മുസ്‌ലിം ലീഗിന്റെ തീട്ടൂരം വേണ്ടെന്ന് ആര്യാടന്‍

Posted on: March 16, 2013 5:16 pm | Last updated: March 17, 2013 at 1:59 am
SHARE

aryadan-muhammed

കല്‍പ്പറ്റ: തനിക്ക് കെ പി എ മജീദിന്റെ തീട്ടൂരം വേണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തിനുശേഷം ബജറ്റിനെ സംബന്ധിച്ച ലീഗിന്റെ അഭിപ്രായപ്രകടനത്തെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ധനമന്ത്രി തയ്യാറാക്കുന്ന ബജറ്റ് ആരുമായും ചര്‍ച്ച ചെയ്യാറില്ല. മുഖ്യമന്ത്രിയെ തലേന്ന് വായിച്ചു കേള്‍പ്പിച്ചെന്നിരിക്കും. ലോകത്തെ ജനാധിപത്യ രാജ്യങ്ങളിലൊക്കെ അങ്ങനെയാണ് പതിവ്. ഇത് മജീദിന് അറിയില്ല.
കൂട്ടുത്തരവാദിത്വത്തില്‍ തയ്യാറാക്കിയതാണ് ബജറ്റ് എന്നും പല തലങ്ങളിലും ചര്‍ച്ച നടത്തി എന്നുമാണ് മജീദ് പറയുന്നത്. എന്നാല്‍ മാണി അങ്ങനെ പറയില്ല. ചര്‍ച്ച നടത്തിയെന്ന് മാണി പറഞ്ഞാല്‍ രാജിയല്ല രാജ്യം തന്നെ വിട്ടുപോകാന്‍ തയ്യാറാണ്. പാര്‍ട്ടിയില്‍ താന്‍ എന്തു പറഞ്ഞു എന്ന് മജീദിനെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. ഹൈദരലി ശിഹാബ് തങ്ങളോട് ചോദിച്ചിട്ടല്ല പാര്‍ട്ടിയില്‍ കാര്യങ്ങള്‍ പറയുന്നത്. അതിന് ആര്യാടനെ കിട്ടില്ല.
തനിക്ക് ശരിയെന്ന് തോന്നുന്നത് പറയും. പാര്‍ട്ടിയില്‍ പറഞ്ഞത് പുറത്തു പറയേണ്ട ആവശ്യമില്ല. തന്നെ പഠിപ്പിക്കാന്‍ മജീദ് ആയിട്ടില്ല. ശിഹാബ് തങ്ങളുമായിട്ടില്ല. മജീദിന്റെ പാര്‍ട്ടിയെ പോലെയുള്ള പാര്‍ട്ടിയല്ല തന്റെത്. ‘തന്നോട് രാജി വെക്കാന്‍ പറയാന്‍ കെ പി എ മജീദ് വളര്‍ന്നിട്ടില്ലെന്നും ആര്യാടന്‍ പറഞ്ഞു.