Connect with us

Kasargod

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന് ജനപിന്തുണയേറുന്നു

Published

|

Last Updated

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോടുള്ള അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പുമരച്ചോട്ടില്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ഇരുപത്താറാം ദിവസത്തിലേക്ക്.
വിവിധ സംഘടനകളാണ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി ദിവസേന സമരപന്തല്‍ സന്ദര്‍ശിക്കുന്നത്.
ചെര്‍ക്കള സൈനബ മെമ്മോറിയല്‍ ബി എഡ് സെന്ററിലെ അധ്യാപകരും, വിദ്യാര്‍ഥികളും ഐക്യദാര്‍ഢ്യവുമായി ഇന്നലെ സമരപന്തലിലെത്തി. പ്രിന്‍സിപ്പല്‍ ഡോ. എം വി സോഫിയാമ്മ, അനില്‍ വടക്കേക്കര, സറഫിയ നൗഷീന, പി വി ബിന്ദു, കെ എ മുഹമ്മദ് ഹനീഫ് തുടങ്ങിയവരും നിരവധി വിദ്യാര്‍ഥികളുമാണ് സമരപന്തില്‍ എത്തിയത്. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് അഭിവാദ്യങ്ങളുമായി കേരള എന്‍ ജി ഒ യൂണിയന്‍ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് കെ വി രവി, സെക്രട്ടറി ചന്ദ്രശേഖരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിളുള്ള സംഘം സമരപന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു.
എ മോഹന്‍കുമാറിന്റെ നിരാഹാര സമരം ഇന്നേക്ക് പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിട്ടുണ്ട്. നേരത്തെ നിരാഹാരത്തിലേര്‍പ്പെട്ട കൃഷ്ണന്‍ പുല്ലൂര്‍, സുഭാഷ് ചീമേനി, ഡോ. ഡി സുരേന്ദ്രനാഥ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമം നടന്നെങ്കിലും സമരസമിതി തടയുകയും തനിക്ക് ആരോഗ്യപ്രശ്‌നമില്ലെന്നും മോഹന്‍കുമാര്‍ പോലീസിനെ അറിയിച്ചു. ബലമായി ആശുപത്രിയിലേക്ക് മാറ്റിയാല്‍ അവിടെയും സമരം തുടരുമെന്നും മോഹന്‍കുമാര്‍ അറിയിച്ചതോടെ പോലീസ് പിന്‍മാറുകയായിരുന്നു.

Latest