ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റിസര്‍വേഷന്‍ നിയന്ത്രണം വിനയായി

Posted on: March 15, 2013 8:06 am | Last updated: March 15, 2013 at 8:06 am
SHARE

പാലക്കാട്:ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ സിഗ്നല്‍ നവീകരണത്തിന് മുന്നോടിയായി ട്രെയിനുകളിലെ റിസര്‍വേഷന് നിയന്ത്രണ ഏര്‍പ്പെടുത്തിയത് യാത്രക്കാരെ വലച്ചു. നവീകരണപ്രവൃത്തികള്‍ എന്നുതുടങ്ങുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നതിനിടെയാണ് റിസര്‍വേഷന് നിയന്ത്രണം കൊണ്ടുവന്നത്. എന്നാല്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനം വരാത്തിനാല്‍ ഇന്നലെ രാത്രിയോടെ റിസര്‍വേഷനുളള നിയന്ത്രണം റയില്‍വേ പിന്‍വലിച്ചു. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്നതോടെ ഷൊര്‍ണൂര്‍ ജംഗ്്ഷനില്‍ നിന്നുളള സര്‍വീസുകള്‍ സുഗമമാക്കുന്നതിന് വേണ്ടിയാണ് സിഗ്നല്‍ സംവിധാനം പരിഷ്‌ക്കരിക്കുന്നത്. മൂന്നാഴ്ചയിലേറെ സമയമെടുക്കുന്ന നവീകരണപ്രവൃത്തികള്‍ നടക്കുമ്പോള്‍ ഷൊര്‍ണൂര്‍ വഴിയുളള ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും പുനഃക്രമീകരിക്കണം. ഇതിന് മുന്നോടിയായിട്ടായിരുന്നു മൂന്ന് ട്രെയിനുകളിലെ റിസര്‍വേഷന് നിയന്ത്രണം കൊണ്ടുവന്നത്. മംഗലാപുരം. ചെന്നൈ എഗ്മൂര്‍ , കോഴിക്കോട്. തിരുവനന്തപുരം ജനശതാബ്ദി, മംഗലാപുരം. നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ് എന്നീ ട്രയിനുകളിലേക്കുളള റിസര്‍വേഷനാണ് 31 വരെ നിയന്ത്രണമേര്‍പ്പെടുത്തിയത്. വേനലവധിക്കാലം തുടങ്ങാനിരിക്കെ റെയില്‍വേയുടെ നടപടി യാത്രക്കാരെ ആശങ്കയിലാക്കിരുന്നു. നവീകരണ പ്രവൃത്തികള്‍ക്ക് റെയില്‍വേ ബോര്‍ഡില്‍ നിന്നും അനുവാദം ലഭിക്കാത്തതിനാല്‍ റിസര്‍വേഷനുളള നിയന്ത്രണം ദക്ഷിണ റെയില്‍വേ കോമേഴ്‌സ്യല്‍ വിഭാഗം കഴിഞ്ഞദിവസം രാത്രിയോടെ പിന്‍വലിച്ചു. മാര്‍ച്ച് അവസാനം തീരുമാനിച്ചിരുന്ന സിഗ്നല്‍ നവീകരണം അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മാറ്റാന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചതായാണ് സൂചന. വരുന്ന മാസങ്ങളില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചാലും ക്ലേശം അനു‘വിക്കേണ്ടി വരുന്നത് യാത്രക്കാരാകും. ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്ന ഏപ്രില്‍, മേയ് മാസങ്ങളില്‍ ഒരു ഡസനിലേറെ സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്കൂടി ഷൊര്‍ണൂര്‍ വഴി സര്‍വീസ് നടത്തും. ഇതിനിടെ ഷൊര്‍ണൂരില്‍ നവീകരണ ജോലികള്‍ നടന്നാല്‍ ഇത് യാത്രക്കാരെ ഏറെ വലക്കും.