Connect with us

Palakkad

പട്ടാമ്പി താലൂക്ക് : ബജറ്റില്‍ പ്രതീക്ഷയോടെ നാട്ടുകാര്‍

Published

|

Last Updated

പട്ടാമ്പി:പട്ടാമ്പി താലൂക്ക് എന്ന സ്വപ്നം പൂവണിയുമോ ? സി പി മുഹമ്മദ് എം എല്‍ എ യുടെ ശ്രമം ഫലം കാണുമോ, ഇന്ന് കേരള നിയമസഭയില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഇക്കാര്യത്തില്‍ പ്രതീക്ഷയോടെയാണ് പട്ടാമ്പിക്കാര്‍ കാത്തിരിക്കുന്നത്. പട്ടാമ്പി താലൂക്കിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പിന് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്.1967-68 കാലഘട്ടത്തില്‍ മലപ്പുറം ജില്ലാ രൂപവത്ക്കരണ സമയത്താണ് പട്ടാമ്പി താലൂക്ക് എന്ന ആവശ്യം ശക്തമായത്. അന്നുമുതല്‍ നിയമസഭയില്‍ പട്ടാമ്പി താലൂക്ക് വിഷയം നിരന്തരം മുഴങ്ങിയെങ്കിലും നടന്നില്ല.2001ലെ കണക്കെടുപ്പ് പ്രകാരം ഒറ്റപ്പാലം താലൂക്കിലെ ജനസംഖ്യ 842206 ആണ്. വയനാട് ജില്ലയേക്കാള്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുണ്ട് താലൂക്കിന്റെ വിസ്തൃതി 41 വില്ലേജ്ജുകളാണിവിടെയുള്ളത്. ഒറ്റപ്പാലം താലൂക്ക് വിഭജിച്ച് പട്ടാമ്പി, തൃത്താല ബ്ലോക്കുകള്‍ ചേര്‍ന്ന് പട്ടാമ്പി താലൂക്ക് രൂപവത്ക്കരിക്കണമെന്നാണ് ആവശ്യം. 17 പഞ്ചായ്ത്തുകളിലായി നാലരലക്ഷത്തിലേറെ ജനങ്ങള്‍ ഈ മേഖലയിലുണ്ട്. ഇരു ബ്ലോക്കുകളും ചേര്‍ന്നാല്‍ 396.37 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമാകും. താലൂക്കാസ്ഥാനമായി കരുതുന്ന പട്ടാമ്പിയിലേക്ക് അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് 20 കിലോ മീറ്ററേ പരമാവധി വരൂ. എല്ലാഭാഗത്ത് നിന്നും ബസ് സൗകര്യമുണ്ട്. ആസ്ഥാനമെന്ന നിലയില്‍ പട്ടാമ്പിയില്‍ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടവുമുണ്ട്. സൗകര്യങ്ങളെല്ലാമുണ്ടായിട്ടും പട്ടാമ്പിക്ക് താലൂക്ക് പദവി ലഭിച്ചില്ല. നിലവില്‍ ഒറ്റപ്പാലം താലൂക്കിലെ പടിഞ്ഞാറന്‍ മേഖലയില്‍ ആനക്കര, തൃത്താല പഞ്ചായത്തുകളിലുള്ളവര്‍ക്ക് ഒറ്റപ്പാലത്ത് എത്താന്‍ 50 കിലോ മീറ്ററോളം സഞ്ചരിക്കണം. അകലെയുള്ള ചാലിശേരി, നാഗലശേരി, കപ്പൂര്‍, പട്ടിത്തര, തിരുവേഗപ്പുറ, പരുതൂര്‍, വിളയൂര്‍, കൊപ്പം, കുലക്കല്ലൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കും. ഒരു ദിവസത്തെ സമയമാണ് ഒറ്റപ്പാലം താലൂക്ക് ആസ്ഥാനത്ത് എത്തി കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍. പട്ടാമ്പി താലൂക്ക് വന്നാല്‍ ഇതിനൊക്കെ പരിഹാരം കാണാന്‍ സാധ്യമാകും. ഇ എം എസ് മുഖ്യമന്ത്രിയായതും കെ ഇ ഇസ്മായില്‍ റവന്യൂ മന്ത്രിയായതും പട്ടാമ്പിയില്‍ നിന്നാണ്. കോണ്‍ഗ്രസ് നേതാക്കളായ എം പി ഗംഗാധരനും ലീലാദമോദരനും ഇവിടെ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. എം ജി കെ മൂര്‍ത്തി കമ്മീഷന്‍ മുതല്‍ അല്‍ഫോന്‍സ് കണ്ണന്താനം വരെയുള്ള വരുടെ റിപ്പോര്‍ട്ടുകളെല്ലാം ഒറ്റപ്പാലം താലൂക്ക് വിഭജിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. മന്ത്രി കെ പി രാജേന്ദ്രനും വി എസ് അച്ചുതാനന്ദനും പട്ടാമ്പി താലൂക്കിന് അനുകൂലമായ നിലപാട് എടുത്തവരാണ്. അവസാനമായി ഇപ്പോള്‍ കഴിഞ്ഞ രണ്ട് തവണകളായി കേരള നിയമസഭയില്‍ പട്ടാമ്പിയെ പ്രതിനിധീകരിക്കുന്ന സി പി മുഹമ്മദ് എം എല്‍ എയും താലൂക്കിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നു. മുഖ്യമന്ത്രിയായാലും മറ്റ് മന്ത്രിമാരായാലും അവരെല്ലാം പട്ടാമ്പിയില്‍ വരുമ്പോള്‍ സി പിക്ക് ചോദിക്കാനുള്ളത് താലൂക്കാണ്. രാഷ്ട്രീയ അന്തര്‍നാടകങ്ങളുടെ കഥയറിയുന്നവര്‍ ഇപ്പോഴും പറയുന്നത് താലൂക്ക് വരില്ലെന്നാണ്, വികസന കാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ കാണിക്കുന്ന മായാവിലാസങ്ങള്‍ എന്തൊക്കെയാണെങ്കിലും നാട്ടുകാര്‍ക്ക് പറയാനുള്ളത് പട്ടാമ്പി താലൂക്ക് രൂപവത്ക്കരിക്കമെന്ന് തന്നെയാണ്.