കര്‍ഷക തൊഴിലാളികളുടെ കുടിശ്ശിക ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണം

Posted on: March 15, 2013 8:12 am | Last updated: March 15, 2013 at 8:12 am

കല്‍പ്പറ്റ: കര്‍ഷക തൊഴിലാളികളുടെ കുടിശികയായ വിവിധ ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിവിധ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ നല്‍കി വര്‍ഷങ്ങളായി കാത്തിരിക്കയാണ്. അതിവര്‍ഷാനൂക്യം 2010 ജനുവരി പതിനെട്ട് വരെയാണ് നല്‍കിയിരിക്കുന്നത്. പ്രസവാനുകൂല്യം 2012 ജൂണ്‍ വരെയും, ചികിത്സാ ആനുകൂല്യം 2012 ജൂലൈ വരെയും, മരണാനന്തര ആനൂകൂല്യം 2011 ജനുവരി വരെയും, വിവാഹാനൂകൂല്യം 2008 ഒക്ടോബര്‍ വരെയും, മരണാന്തര ആനൂകൂല്യം 2012 ജൂണ്‍ വരെയുമാണ് വിതരണം നടത്തിയിരിക്കുന്നത്.
കര്‍ഷക തൊഴിലാളികളുടെ ആനൂകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് 18ന് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തുമെന്ന് അവര്‍ അറിയിച്ചു. കര്‍ഷക തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം ഉറപ്പു വരുത്തുക, 60 വയസ്സ് വരെ അംശാദായം അടച്ച തൊഴിലാളികള്‍ക്ക് ഉപാധി കൂടാതെ പെന്‍ഷന്‍ നല്‍കുക, ആനൂകൂല്യങ്ങള്‍ കാലാനൂസൃതമായി വര്‍ദ്ധിപ്പിക്കുകയും, ചികിത്സാനൂകൂല്യം അഞ്ച് വര്‍ഷത്തിലൊരിക്കല്‍ എന്നത് വര്‍ഷതോറും ആക്കുക, കര്‍ഷക തൊഴിലാളികളുടെ റേഷന്‍ കാര്‍ഡുകള്‍ ബി.പി.എല്‍ ആക്കുക, പണിയായുധങ്ങള്‍ സൗജന്യമായോ, സബ്‌സിഡി നിരക്കിലോ വിതരണം ചെയ്യുക, ജില്ലാ ക്ഷേമനിധി ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ചും, ധര്‍ണ്ണയും നടത്തുന്നത്. ധര്‍ണ്ണ ജില്ലാലീഗ് പ്രസിഡന്റ് പി.പി.എ കരീം ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് സി മുഹമ്മദ് ഇസ്മായില്‍, ജനറല്‍ സെക്രട്ടറി പാറക്ക മമ്മുട്ടി, ട്രഷറര്‍ കെ പി കുഞ്ഞിമുഹമ്മദ്, വൈസ്പ്രസിഡന്റുമാരായ കെ അബ്ദുറഹിമാന്‍, സി അലവിക്കുട്ടി, സെക്രട്ടറി പി കെ ആലി പങ്കെടുത്തു.