Connect with us

Malappuram

പെരിന്തല്‍മണ്ണയില്‍ കുടിവെള്ള വിതരണം നിലച്ചു

Published

|

Last Updated

പെരിന്തല്‍മണ്ണ: നഗരസഭയിലെയും പരിസര പഞ്ചായത്തുകളിലെയും കുടിവെള്ള വിതരണം പൂര്‍ണമായും നിലച്ചു. കട്ടുപ്പാറ പുഴയിലെ താത്കാലിക തടയണയിലെ ജലം തീര്‍ന്നതു കാരണം ഇന്നലെ പമ്പിംഗ് മുടങ്ങി. കുന്തിപ്പുഴയിലെ നീരൊഴുക്ക് കുറഞ്ഞതിനാല്‍ ഏതാനും ദിവസമായി താത്കാലിക തടയില്‍ കെട്ടി നിന്നിരുന്ന വെള്ളമുപയോഗിച്ച് മണിക്കൂറുകള്‍ ഇടവിട്ട് വെള്ളം പമ്പ് ചെയ്തിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം 15 മിനിറ്റ് നേരത്തേക്കാണ് പമ്പിംഗിന് ജലം ലഭിച്ചത്. 150 എച്ച് പി മോട്ടോര്‍ ഉപയോഗിച്ച് ഒരടി വ്യാസമുള്ള പൈപ്പിലാണ് ജലം പമ്പ് ചെയ്തിരുന്നത്. പുഴയിലെ നീരൊഴുക്ക് തീരെ ഇല്ലാത്ത സാഹചര്യത്തില്‍ ഇനി മഴ ലഭിക്കാതെ പമ്പിംഗിന് കഴിയില്ല. തടയണയില്‍ കെട്ടിനില്‍ക്കുന്ന കുറഞ്ഞ ജലം പമ്പിംഗ് കിണറ്റിലേക്ക് ജെ സി ബി ഉപയോഗിച്ച് ചാല് കീറികൊണ്ടുവരാന്‍ ഇന്നലെ നടത്തിയ ശ്രമവും വിജയിച്ചില്ല. കാഞ്ഞിരപ്പുഴ ഡാം തുറന്നുവിടുക മാത്രമാണ് താത്കാലിക പരിഹാരം. വാട്ടര്‍ അതോറിറ്റി അധികൃതര്‍ പ്രശ്‌നം ജില്ലാ കലക്ടറെയും വകുപ്പ്മന്ത്രിയുടെയും സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി എം അലിയുടെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രികളുടെത് ഉള്‍പ്പെടെ പതിനഞ്ചോളം ടാങ്കര്‍ ലോറികള്‍ രാത്രിയും പകലും ഈ തടയണയില്‍ നിന്ന് വെള്ളമെടുത്തിരുന്നു. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആശുപത്രികളൊഴിച്ചുള്ള സ്വകാര്യ ടാങ്കര്‍ ലോറികളില്‍ കട്ടുപ്പാറ പുഴയോരത്തെ കിണറുകളില്‍ നിന്നു വിലക്കുവാങ്ങിയാണിപ്പോള്‍ ജലം കൊണ്ടുപോയി വിതരണം ചെയ്യുന്നത്. ലോഡ്ജ്, ഹോട്ടലുകള്‍, കോഴിഫാമുകള്‍, വിവാഹ ചടങ്ങുകള്‍ക്കെല്ലാം ടാങ്കര്‍ ലോറികളിലെ ജലമാണ് ഉപയോഗിക്കുന്നത്.
കട്ടുപ്പാറ താത്കാലിക തടയണയിലെ ജലമാണ് ലിഫ്റ്റ് ഇറിഗേഷന്‍ പമ്പ് ചെയ്യുന്നത്. നൂറുകണക്കിന് ഏക്കര്‍ സ്ഥലത്തെ കൃഷിക്കുപയോഗിക്കുന്ന ജലവിതരണവും ഇതോടെ നിലക്കും. പെരിന്തല്‍മണ്ണ നഗരസഭക്കു പുറമെ അങ്ങാടിപ്പുറം, ഏലംകുളം, പുലാമന്തോള്‍ ഗ്രാമപഞ്ചായത്തുകളിലും കട്ടുപ്പാറ പമ്പ്ഹൗസിലെ ജലമാണ് വിതരണം ചെയ്തിരുന്നത്.

Latest