ഇരിക്കൂര്‍ ജി എച്ച് എസ് എസിലെ മഴവെള്ള സംഭരണി ഉപയോഗശൂന്യമായി

Posted on: March 15, 2013 11:05 pm | Last updated: March 15, 2013 at 11:05 pm

ശ്രീകണ്ഠപുരം: മഴവെള്ള സംഭരണി ഉപയോഗശൂന്യമായത് വിദ്യാര്‍ഥികള്‍ക്ക് ദുരിതമാകുന്നു. ഇരിക്കൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മഴവെള്ള സംഭരണിയാണ് സംരക്ഷണമില്ലാതെ നശിച്ചുക്കൊണ്ടിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച സംഭരണി വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. സ്‌കൂളിലെ കഞ്ഞിപ്പുരക്ക് സമീപം നിര്‍മിച്ചിരുന്ന സംഭരണിയിലെ വെള്ളം ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആവശ്യങ്ങള്‍ക്കായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ സാമൂഹ്യവിരുദ്ധര്‍ പൈപ്പ് തര്‍ക്കുകയും ടാപ്പുകള്‍ അഴിച്ചുകൊണ്ടുപോവുകയും ചെയ്തതോടെയാണ് ഉപയോഗശൂന്യമായത്. തുടര്‍ന്ന് അറ്റകുറ്റപണി നടത്തുന്നതിന് അധികൃതര്‍ തയ്യാറായതുമില്ല. വേനലില്‍ വരള്‍ച്ച രൂക്ഷമായ സമയത്ത് ജലക്ഷാമം പരിഹരിച്ചിരുന്നു.
സംഭരണി അടുത്ത വേനലിലെങ്കിലും പ്രയോജനപ്പെടുത്താനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്നാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആവശ്യം.