ്രീം കോടതി തീരുമാനമെടുക്കും. ഉഹുരു കെന്‍യാത്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ ഒഡിംഗ തള്ളിക്കളഞ്ഞു. ഇലക്ടറല്‍ കമ്മീഷനുമായുള്ള വഞ്ചാനാപരമായ കൂട്ടാണ് തിരഞ്ഞെടുപ്പില്‍ പ്രകടമായതെന്ന് അദ്ദേഹം ആരോപിച്ചു.
അതേസമയം ഒഡിംഗയെ പിന്തുണക്കുന്നവര്‍ സുപ്രീംകോടതിക്ക് മുമ്പില്‍ മുദ്രാവാക്യം വിളികളുമായി തടിച്ചു കൂടിയതിനെ തുടര്‍ന്ന് ഇവരെ ഒഴിവാക്കുന്നതിനായി പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കോടതി പരിസരത്തേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. അക്രമത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഒഡിംഗയുടെ പരാതിയെ അനുകൂലിക്കുന്നതായും ജനാധിപത്യം വിചാരണ ചെയ്യപ്പെടുകയാണെന്നുമെഴുതിയ ടീ ഷര്‍ട്ടുകള്‍ ധരിച്ചാണ് ഒഡിംഗ അനുകൂലികള്‍ പ്രകടനത്തിനെത്തിയത്. കേസ് കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം അനുയായികളോട് ആഹ്വാനം ചെയ്തു. കോടതി വിധിക്കായി കാത്തിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2007ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. അന്ന് കെനിയയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 1,200ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത്തവണ സ്ഥിതി ഏറെക്കുറെ ശാന്തമാണ്.
ഈ മാസം ഒമ്പതിനായിരുന്നു കെനിയയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. കെനിയയുടെ പ്രഥമ പ്രസിഡന്റിന്റെ മകനാണ് നിലവില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെന്‍യാത്ത. ആഫ്രിക്കയിലെ ഏറ്റവും സമ്പന്നനായി അറിയപ്പെടുന്ന വ്യക്തിയായ കെന്‍യാത്ത ക്രിമിനല്‍ കേസില്‍ ആരോപണവിധേയനായിരുന്നു. കലാപമുണ്ടാക്കാന്‍ നേതൃത്വം നല്‍കിയെന്നും അദ്ദേഹത്തിനെതിരെ ആരോപണമുയര്‍ന്നിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 50.07 ശതമാനം വോട്ടിന് വിജയിച്ച കെന്‍യാത്ത 800,000 വോട്ടുകളുടെ മുന്‍തൂക്കം സ്വന്തമാക്കിയാണ് ഒഡിംഗയെ പരാജയപ്പെടുത്തിയത്. ഒഡിംഗക്ക് 43.31 ശതമാനം വോട്ടാണ് ലഭിച്ചത്. പ്രധാനമന്ത്രി പദത്തിലിരിക്കുമ്പോള്‍ തിരഞ്ഞെടുപ്പിനെ നേരിട്ട ഒഡിംഗ സുപ്രീംകോടതി വിധിയെ താന്‍ പൂര്‍ണമായും അംഗീകരിക്കുമെന്നും വ്യക്തമാക്കി. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് ഒഡിംഗ സമര്‍പ്പിച്ച പരാതി കെനിയയിലെ ജനാധിപത്യത്തിന്റെ പരീക്ഷണ വേദിയായി മാറുകയാണ്.

Latest