Connect with us

Kannur

ബജറ്റില്‍ കണ്ണൂരിന് പ്രതീക്ഷച്ചത് കിട്ടിയില്ല

Published

|

Last Updated

കണ്ണൂര്‍: ബജറ്റിനെ ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട കണ്ണൂരിന് പ്രതീക്ഷിച്ചതൊന്നും ഇക്കുറി കിട്ടിയില്ല. ഉത്തര കേരളത്തിനോടുള്ള പതിവ് അവഗണന ഇത്തവണയും ഉണ്ടായപ്പോള്‍ കണ്ണൂരിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന ബജറ്റില്‍ ലഭിച്ചില്ല. എന്നാല്‍ ചില്ലറ വികസന പദ്ധതികള്‍ക്ക് ബജറ്റില്‍ തുക നീക്കിവെച്ചത് അല്‍പം ആശ്വാസനത്തിന് വക നല്‍കി.
ശ്രീകണ്ഠാപുരത്ത് കലാഗ്രാമം ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ പച്ചക്കൊടിയാണ് എടുത്തു പറയേണ്ട നേട്ടം. ഇതിനായി 50 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്. മാലിന്യ നിര്‍മാര്‍ജ്ജനം, റോഡ് വികസനം, അഴീക്കല്‍ തുറമുഖം, മോണോ റയില്‍ എന്നിവക്കൊന്നും പ്രഖ്യാപനമില്ലാത്തത് ജില്ലയ്ക്ക് തിരിച്ചടിയായി. ചാല ടാങ്കര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റോഡ് സേഫ്റ്റി ഓഡിറ്റ് നടത്തി റോഡ് സുരക്ഷ ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനം എടുത്തുപറയേണ്ടതാണ്. മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പ് വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ടും ബജറ്റ് പ്രഖ്യാപനമുണ്ടായി. കണ്ണൂര്‍ വിമാനത്താവളത്തിന് തുക നീക്കിവെച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പലതും പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങി കിടന്ന സാഹചര്യത്തില്‍ ഇത്തവണത്തെ ബജറ്റില്‍ കണ്ണൂര്‍ പ്രതീക്ഷിക്കുന്നത് ഒട്ടേറെയായിരുന്നു.
അഴീക്കോട് കേന്ദ്രീകരിച്ച് ഹാന്റ്‌ലൂം വില്ലേജ് നിര്‍മ്മിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിക്കുകയും ഇതിനായി ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. കൈത്തറി വസ്തുക്കളുടെ പ്രദര്‍ശന വിപണനത്തിനായി സ്ഥിരം കേന്ദ്രം ജില്ലയില്‍ നിര്‍മിക്കുന്നതിന് പദ്ധതി തയാറാക്കിയെങ്കിലും കേന്ദ്രം സ്ഥാപിക്കാന്‍ സ്ഥലം പോലും കണ്ടെത്തിയിട്ടില്ല. മൂന്ന് വര്‍ഷം മുന്‍ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ മൂന്നു കോടി രൂപ അനുവദിച്ചിരുന്നു. അഴീക്കല്‍ തുറമുഖത്തിന്റെ കാര്യത്തില്‍ ടെണ്ടര്‍ വിളിയുമായി പോകുന്നതല്ലാതെ കാര്യമായ പുരോഗതി ഇതിലും ഉണ്ടായിട്ടില്ല. സംരംഭകര്‍ക്ക് പശ്ചിമേഷ്യ, തെക്ക് കിഴക്കന്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ നിക്ഷേപ സാധ്യത പ്രയോജനപ്പെടുത്താന്‍ കണ്ണൂരില്‍ ഇന്റഗ്രേറ്റഡ് ബിസിനസ് ഹബ് നിര്‍മിക്കും. ഇതിനായി അഞ്ച് കോടി രൂപ മുതല്‍ മുടക്കും. പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ ഉള്‍പ്പെടെ എല്ലാ തലങ്ങളിലുമുള്ള സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിന് ആരംഭിക്കുന്ന ധാര പദ്ധതി തളിപ്പറമ്പ് താലൂക്കിലും ആരംഭിക്കും. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ടും ജില്ലക്ക് എടുത്തുപറയാന്‍ നേട്ടമൊന്നുമില്ല. റോഡ് വികസനത്തിന്ഭൂമി ഏറ്റെടുക്കാനും കഴിഞ്ഞിട്ടില്ല. കണ്ണൂര്‍-തലശ്ശേരി-മാഹി ബൈപാസ് എന്ന് പറഞ്ഞു കേള്‍ക്കുന്നതല്ലാതെ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ നടപടിയൊന്നുമില്ല. ഈ പദ്ധതികളുടെ പ്രഖ്യാപനവും ഇത്തവണയുണ്ടായില്ല. കേന്ദ്രനഗര വികസന മന്ത്രാലയം ജില്ലക്ക് ആവശ്യകതയെന്ന് പറഞ്ഞ മോണോ റെയില്‍ പദ്ധതിയുടെ പ്രഖ്യാപനം ബജറ്റില്‍ പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല. തളിപ്പറമ്പ്-കണ്ണൂര്‍, കണ്ണൂര്‍-തലശ്ശേരി, തലശ്ശേരി-മട്ടന്നൂര്‍ എന്നീ മേഖലയില്‍ മോണോ റെയില്‍ നടപ്പാക്കിയാല്‍ ജില്ലയുടെ ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരം കാണാനാകുന്നതാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടും ബജറ്റില്‍ പ്രഖ്യാപനമുണ്ടായില്ല.

Latest