പി സി ജോര്‍ജിന്റെ പരാമര്‍ശങ്ങളെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണം: കോടിയേരി

Posted on: March 15, 2013 8:16 am | Last updated: March 15, 2013 at 8:16 am
SHARE

മുക്കം: പി സി ജോര്‍ജിന്റെ പരാമര്‍ശങ്ങളെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.
പി സി ജോര്‍ജിന്റെ പ്രസ്താവനകളുടെ പ്രധാന ഗുണഭോക്താവ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. പൊതു പ്രവര്‍ത്തകര്‍ക്കെതിരെ തെറി പറയല്‍ പതിവാക്കിയ ഗവ. ചീഫ് വിപ്പ് കേരളത്തിനപമാനമാണെന്നും ജോര്‍ജിനെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
മുക്കം എരഞ്ഞിമാവില്‍ സഹകരണ ബേങ്ക് ശിലാസ്ഥാപന ചടങ്ങിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. മന്ത്രി ഗണേഷ്‌കുമാറിനും മുന്‍മന്ത്രി കെ ആര്‍ ഗൗരിയമ്മയുമടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ നിയമസഭാ അംഗങ്ങളുടെ പെരുമാറ്റചട്ട ലംഘനമാണ്. അനാവശ്യ പരാമര്‍ശത്തിന്റെ പേരില്‍ നേരത്തെ നിയമസഭയില്‍ മാപ്പ് പറഞ്ഞ ജോര്‍ജ് അത് അവര്‍ത്തിക്കുകയാണ്. പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും ഇടയില്‍ ഏകോപനമുണ്ടാക്കേണ്ട ചീഫ് വിപ്പ് ഏറ്റവും കൂടുതല്‍ പ്രകോപനമുണ്ടാക്കുകയാണ്. കേരള രാഷ്ട്രീയം മലീമസമാക്കുന്ന ജോര്‍ജിന്റെ നടപടിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കും.