Connect with us

Kerala

ടി പി വധം: കുഞ്ഞനന്തനും രാമചന്ദ്രനുമെതിരെ സാക്ഷി മൊഴികള്‍

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന സി പി എം പ്രാദേശിക നേതാക്കള്‍ക്കെതിരെ സാക്ഷി മൊഴികള്‍. സി പി എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവും കേസിലെ 13-ാം പ്രതിയുമായ പി കെ കുഞ്ഞനന്തന്റെ വീട്ടില്‍ കൊലയാളി സംഘാംഗം ട്രൗസര്‍ മനോജും എട്ടാം പ്രതിയും സി പി എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗവുമായ കെ സി രാമചന്ദ്രനും ബൈക്കില്‍ എത്തിയിരുന്നതായി 29-ാം സാക്ഷി കണ്ണങ്കോട് ഇ ബാബു മൊഴി നല്‍കി. കൊലപാതക സംഘത്തിലെ ചിലര്‍ കുഞ്ഞനന്തന്റെ വീട്ടില്‍ ടാറ്റാ സുമോ വാഹനത്തില്‍ എത്തിയത് കണ്ടെന്ന് കേസിലെ 20-ാം സാക്ഷി കൂവക്കുന്ന് കിഴക്കയില്‍ വീട്ടില്‍ കെ വത്സനും മാറാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി.

ബാബു പ്രതികളെ തിരിച്ചറിഞ്ഞപ്പോള്‍ വത്സന് റഫീഖ്, കൊടി സുനി, ട്രൗസര്‍ മനോജ് എന്നിവരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തലശ്ശേരിയുടെയും മറ്റും മാപ്പുമായി വിചാരണക്കെത്തിയ പ്രതിഭാഗം അഭിഭാഷകരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പലപ്പോഴും സാക്ഷികള്‍ പതറി.
കടുത്ത രാഷ്ട്രീയ വിരോധം കൊണ്ട് സ്വന്തം പാര്‍ട്ടിയും ആര്‍ എം പി നേതാക്കളുടെയും തീരുമാനമനുസരിച്ചാണ് ഇവര്‍ കള്ളസാക്ഷി പറയുന്നതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. കുഞ്ഞനന്തന്‍ താമസിക്കുന്ന വീടിന് മുമ്പിലൂടെ ബാബു പോയെന്ന് പറയുന്നത് കളവാണ്. കെ സി രാമചന്ദ്രന്റെ ഫോട്ടോ പോലീസ് കാണിച്ചുകൊടുത്തതുകൊണ്ടാണ് തിരിച്ചറിയാന്‍ സാധിച്ചതെന്നും പ്രതിഭാഗം വാദിച്ചു.
എന്നാല്‍ 2012 ഏപ്രില്‍ 20ന് രാവിലെ ഏഴെ മുക്കാലിനാണ് കുഞ്ഞനന്തന്റെ വീട്ടില്‍ മനോജും രാമചന്ദ്രനും എത്തിയതെന്ന് ബാബു പറഞ്ഞു. വീടിന്റെ കിഴക്കു ഭാഗത്തുള്ള റോഡിലൂടെയാണ് ബൈക്കില്‍ ഇരുവരും എത്തിയത്. രാമചന്ദ്രനായിരുന്നു ബൈക്കോടിച്ചത്. രാമചന്ദ്രനെ ആദ്യമായി അന്നാണ് കാണുന്നത്. ഡ്രൈവറായ മനോജനെ പാറാട്ടെ ടൗണില്‍ വെച്ചു കാണാറുണ്ട്. തിരുവങ്ങാട് ശ്രീരാമകൃഷ്ണ ക്ഷേത്രത്തിലേക്കു പോകുന്നതിനിടെയായിരുന്നു താന്‍ ഇരുവരേയും കണ്ടത്. ബാബു മൊഴി നല്‍കി.
പാറാട്ടേക്ക് കുഞ്ഞനന്തന്റെ വീടിനു മുമ്പിലൂടെയല്ലാതെ മറ്റു വഴികളുണ്ട്. എന്നാല്‍ അതു വഴി പോകാറില്ലെന്നും കുഞ്ഞനന്തന്റെ വീടിന് മുമ്പിലൂടെയാണ് സ്ഥിരമായി പോകാറുള്ളതെന്നും പ്രതിഭാഗം അഭിഭാഷകരുടെ ചോദ്യങ്ങള്‍ക്ക് ബാബു മറുപടി നല്‍കി.
2012 ഏപ്രില്‍ 24ന് രാവിലെ പതിനൊന്നരയോടെയാണ് കുഞ്ഞനന്തന്റെ വീട്ടില്‍ കൊലപാതക സംഘത്തില്‍പ്പെട്ടവര്‍ ടാറ്റാസുമോ വാഹനത്തില്‍ എത്തിയത് കണ്ടതെന്നാണ് കൂവക്കുന്ന് കിഴക്കയില്‍ വീട്ടില്‍ വത്സന്റെ മൊഴി. ടി പിയുടെ കഥ കഴിക്കണമെന്ന് കുഞ്ഞനന്തന്‍ ഇവരോട് പറയുന്നത് കേട്ടെന്നും ഇയാള്‍ മൊഴി നല്‍കി.
മത്സ്യവില്‍പ്പനക്കാരനായ താന്‍ എല്ലാ ദിവസവും പാറാട് ഭാഗത്ത് കുഞ്ഞനന്തന്റെ വീടിന് മുമ്പിലൂടെയാണ് മത്സ്യം വില്‍ക്കാന്‍ പോകുന്നത്.
ചുവപ്പ് നിറമുള്ള ടാറ്റാസുമോയിലാണ് സംഘം വന്നത്. ഇതില്‍ ഒരാള്‍ വാഹനത്തില്‍ ചാരി നില്‍ക്കുകയായിരുന്നു. കെ എല്‍ 59-11 ബി 5151 നമ്പര്‍ വാഹനത്തിലാണ് ആളുകള്‍ എത്തിയത്. കുഞ്ഞനന്തന് പുറമെ കൊടി സുനി, ട്രൗസര്‍ മനോജ് എന്നിവരും പരിചയമില്ലാത്ത രണ്ട് പേരും ഉണ്ടായിരുന്നു. വാഹനത്തില്‍ ചാരി നിന്നയാള്‍ വായപ്പടിച്ചി റഫീഖ് ആണൈന്ന് പിന്നീട് മനസ്സിലായെന്നും വത്സന്‍ പറഞ്ഞു.
ഇനിയെല്ലാം പറഞ്ഞതുപോലെ, ചന്ദ്രശേഖരന്റെ കഥ കഴിക്കണം, ഇനി അവനെ മുന്നോട്ട് വിടരുത്”എന്നാണ് അവരോട് കുഞ്ഞനന്തന്‍ പറഞ്ഞതെന്നും വത്സന്‍ കോടതിയില്‍ പറഞ്ഞു. റോഡിലൂടെ നടന്ന് പോകുന്ന തനിക്ക് കേള്‍ക്കാന്‍ പറ്റുന്ന ശബ്ദത്തിലാണ് കുഞ്ഞനന്തന്‍ സംസാരിച്ചിരുന്നത്. ചന്ദ്രശേഖരനെപ്പറ്റി പറയുന്നതും വ്യക്തമായി കേട്ടു. കുഞ്ഞനന്തനുമായി സംസാരിക്കുക പതിവുണ്ട്. എന്നാല്‍ അന്ന് സംസാരമൊന്നുമുണ്ടായില്ലെന്നും ഇയാള്‍ പറഞ്ഞു.

Latest