Connect with us

Editors Pick

ആ മറവിക്ക് പ്രായം 38!

Published

|

Last Updated

hockey team

1975ലെ ഹോക്കി ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം

ഇന്ത്യ ഹോക്കി ലോകകപ്പ് നേടിയിട്ട് 38 വര്‍ഷം പൂര്‍ത്തിയായി. പിന്നീടൊരിക്കലും സാധ്യമാകാത്ത നേട്ടം !…ഇന്ത്യ-പാക് ഹോക്കി പരമ്പര റദ്ദാക്കിയ വാര്‍ത്തയും അസ്‌ലന്‍ഷാ കപ്പില്‍ നിന്ന് പുറത്തായ വാര്‍ത്തയും മാത്രമാണ് ഇന്ത്യന്‍ ഹോക്കിയെ ചുറ്റിപ്പറ്റിയുള്ളത്. നമ്മുടെ ഹോക്കിയിലെ ആ വീരപുരുഷന്‍മാര്‍ ആഘോഷിക്കപ്പെടുകയോ ആദരിക്കപ്പെടുകയോ ചെയ്യുന്നുണ്ടോ…?

1975 മാര്‍ച്ച് 15 – ഇന്ത്യന്‍ കായിക മേഖലക്ക് ചരിത്രമുഹൂര്‍ത്തം സമ്മാനിച്ച ദിവസം. ആ ചരിത്രമുഹൂര്‍ത്തം സൃഷ്ടിച്ചവര്‍ ഇന്ന് വിസ്മൃതിയിലാണെന്നത് വലിയ വേദനയല്ല. കാരണം, മറവി മനുഷ്യസഹജമാണല്ലോ ! പക്ഷേ, ആ മറവിയുടെ പേരില്‍ ഇവര്‍ തുടരെ അപമാനിക്കപ്പെടുന്നത് വലിയ വേദന തന്നെ.
ഇന്ത്യക്ക് ഒരേയൊരിക്കല്‍ ഹോക്കി ലോകകപ്പ് കിരീടം നേടിത്തന്നവരെ കുറിച്ചാണ് സൂചിപ്പിക്കുന്നത്. ഫൈനലില്‍ പാക്കിസ്ഥാനെ കീഴടക്കി ലോകകിരീടം ചൂടിയ ഇന്ത്യയുടെ ഹോക്കി ടീം അംഗങ്ങള്‍ മഹാരഥന്‍മാരെ പോലെയാണ് മുപ്പത്തെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്വാലലംപൂരില്‍ നിന്ന് മടങ്ങിയെത്തിയത്.
1975 ലെ നക്ഷത്ര ടീമില്‍ കളിച്ചവരില്‍ ഇന്ന് ജീവിക്കുന്നത് പതിമൂന്ന് പേര്‍. അന്നത്തെ ഫൈനല്‍ മത്സരം ഒരിക്കല്‍ കൂടി ഒരുമിച്ചിരുന്ന് കണ്ടു. അതായിരുന്നു അസ്‌ലം ഷേര്‍ ഖാനും അശോക് കുമാറും അശോക് ദെവാനും അടങ്ങുന്ന മുന്‍ സൂപ്പര്‍ താരങ്ങള്‍ ചെയ്തത്. ലോകകപ്പ് നേട്ടത്തെ മറന്നവരോട് അസ്‌ലം ഷേര്‍ ഖാന് പറയാനുള്ളത് ദയവ് ചെയ്ത് ഹോക്കി ഹീറോസ് എന്ന് വിശേഷിപ്പിക്കാതിരിക്കൂ എന്നാണ്. ക്രിക്കറ്റിനാണ് ഇവിടെ മുന്‍ഗണന. എന്റെ മക്കള്‍ സ്‌കൂളില്‍ ക്രിക്കറ്റ് ടീമിലാണ് കളിച്ചത്. അവരെ തടയാന്‍ ഞാനാരുമല്ല- ഷേര്‍ ഖാന്‍ പറഞ്ഞു.
ലോകകപ്പ് ജേതാക്കളെ സാമ്പത്തികമായ സഹായിക്കാന്‍ ഇടക്കിടെ പ്രദര്‍ശന മത്സരങ്ങള്‍ സംഘടിപ്പിച്ചതൊഴിച്ചാല്‍ കാര്യമായൊരു കൈത്താങ്ങുമുണ്ടായില്ല. ഉത്തര്‍പ്രദേശ് താരങ്ങള്‍ക്ക് ഇരുചക്രവാഹനം നല്‍കി സര്‍ക്കാര്‍ ആദരിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ ക്യാഷ് അവാര്‍ഡ് ഏര്‍പ്പെടുത്തി.
അശോക് ദെവാന്‍ എന്ന ഡല്‍ഹി ഗോള്‍കീപ്പര്‍ക്ക് അതെല്ലാം ഓര്‍ക്കുമ്പോള്‍ കണ്ണ് നിറയും. സഹതാരങ്ങള്‍ അംഗീകരിക്കപ്പെട്ടതിലുള്ള സന്തോഷവും തന്നെ ഡല്‍ഹി സര്‍ക്കാര്‍ മറന്നുപോയതിലുള്ള നിരാശയും ആ കണ്ണീരില്‍ ലയിച്ചിരിക്കുന്നു. ഫൈനലില്‍ പാക്കിസ്ഥാന്‍ അവസാന മിനുട്ടുകളില്‍ തുടര്‍ ആക്രമണം നടത്തിയപ്പോള്‍ അസാധ്യമായ രക്ഷപ്പെടുത്തലുകളുമായി ഇന്ത്യക്ക് ലോകകിരീടം ഉറപ്പിച്ചത് ഈ ഡല്‍ഹിക്കാരനായിരുന്നു.
സെമിഫൈനലില്‍ മലേഷ്യക്കെതിരെ ഇന്ത്യക്ക് സമനില ഗോള്‍ നേടി തിരിച്ചുവരവൊരുക്കിയ അസ്‌ലം ഷേര്‍ ഖാന്റെ നിരാശയത്രയും തങ്ങളെ ഇന്ത്യന്‍ കായിമേഖലയും ജനതയും മറന്നുവെന്നതിലാണ്. ഇതിനാസ്പദമായൊരു സംഭവം അടുത്തിടെയുണ്ടായി. ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ ലോകകപ്പ് മത്സരം കാണാനെത്തിയ 1975 ലോകകപ്പ് ടീമിന്റെ നായകന്‍ അജിത്പാല്‍ സിംഗിനും സഹതാരം വിരേന്ദര്‍ സിംഗിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രവേശനം നിഷേധിച്ചു. ലോകകപ്പ് ജയിച്ചവരാണെന്ന് പറഞ്ഞപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടു. സഹായിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ വേഗം സ്ഥലം കാലിയാക്കാനായിരുന്നു പോലീസ് താക്കീത്. ഭാര്യ അവശയായതിനാല്‍ വിരേന്ദര്‍ സിംഗ് എതിര്‍ക്കാനൊന്നും നിന്നില്ല. വീട്ടിലേക്ക് മടങ്ങി.
ഹോക്കിയിലൂടെ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ ആ പഴയതലമുറ ഇന്ന് പിന്നാമ്പുറത്താണ്. അവരുടെ മക്കളോട് ഹോക്കി കളിക്കേണ്ടെന്നാണ് ആവശ്യപ്പെടുന്നത്. ഭൂരിഭാഗം കളിക്കാരുടെയും മക്കള്‍ ക്രിക്കറ്റിലാണ് ശ്രദ്ധയൂന്നിയത്. വിരേന്ദറിന്റെയും ശിവാജ പവാറിന്റെയും മക്കള്‍ പക്ഷേ ഹോക്കിയിലേക്ക് വന്നു. അതുവഴി റെയില്‍വേയില്‍ ജോലി തരപ്പെടുത്തി.
1975 ടീമിലെ മൂന്ന് പേര്‍- സുര്‍ജീത് സിംഗ്, മൊഹീന്ദര്‍ സിംഗ്, ശിവാജി പവാര്‍- ജീവിച്ചിരിപ്പില്ല. അവര്‍ മാത്രമാണ് കൂടുതല്‍ അപമാനമേല്‍ക്കാത്തവര്‍ !
1983 ല്‍ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയ കപില്‍ദേവിന്റെ ടീം അംഗങ്ങള്‍ ഇന്നും വാര്‍ത്തകളില്‍ നിറയുന്നു. എല്ലാവരും വലിയ നിലയില്‍ കഴിയുന്നു. അവര്‍ എവിടെയും തിരിച്ചറിയപ്പെടുന്നു. ഒരു സെക്യൂരിറ്റിക്കാരനും അവരെ തടയുകയില്ല. സ്റ്റേഡിയത്തിലേക്ക് വരുമ്പോള്‍ പോലീസുദ്യോഗസ്ഥര്‍ അവരോട് തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കുകയില്ല. ക്രിക്കറ്റ് അവര്‍ക്ക് നല്‍കിയത് സൗഭാഗ്യങ്ങള്‍ മാത്രം.
ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ ആറ് പേരുടെ മക്കള്‍ ക്രിക്കറ്റ് മേഖലയില്‍ തന്നെ ചുവടുറപ്പിച്ചു. എല്ലാവരും സമ്പന്നര്‍. മാധ്യമങ്ങളില്‍ സ്ഥിരം കോളം എഴുതുന്നവര്‍.
TH27_AJITPAL_34484eഹോക്കി നിരയിലെ പ്രശസ്തന്‍ അശോക് കുമാറാണ്. അതിന് കാരണമുണ്ട്. അദ്ദേഹത്തിന്റെ അച്ഛന്‍ ധ്യാന്‍ ചന്ദാണ്. ഹോക്കിയിലെ ഇതിഹാസമായ സാക്ഷാല്‍ ധ്യാന്‍ ചന്ദ്. മറ്റൊരു പ്രശസ്തി, ഫൈനലില്‍ പാക്കിസ്ഥാനെതിരെ വിജയഗോള്‍ നേടി എന്നതിലാണ്. എന്നാല്‍ അതൊന്നും അശോക് കുമാര്‍ ഓര്‍ക്കാനാഗ്രഹിക്കുന്നില്ല. ഇന്ത്യയില്‍ നടന്ന ലോകകപ്പ് മത്സരം കാണാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈയ്യും കാലും പിടിക്കേണ്ടി വന്നതിലുള്ള ഗതികേട് മറ്റൊരു ടീമംഗങ്ങള്‍ക്കും വരരുതേ എന്നൊരു പ്രാര്‍ഥനമാത്രം.
ധ്യാന്‍ചന്ദിന് അശോക് ഹോക്കിയിലേക്ക് വരുന്നതിനോട് താത്പര്യമില്ലായിരുന്നു. ജീവിതം തന്നെ ഹോക്കി സമര്‍പ്പിച്ചിട്ടും തനിക്ക് ലഭിച്ചത് നന്ദികേടാണ്. ആ ഗതി മകന് വരരുതെന്ന് ഇതിഹാസ താരം ആഗ്രഹിച്ചിരുന്നു.
പക്ഷേ, മകനെയും കാത്തിരുന്നത് നന്ദികേടും അപമാനവുമായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആളറിയാഞ്ഞിട്ട് സംഭവിച്ചതാണെന്ന് കരുതി സമാധാനിക്കാം. ആദ്യമായി ഹോക്കി ലോകകപ്പ് നാടിന് സമര്‍പ്പിച്ച പോരാളികള്‍ക്ക് അര്‍ജുന നല്‍കി ആദരിക്കാന്‍ മറന്നുപോയ നാട്ടില്‍ ഇതൊക്കെ സംഭവിക്കാം.
അവരുടെയൊക്കെ ശാപമായിരിക്കുമോ ഇന്ന് നമ്മുടെ ഹോക്കി പേറുന്നത് ?

Latest