Connect with us

Malappuram

മെഡിക്കല്‍ കോളജില്‍ നിന്ന് പല്ല് മാറിപ്പറിച്ച യുവതി നീതി തേടി വട്ടം കറങ്ങുന്നു

Published

|

Last Updated

തിരൂരങ്ങാടി: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരുടെ പിടിപ്പ്‌കേട് മൂലം പല്ലുകള്‍ മാറിപ്പറിച്ച യുവതി നീതിതേടി വട്ടംകറങ്ങുന്നു.വെളിമുക്ക് ആലുങ്ങല്‍ കോഴിപ്പറമ്പത്ത് മൈമൂന(30)ക്കാണ് ഈ ദുരവസ്ഥ.
കഴിഞ്ഞ ഫെബ്രുവരി 23നാണ് ഇവര്‍ മെഡിക്കല്‍ കോളജ് ദന്തവിഭാഗം ഡോക്ടര്‍മാരെ സമീപിച്ചത്. അണപ്പല്ല് പറിക്കണമെന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശം. ഇതുപ്രകാരം ശീട്ടുമായി സമീപിച്ചപ്പോള്‍ അണപ്പല്ലിന് പകരം മുന്‍വരിയിലെ മൂന്ന് പല്ലുകളാണ് പറിച്ചത്. പറിക്കുന്നതിന് മുമ്പ് ഡോക്ടറോടും നഴ്‌സിനോടും വിവരം ധരിപ്പിച്ചിരുന്നുവത്രെ. രക്തം വാര്‍ന്ന് അവശയായ അവസ്ഥയിലായിരുന്നു യുവതി.
ഇതേ തുടര്‍ന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആശുപത്രി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജിനെ ഉപരോധിച്ചിരുന്നു. ഒരാഴ്ചക്കകം കൃത്രിമ പല്ല് വെച്ചുകൊടുക്കാമെന്ന് ആശുപത്രി അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പലതലണ ആശുപത്രിയില്‍ ചെന്നിട്ടും പല കാരണങ്ങള്‍ പറഞ്ഞ് ഇവരെ മടക്കി വിടുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ നിന്ന് പല്ല് വെക്കണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് 10000 രൂപയെങ്കിലും ചിലവ് വരും. നിര്‍ധന കുടുംബത്തില്‍ പെട്ട മൈമൂനക്ക് ഇതിനുള്ള വകയില്ല. മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടി ഉണ്ടായിട്ടില്ല. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് മൈമൂനയുടെ ബന്ധുക്കള്‍.