Connect with us

Editorial

തരക്കേടില്ലാത്ത ബജറ്റ്

Published

|

Last Updated

ജനപ്രിയമല്ലെങ്കിലും പ്രത്യക്ഷത്തില്‍ നിരുപദ്രവകരമാണ് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച കെ എം മാണിയുടെ പതിനൊന്നാമത് ബജറ്റ്. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന കാര്യമായ നികുതി നിര്‍ദേശങ്ങളൊന്നുമില്ല. സാമൂഹിക മേഖലകളില്‍ കൂടുതല്‍ ആനുകൂല്യങ്ങളും സഹായങ്ങളും പ്രഖ്യാപിച്ചിട്ടുമുണ്ട്. അതേസമയം വാറ്റ് നികുതി വര്‍ധന പോലുള്ള ബജറ്റിലെ നിര്‍ദേശങ്ങള്‍ ആത്യന്തികമായി ജനങ്ങളുടെ ബാധിക്കുന്നതുമാണ്.
കാര്‍ഷിക, ക്ഷേമ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍ കൂടുതല്‍ പരിഗണന നല്‍കുന്നുണ്ട്. ചെറുകിട കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ, ഒരു ലക്ഷം വരെയുള്ള കാര്‍ഷിക വായ്പ എഴുതത്തള്ളല്‍, വ്യക്തിഗത നികുതിയില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കല്‍, കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കാന്‍ നഗരങ്ങളില്‍ അഗ്രി മാളുകള്‍, ചെറുകിട കൃഷിത്തോട്ടങ്ങള്‍ക്ക് 1000 രൂപയുടെ സഹായം തുടങ്ങിയവയാണ് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍. ക്ഷേമ പെന്‍ഷനുകളിലും അനാഥ, വൃദ്ധ സദനങ്ങളിലെ അന്തേവാസികളുടെ ഗ്രാന്റിലും നിര്‍ധനരുടെ വിവാഹ ധനസഹായത്തിലും വര്‍ധന വരുത്തിയ ബജറ്റ് സാമ്പത്തികമായി പിന്നാക്കമായ കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹ മംഗല്യ നിധിയും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, തിരുവനന്തപുരം മോണോ റെയില്‍ പദ്ധതികള്‍, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ തുടങ്ങിയവയാണ് അടിസ്ഥാന വികസന പദ്ധതികളില്‍ പ്രാമുഖ്യം നല്‍കിയവ. 788.93 കോടിയാണ് ഇതിനായി വകയിരുത്തിയത്.
പെന്‍ഷന്‍ പ്രായം 60 വയസ്സാക്കി ഉയര്‍ത്തിയതാണ് ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനം. ഏപ്രില്‍ ഒന്ന് മുതല്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കേ ഇത് ബാധകമാകൂ. ജീവനക്കാര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണത്തിനും യുവജന സംഘടനകളുടെ രൂക്ഷമായ എതിര്‍പ്പിനും വിഷയീഭവിക്കുന്ന ബജറ്റിലെ ഈ പ്രഖ്യാപനം മന്ത്രി മാണി സഭയില്‍ വായിക്കാതിരുന്നത് വിവാദമായിരിക്കയാണ്. വിട്ടു പോയതാണെന്ന് മന്ത്രി പറയുമ്പോള്‍ മനഃപൂര്‍വം വിട്ടതാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകളുടെ കറവപ്പശുക്കളാണ് പ്രവാസികള്‍. നാടും വീടും വിട്ട് വിദേശ രാജ്യങ്ങളില്‍ എല്ലു മുറിയെ അധ്വാനിച്ചു അവര്‍ അയക്കുന്ന പണം നാടിന്റെ വികസനത്തില്‍ മികച്ച പങ്കാണ് വഹിക്കുന്നത്. എന്നാല്‍ ബജറ്റില്‍ വിവിധ വിഭാഗങ്ങള്‍ക്ക് ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ സര്‍ക്കാര്‍ പ്രവാസികളെ വിസ്മരിക്കുകയോ അവഗണിക്കുകയോ ചെയ്യാറാണ് പതിവ്. ഇക്കുറിയും പതിവ് തെറ്റിച്ചിട്ടില്ല. 30 ലക്ഷം വരുന്ന വിദേശ മലയാളികളുടെ ക്ഷേമത്തിന് ബജറ്റില്‍ വകയിരുത്തിയത് ഒരു കോടി രൂപ മാത്രം.
പുതിയ പദ്ധതികള്‍ ഏറെ പ്രഖ്യാപിക്കുന്നതിലല്ല, പ്രഖ്യാപിച്ച പദ്ധതികള്‍ എത്ര നടപ്പാക്കി എന്നതിനെ അടിസ്ഥനമാക്കിയാണ് സര്‍ക്കാ റിനെ വിലയിരുത്തേണ്ടത്. കഴിഞ്ഞ വര്‍ഷം മാണി പ്രഖ്യാപിച്ച പല പദ്ധതികളും ഇനിയും നടപ്പായില്ല. അതേ പദ്ധതികള്‍ തന്നെയാണ് ഇത്തവണത്തെ ബജറ്റില്‍ പുതിയ പേരുകളില്‍ സ്ഥലം പിടിച്ച പലതും. 14 ഹൈടെക് ഗ്രാമങ്ങള്‍ എന്ന പുതിയ ബജറ്റിലെ പ്രഖ്യാപനം, കഴിഞ്ഞ ബജറ്റിലെ കാര്‍ഷിക വികസനത്തിന് ഹൈടെക് രീതിയുടെ തനിയാവര്‍ത്തനമാണ്. കുട്ടനാട്ടിലും പാലക്കാട്ടും റൈസ് ബയോപാര്‍ക്കുകള്‍, എല്ലാ ജില്ലകളിലും എയര്‍ സ്ട്രിപ്പുകള്‍, ഐ ടി മേഖലയില്‍ ആറ് ലക്ഷം തൊഴിലവസരങ്ങള്‍ എന്നിങ്ങനെ എന്തെല്ലാം പ്രഖ്യാപനങ്ങളാണ് ഇപ്പോഴും കടലാസില്‍ ഒതുങ്ങിക്കൂടുന്നത്.
60327 കോടിയുടെ റവന്യൂ ചെലവും 58057 രൂപയുടെ വരവും കാണിക്കുന്ന ബജറ്റ് പ്രതീക്ഷിക്കുന്ന റവന്യൂ കമ്മി 2270 കോടിയാണെങ്കിലും യഥാര്‍ഥ കമ്മി ഇതില്‍ ഒതുങ്ങാന്‍ പ്രയാസം. വളര്‍ച്ചാ നിരക്കില്‍ 9.5 ശതമാനവും ആളോഹരി വരുമാനത്തില്‍ 8.8 ശതമാനവും വര്‍ധന ഉണ്ടായതായി സാമ്പത്തിക സര്‍വേയില്‍ അവകാശപ്പെടുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഇപ്പോഴും ഗുരുതരമാണ്. പൊതു കടം 13.7 ശതമാനം വര്‍ധിച്ചു 89, 418 കോടിയായി ഉയര്‍ന്നിട്ടുണ്ട്. ആളോഹരി കടം 24,600 രൂപ വരും. 2007-ല്‍ ഇത് 15.700 രൂപയായിരുന്നു.റവന്യൂ കമ്മിയില്‍ 2.4 ശതമാനവും ധനക്കമ്മിയില്‍ 4 ശതമാനത്തിന്റെയും വര്‍ധന സര്‍വേയില്‍ കാണിക്കുന്നു. പുതിയ വര്‍ഷത്തെ 1400 കോടിയുടെ അധികച്ചെലവ് കൂടി ചേരുമ്പോള്‍ മൊത്തം കമ്മി ഇനിയും ഉയരും. അധികച്ചെലവ് പരിഹരിക്കാന്‍ വിഭവ സമാഹരണത്തിലൂടെ 1138.33 കോടി സമാഹരിക്കുമെന്ന പ്രഖ്യാപനം ലക്ഷ്യം കാണണമെങ്കില്‍ നന്നായി വിയര്‍ക്കേണ്ടി വരും.