Connect with us

Kozhikode

ബജറ്റില്‍ ജില്ലക്ക് കാര്യമായ നേട്ടമില്ല

Published

|

Last Updated

കോഴിക്കോട്: ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ജില്ലക്ക് കാര്യമായ നേട്ടമില്ല. വലിയ പദ്ധതികളൊന്നും ജില്ലക്കായി പ്രഖ്യാപിക്കാതിരുന്ന ബജറ്റിന് സമ്മിശ്ര പ്രതികരണമാണുള്ളത്. ജില്ലയുടെ ടൂറിസം വികസനത്തെ പാടെ അവഗണിച്ചപ്പോള്‍ ഗതാഗത വികസന രംഗത്ത് പേരിന് മാത്രമുള്ള പരിഗണനയാണ് ലഭിച്ചത്. മറ്റു ജില്ലകളെ പോലെ അടിസ്ഥാന വികസന മേഖലയില്‍ ജില്ലക്കും ചെറിയ പരിഗണന ലഭിച്ചിട്ടുണ്ട്. വിനോദസഞ്ചാര വകുപ്പിന് കീഴില്‍ കക്കയം-പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നതാണ് ടൂറിസം രംഗത്ത് ജില്ലക്ക് ആകെയുള്ള പ്രഖ്യാപനം.
മലബാറിന്റെ സാംസ്‌കാരികത്തനിമ സംരക്ഷിക്കുന്നതിന് കോഴിക്കോട് ആസ്ഥാനമായി മലബാര്‍ കള്‍ച്ചറല്‍ വില്ലേജ് സ്ഥാപിക്കുമെന്ന് ബജറ്റ് പറയുന്നു. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ നാല് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ കെട്ടിടം, കോഴിക്കോട്, ബേപ്പൂര്‍ തുറമുഖ വികസനത്തിന് സാമ്പത്തിക സഹായം, ചാലിയാറിലെ വെള്ളം ഉപയോഗിച്ച് കോര്‍പറേഷനിലെ ജല വിതരണം ശക്തിപ്പെടുത്തല്‍, നീര നിര്‍മാണ യൂനിറ്റ് തുടങ്ങിയ പദ്ധതികളാണ് ജില്ലക്കായി പ്രഖ്യാപിച്ചത്.
എന്നാല്‍ കോഴിക്കോടിന്റെ സ്വപ്‌ന പദ്ധതിയായ മോണോ റെയിലിനായി ബജറ്റ് ഒന്നും പറയുന്നില്ല. മോണോ റെയിലിന് മുന്നോടിയായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ നവീകരിക്കുമെന്ന് മാത്രമാണ് ബജറ്റ് പറയുന്നത്. ഇതിനും കാര്യമായ തുക വകയിരുത്തിയിട്ടില്ല. കോഴിക്കോട് ഉള്‍പ്പെടെ അഞ്ച് റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിന് 10 കോടി രൂപയാണ് വകയിരുത്തിയത്. ജില്ലയുടെ ഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന് പുതിയ റോഡുകളൊന്നും ബജറ്റിലില്ല. എന്നാല്‍ മറ്റ് ജില്ലകള്‍ക്കൊപ്പം ബൈപ്പാസ് നവീകരണത്തിന് തുക വകയിരുത്തിയിട്ടുണ്ട്. ഇതിനായി അഞ്ചു കോടി രൂപയാണ് നീക്കിവെച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ക്യാന്‍സര്‍ ടെര്‍ഷ്യറി കെയര്‍ സംവിധാനം ഏര്‍പ്പെടുത്തും. ജില്ലാ ആശുപത്രിയില്‍ ക്യാന്‍സര്‍ കെയര്‍ സെന്റര്‍ തുറക്കും. ഇതിനായി നാല് ജില്ലാ ആശുപത്രികള്‍ക്കായി അഞ്ച് കോടി രൂപ വകയിരുത്തി. കടലിലുണ്ടാകുന്ന അപകടങ്ങള്‍ക്ക് ചികിത്സ നല്‍കുന്നതിന് കാലതാമസം വരുന്നത് തടയാന്‍ ബേപ്പൂര്‍ തുറമുഖത്തിനായി മറൈന്‍ ആംബുലന്‍സ് നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. തീരദേശ കപ്പല്‍ ഗതാഗത പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ബേപ്പൂരിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്യാധുനിക രീതിയില്‍ മത്സ്യവും മത്സ്യ ഉത്പന്നങ്ങളും വിതരണം ചെയ്യുന്നതിനാണ് കോഴിക്കോട് ഉള്‍പ്പെടെ ഫിഷ് മാളുകള്‍ ഒരുക്കുന്നത്.
സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനായി നടപ്പിലാക്കുന്ന ധാര പദ്ധതിയില്‍ വടകരയെയും ബജറ്റില്‍ ഉള്‍പ്പെടുത്തി. ജപ്പാന്‍ പദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന വര്‍ഷങ്ങളായുള്ള പ്രഖ്യാപനം ഇത്തവണയും ബജറ്റില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് വ്യവസായ വികസന കോര്‍പ്പറേഷന്‍ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഇന്റഗ്രേറ്റഡ് ബിസിനസ് ഹബ്ബ് രൂപവത്കരിക്കും. വടകര മാഹി കനാലിന് കുറുകെ ആറ് പാലങ്ങളും 50 നടപ്പാലങ്ങളും പണിയുന്നതിനായി അഞ്ച് കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ ആധുനിക ആശുപത്രികള്‍ കൂട്ടിയിണക്കി മെഡിക്കല്‍ സിറ്റികള്‍ രൂപപ്പെടുത്തുമെന്നും ബജറ്റ് പറയുന്നു.

Latest