ഫ്രാന്‍സിസ് ഒന്നാമന്‍ ഫുട്‌ബോളിന്റെയും പാപ്പ

Posted on: March 15, 2013 2:53 pm | Last updated: March 15, 2013 at 6:33 pm
SHARE
papacrow142way
സാന്‍ ലോറന്‍സോ ക്ലബ്ബ് വെബ്‌സൈറ്റില്‍ ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ ക്ലബ്ബ് ജഴ്‌സിയുമായി നില്‍ക്കുന്ന ഫോട്ടോ

ബ്യൂണസ്‌ഐറിസ്: സിസ്റ്റെയിന്‍ ചാപ്പലില്‍ നിന്ന് വെള്ളപ്പുക ഉയര്‍ന്നപ്പോള്‍ അര്‍ജന്റീനയിലെ സാന്‍ ലോറെന്‍സോ ക്ലബ്ബിന്റെ അണിയറക്കാരും കളിക്കാരും ആരാധകരും അറിഞ്ഞിരുന്നില്ല-അത് തങ്ങളുടെ സ്വന്തം പാപ്പയുടെ വരവാണെന്ന്. ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പ ജോര്‍ജ് മരിയോ ബെര്‍ഗോളിയോ അഥവാ ഫ്രാന്‍സിസ് ഒന്നാമന്‍ വലിയ ഫുട്‌ബോള്‍ കമ്പക്കാരനാണ്.
അര്‍ജന്റീനയിലെ ടോപ് ഡിവിഷനില്‍ കളിക്കുന്ന സാന്‍ ലോറെന്‍സോയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇഷ്ട ടീം. സാന്‍ ലോറെന്‍സോയുടെ മത്സരങ്ങള്‍ കാണാന്‍ പോകുന്നതും വിജയങ്ങള്‍ ആഘോഷിക്കുന്നതുമൊക്കെ ബ്യൂണസ് ഐറിസിലെ ആര്‍ച്ച്ബിഷപ്പായിരുന്ന ബെര്‍ഗോളിയോയുടെ ഹോബിയായിരുന്നു. 2007 ലാണ് സാന്‍ ലോറെന്‍സോ അവസാനമായി അര്‍ജന്റീന ദേശീയ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി സാന്‍ ലോറെന്‍സോ ഫോമില്‍ അല്ല. ഇത് ക്ലബ്ബ് ആരാധകരെ വിഷമവൃത്തത്തിലാക്കിയപ്പോള്‍ ആശ്വാസവാക്കുകളുമായി ബെര്‍ഗോളിയോ രംഗത്തുണ്ടായിരുന്നു. 2008 ല്‍ സാന്‍ ലോറെന്‍സോ ക്ലബ്ബ് ബെര്‍ഗോളിയോക്ക് മെംബര്‍ഷിപ്പ് കാര്‍ഡ് അനുവദിച്ചിരുന്നു.
ആര്‍ച്ച് ബിഷപ്പ് ബെര്‍ഗോളിയോ ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പയായതിന്റെ ആഹ്ലാദത്തിലാണ് ക്ലബ്ബ്. അവരുടെ വെബ്‌സൈറ്റില്‍ മാര്‍പാപ്പയുടെ ക്ലബ്ബ് മെംബര്‍ഷിപ്പ് കാര്‍ഡും ക്ലബ്ബ് ജഴ്‌സി ഉയര്‍ത്തുന്ന ഫോട്ടോയും ചേര്‍ത്തിട്ടുണ്ട്. ലാറ്റിനമേരിക്കക്ക് പുറത്തേക്ക് അത്ര കണ്ട് അറിയപ്പെടാതിരുന്ന സാന്‍ ലോറന്‍സോ ക്ലബ്ബ് ഒരു ദിവസം കൊണ്ട് ലോകപ്രശസ്തമായിരിക്കുകയാണ്. ബ്യൂണസ് ഐറിസില്‍ ആര്‍ച്ച് ബിഷപ്പായിരിക്കുമ്പോള്‍ ബെര്‍ഗോളിയോ താമസിച്ചിരുന്നത് സാന്‍ ലോറെന്‍സോ ക്ലബ്ബിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സിനടുത്താണ്. ഇഷ്ട ക്ലബ്ബിന്റെ മത്സരങ്ങള്‍ ഒന്നു പോലും ഒഴിവാക്കാതെ കാണുമായിരുന്ന ബെര്‍ഗോളിയോ ബസില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ബ്യൂണസ് ഐറിസിയിലെ ദേവാലയത്തിലെത്തിയിരുന്നത്. സാധാരണ ജനവിഭാഗത്തോട് ഇടപഴകി ജീവിക്കുവാനിഷ്ടപ്പെട്ട ബെര്‍ഗോളിയോ, മാര്‍പാപ്പയായി മാറിയത് ഫുട്‌ബോള്‍ ക്ലബ്ബും ആ ക്ലബ്ബിന്റെ ആരാധകവൃന്ദവും ആഘോഷിച്ചു തീര്‍ക്കുകയാണ്. 1972 സീസണില്‍ രണ്ട് ആഭ്യന്തര കിരീടങ്ങള്‍ സ്വന്തമാക്കിയാണ് സാന്‍ ലോറെന്‍സോ ശ്രദ്ധേയമായത്. അതുവരെ അത്തരമൊരു നേട്ടം അര്‍ജന്റൈന്‍ ഫുട്‌ബോളില്‍ സംഭവിച്ചിട്ടില്ലായിരുന്നു. സാന്‍ ലോറെന്‍സോ ക്ലബ്ബിന് ബാസ്‌കറ്റ് ബോള്‍, ഹോക്കി, ഹാന്‍ഡ്‌ബോള്‍, മാര്‍ഷ്വല്‍ആര്‍ട്‌സ്, ടെന്നീസ്, വോളിബോള്‍, റഗ്ബി ടീമുകളുമുണ്ട്. പക്ഷേ, മാര്‍പാപ്പക്കിഷ്ടം ഫുട്‌ബോളിനെയാണെന്ന് മാത്രം.
1908 ഏപ്രില്‍ ഒന്നിനാണ് ബ്യൂണസ് ഐറിസിലെ അല്‍മാഗ്രോ ജില്ലയില്‍ സാന്‍ ലോറെന്‍സോ ക്ലബ്ബ് രൂപം കൊണ്ടത്. ലോറന്‍സോ മാസ എന്ന കത്തോലിക്ക പുരോഹിതനാണ് ക്ലബ്ബ് രൂപീകരണത്തിലേക്ക് വഴിവെട്ടിയത്.
ബ്യൂണസ് ഐറിസിലെ തെരുവില്‍ കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു ലോറെന്‍സോ മാസക്ക്. തെരുവില്‍ ട്രാഫിക് തിരക്കേറുന്നതൊന്നും കുട്ടികള്‍ക്ക് പ്രശ്‌നമായില്ല. എന്നാല്‍, അപകടം മണത്ത പുരോഹിതന്‍ കുട്ടികളോട് തെരുവിലെ കളി അവസാനിപ്പിച്ച് ചര്‍ച്ചിന്റെ ഒഴിഞ്ഞ പിന്‍ഭാഗം ഞായറാഴ്ച ഒഴിച്ച് കളിസ്ഥലമാക്കിക്കൊള്ളാന്‍ സമ്മതം നല്‍കി. അവിടെ നിന്ന് ആ കളി സംഘം ഫുട്‌ബോള്‍ ക്ലബ്ബായി രൂപാന്തരപ്പെട്ടത് ലോറന്‍സോ മാസയുടെ ആശയത്തെ പിന്‍പറ്റിയായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണ് ക്ലബ്ബിന് സാന്‍ ലോറെന്‍സോ എന്ന പേര്‍ നല്‍കിയത്. ഇപ്പോള്‍ സാന്‍ ലോറന്‍സോക്ക് ലോകം മുഴുവന്‍ ആരാധകര്‍ ഉണ്ടായിട്ടുണ്ടാകും. കാരണം സാക്ഷാല്‍ മാര്‍പാപ്പയുടെ ടീമല്ലെ !