Connect with us

Kozhikode

അനധികൃത മണല്‍ വാരല്‍; കുറ്റിയാടി പുഴ നാശത്തിലേക്ക്

Published

|

Last Updated

കുറ്റിയാടി: കുറ്റിയാടി പുഴയിലെ അനധികൃത മണല്‍ വാരല്‍ പുഴയെ നാശത്തിലേക്ക് നയിക്കുന്നു. രാപ്പകല്‍ വ്യത്യാസമില്ലാതെ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മണല്‍ വാരല്‍ തുടരുകയാണ്. കുറ്റിയാടി പുഴയുടെ ഭാഗങ്ങളായ ചെറുപുഴ, തട്ടാര്‍കണ്ടി പുഴ, നടോല്‍താഴ, തളീക്കര, പാച്ചാല്‍ പുഴകളില്‍ നിന്നും വാരുന്ന മണല്‍ ചാക്കില്‍ നിറച്ച് രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുകയാണ്.
മരുതോങ്കര, ചങ്ങരോത്ത്, വേളം പഞ്ചായത്തുകളില്‍ പെട്ട പുഴകളിലും അനധികൃത മണല്‍ വാരല്‍ വ്യാപകമാണ്. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നടക്കുന്ന മണല്‍ വാരല്‍ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും പുഴയോരം ഇടിയുന്നതിനും ഇടയാക്കുന്നു. മണല്‍വാരി ചാക്കുകളിലാക്കി അര്‍ധരാത്രി വിതരണം ചെയ്യുന്ന സംഘങ്ങള്‍ തന്നെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നതായാണ് നാട്ടുകാരുടെ പരാതി.
അനധികൃത മണല്‍വാരല്‍ കാപ്പുമല കുടിവെള്ള പദ്ധതിക്കും വേളത്തെ കരങ്കോട് കടവില്‍ സ്ഥിതി ചെയ്യുന്ന പമ്പ് ഹൗസിനും കിണറിനും ഭീഷണിയായി മാറിയെന്ന് നേരത്തെ തന്നെ പുഴയോരവാസികള്‍ പരാതി ഉന്നയിച്ചിരുന്നു. മണല്‍ വാരുന്നത് കാരണം പുഴയോടടുത്ത പറമ്പുകള്‍ക്കും വീടുകള്‍ക്കും ഭീഷണിയാണെന്ന് കാണിച്ച് നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വേളത്തെ കൂരങ്കോട്, തറവട്ടത്ത് കടവുകള്‍ ആഴ്ചകളായി അധികൃതര്‍ പൂട്ടിയിരിക്കുകയാണ്.
വേളത്തെ മുണ്ടക്കല്‍ കടവ് നേരത്തെ തന്നെ പൂട്ടിയിരുന്നു. ഇപ്പോള്‍ വേളം പഞ്ചായത്തില്‍ ചോയിമഠം, ഗുളികപ്പുഴ കടവുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അനധികൃതമായി വാരുന്ന മണല്‍ മറ്റ് സൗകര്യപ്രദമായ ഭാഗങ്ങളിലെത്തിച്ച് വില്‍പ്പന നടത്തിവരുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു.്‌