Connect with us

Kerala

നിരവധി പേരില്‍ നിന്ന് 60 ലക്ഷത്തോളം രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍

Published

|

Last Updated

കൊല്ലം: തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നിരവധി പേരെ കബളിപ്പിച്ച് 60 ലക്ഷത്തോളം രൂപയും രേഖകളും കൈക്കലാക്കിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജോനകപ്പുറം മുസ്‌ലിം പള്ളിക്ക് സമീപത്തെ തോണ്ടലില്‍ പുരയിടത്തില്‍ അല്‍പ്പായിസ് എന്ന ഷാഹുല്‍ ഹമീദ് (62) ആണ് അറസ്റ്റിലായത്.

വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിച്ച് ജൂനിയര്‍ സൂപ്രണ്ടായി റിട്ടയര്‍ ചെയ്ത ആളാണെന്ന് പറയുന്ന ഇയാള്‍ വ്യാപാരികളെയും കച്ചവടക്കാരെയും സമീപിച്ച് രേഖകളും തുകയും കൈപ്പറ്റിയ ശേഷം മുങ്ങുന്നതാണ് പതിവ്. വര്‍ക്കല പാപനാശം സാവിത്രി മന്ദിരത്തില്‍ അശോക് കുമാറില്‍ നിന്നും റവന്യൂ വകുപ്പ് വഴി അഞ്ച് സെന്റ് പുറമ്പോക്ക് ഭൂമി പേരിലാക്കി കൊടുക്കാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ വാങ്ങിയും കൊല്ലത്തെ രാധാസ് ഏജന്‍സീസ് ഉടമയില്‍ നിന്നും കോര്‍പ്പറേഷനിലെ കാര്യങ്ങള്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് 20,000 രൂപയും രേഖകളും വാങ്ങിയതും ഉള്‍പ്പെടെ നൂറു കണക്കിനാളുകളില്‍ നിന്നാണ് ഇയാള്‍ പണവും രേഖകളും കൈപ്പറ്റിയത്.
നൂറ് കണക്കിന് പേരെ കബളിപ്പിച്ചതായി അന്വേഷണത്തില്‍ പോലീസിന് വ്യക്തമായിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷം പ്രതിക്കെതിരെ സ്റ്റേഷനില്‍ 50 ഓളം പരാതികള്‍ ഒരു ദിവസത്തിനകം ലഭിച്ചിട്ടുണ്ട്. നേരത്തെ കൊല്ലത്തെ പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായി അഞ്ച് വര്‍ഷം ജോലി ചെയ്തിട്ടുള്ള ഇയാള്‍ വിദഗ്ധമായാണ് ആളുകളെ വലയിലാക്കുന്നത്.
പ്രതിയുടെ പെരുമാറ്റത്തിലും സംഭാഷണത്തിലും ആകൃഷ്ടരായി കബളിപ്പിക്കപ്പെട്ടവരാണ് പരാതിക്കാരിലേറെയും. ഒരു ദിവസം തന്നെ 10 ഉം 15 ഉം സിം കാര്‍ഡുകള്‍ മാറി മാറി ഉപയോഗിച്ചാണ് പ്രതി തട്ടിപ്പ് നടത്തുന്നത്. പലരോടും പല പേരുകള്‍ പറഞ്ഞ് നടന്ന ഇയാളെ തന്ത്രപരമായാണ് പോലീസ് വലയിലാക്കിയത്. ഷാഹുല്‍ ഹമീദിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ ബി കൃഷ്ണകുമാറിന്റ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് സി ഐ. വി സുഗതന്‍, കൊല്ലം എസ് ഐ. ജി ഗോപകുമാര്‍, ഗ്രേഡ് എസ് ഐ. യേശുദാസന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഷാഹുല്‍ ഹമീദിനെതിരെ പള്ളിത്തോട്ടം പോലീസ് സ്റ്റേഷനില്‍ മൂന്ന് കേസുകള്‍ നിലവിലുണ്ട്. ഒരു വര്‍ഷത്തിനിടെ പ്രതി ഇപ്രകാരം നൂറുകണക്കിന് ആളുകളില്‍ നിന്ന് 60 ലക്ഷത്തോളം രൂപയും സുപ്രധാന രേഖകളും കൈവശപ്പെടുത്തിയതായി വ്യക്തമായിട്ടുണ്ട്. പ്രതിയെ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

Latest