Connect with us

Malappuram

വീടുകള്‍ കുത്തിത്തുറന്ന് മോഷണം: വേങ്ങര സ്വദേശികളായ മൂന്ന് പേര്‍ പിടിയില്‍

Published

|

Last Updated

മലപ്പുറം: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങളും ഇലക്ട്രോണിക്‌സ് സാധനങ്ങളും പണവും കവര്‍ച്ച ചെയ്യുന്ന മൂന്നംഗ സംഘം പോലീസ് പിടിയിലായി. വേങ്ങര അത്താണിക്കുണ്ട് പാറശ്ശേരി വീട്ടില്‍ മുഹമ്മദ് റാഫി (33), വേങ്ങര മാറ്റാനാം കോളനി പൂവളപ്പില്‍ സെയ്ദ് മുഹമ്മദ് (43), വേങ്ങര ചേറൂര്‍ റോഡിലെ കൊടിഞ്ഞിക്കോട് സൈതലവി എന്നിവരെയാണ് മലപ്പുറം സി ഐ. ടി ബി വിജയന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
മലപ്പുറംമേല്‍മുറി അധികാരത്തൊടിയിലെ നാണത്ത് കൂത്രാട്ട് ഹൈദ്രസിന്റെ വീട്ടില്‍ കഴിഞ്ഞ മാസം നടന്ന മോഷണത്തിന്റെ അന്വേഷണത്തിനിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്. ഈ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും ഇലക്ട്രോണിക് സാധനങ്ങളും കവര്‍ന്ന സംഘം മലപ്പുറം ഒറ്റത്തറ കിളിയമണ്ണില്‍ മുഹമ്മദ്, മറ്റത്തൂര്‍ തൊടുവത്ത് പറമ്പ് നന്നംപറ്റ ഉണ്ണീന്‍ കുട്ടി എന്നിവരുടെ വീടുകളിലും കവര്‍ച്ച നടത്തിയതായി തെളിഞ്ഞു. തൊണ്ടി മുതലുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ കേസുകളില്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി സൂചനയുണ്ടെന്നും മലപ്പുറം സി ഐ. ടി ബി വിജയന്‍ പറഞ്ഞു.
സി ഐയെകൂടാതെ മലപ്പുറം എസ് ഐ അബ്ദുല്‍ മജീദ്, എ എസ് ഐ ശ്രീനിവാസന്‍, എസ് സി പിഒമാരായ ഉമര്‍ മേമന, സാബുലാല്‍, മുരളി, സി.പി.ഒമാരായ അജയന്‍, ബിനു എന്നിവരും മോഷ്ടാക്കളെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.