Connect with us

Palakkad

തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ തൊഴിലാളി സൊസൈറ്റി രൂപവത്കരിക്കും

Published

|

Last Updated

പാലക്കാട്:ജില്ലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും തൊഴിലാളികളുടെ ദൗര്‍ലഭ്യം ഇല്ലാതാക്കുന്നതിനും വേണ്ടി വിദഗ്ധ – അവിദഗ്ധ തൊഴിലാളികളുടെ സൊസൈറ്റി (വേഗ) രൂപവത്കരിക്കും.
സൊസൈറ്റിയുടെ നിയമാവലി അന്തിമമായി അംഗീകരിക്കുന്നതിനുളള മാര്‍ച്ച് 20 ന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനിലെ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസില്‍ ചേരും. ഗ്രാമസേവന എന്നായിരിക്കും സൊസൈറ്റിയുടെ പേര്. വിവിധ തൊഴിലുകളില്‍ പ്രാവീണ്യം നേടിയിട്ടുളള ധാരാളം തൊഴിലാളികള്‍ പാലക്കാട് ജില്ലയില്‍ ഉണ്ട്. എന്നാല്‍ സ്ഥിരമായ ഒരു ജോലിയോ, സ്ഥിര വരുമാനമോ ഇല്ലാത്ത അവസ്ഥയും ഉണ്ട്. അതേ സമയം പല മേഖലകളിലും ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്ത അവസ്ഥയും ഉണ്ട്. കൂടാതെ തൊഴിലാളികളെ ആവശ്യമുളളവര്‍ക്ക് അവരെ എവിടെ നിന്ന് ലഭിക്കും എന്ന് അറിയാത്ത അവസ്ഥയും നിലനില്‍ക്കുന്നു. ഇത്തരത്തിലുളള ഒട്ടനവധി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായാണ് വേഗ പോലുളള സൊസൈറ്റി രൂപീകരിക്കുന്നത്. നിലവിലെ സൊസൈറ്റി നിയമങ്ങള്‍ അനുശാസിക്കുന്ന ‘ഭരണഘടന, നിയമാവലി എന്നിവ ഈ സൊസൈറ്റിക്കുണ്ടായിരിക്കും. ജില്ലയിലെ അവിദഗ്ധ തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ മേധാവിയായ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സൊസൈറ്റിയുടെ മുഖ്യരക്ഷാധികാരി ആയിരിക്കും, അസി. പ്രൊജക്ട് ഓഫീസര്‍ പി എ യു, പാലക്കാട്, അസി. ഡെവലപ്‌മെന്റ് കമ്മീഷണര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ രക്ഷാധികാരികള്‍ ആയിരിക്കും.
ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ ആണ് സൊസൈറ്റിയുടെ ചെയര്‍മാന്‍. വിവിധ ബ്ലോക്കുകളിലെ ബി.ഡി.ഒ.മാര്‍, വനിതാ ക്ഷേമ ഓഫീസര്‍മാര്‍, ബി.പി.ഒ.മാര്‍, വി.ഇ.ഒ.മാര്‍ എന്നിവര്‍ ഈ സൊസൈറ്റിയുടെ മെമ്പര്‍മാരായിരിക്കും. കൂടാതെ വിവിധ ബ്ലോക്കുകളെ പ്രതിനിധീകരിച്ച് വരുന്ന തിരഞ്ഞെടുക്കപ്പെട്ട തൊഴിലാളികളും സൊസൈറ്റിയില്‍ മെമ്പര്‍മാരായിരിക്കും.
തൊഴില്‍ സമയം, കൂലി, തൊഴില്‍ ഉടമയുമായുളള ബന്ധം, തൊഴിലിന്റെ ഗുണനിലവാരം, തൊഴില്‍ സ്ഥലത്തെ മാന്യത, സത്യസന്ധത എന്നിവ സംബന്ധിച്ച് സൊസൈറ്റിയുടെ നിയമാവലി അനുസരിച്ച് ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണം. സൊസൈറ്റിയില്‍ അംഗമാവുന്ന തൊഴിലാളികള്‍ നിശ്ചിത സംഖ്യ അംഗത്വഫീസും, മാസവരി സംഖ്യയും നല്‍കണം.
തൊഴിലാളികളുടെ സേവനം ആവശ്യപ്പെടുന്ന തൊഴിലുടമയില്‍ നിന്നും ഫീസ് ഈടാക്കും. ലഭിക്കുന്ന എല്ലാ വരുമാനവും തൊഴിലാളികളുടെ ക്ഷേമത്തിനായി വിനിയോഗിക്കും. കൂടാതെ തൊഴിലാളികളുടെ ക്ഷേമനിധി, ഇന്‍ഷുറന്‍സ് മുതലായ വിഷയങ്ങളില്‍ നിലവിലെ തൊഴില്‍ നിയമങ്ങള്‍ക്കനുസരിച്ച് തീരുമാനിക്കും.
സൊസൈറ്റി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരം‘ിക്കും. സൊസൈറ്റി രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ നിയമാവലി തയ്യാറാക്കുന്നതിന് ഗ്രാമശ്രീ എമ്പോറിയം മാര്‍ക്കറ്റിങ് ഓഫീസര്‍ ചെന്താമരാക്ഷനെ ചുമതലപ്പെടുത്തി. ഭാരവാഹികളായി ബി ഡി ഒ, ബി പി ഒ, വി ഇ ഒ എന്നിവരെയും ഓരോ ബ്ലോക്കിനേയും പ്രതിനിധീകരിച്ച് ഓരോ തൊഴിലാളിയേയും വീതം ഉള്‍പ്പെടുത്തും.
തുന്നല്‍, കംപ്യൂട്ടര്‍, കാറ്ററിങ്, പെയിന്റിങ്, ഗാര്‍ഡനിങ്, ദ്രൈവര്‍, ഫെന്‍സിങ് എന്നീ മേഖലകളിലെ തൊഴിലാളികളെ കൂടി സൊസൈറ്റിയുടെ കീഴില്‍ കൊണ്ടുവരും. ആലത്തൂര്‍ ബ്ലോക്ക് – 291, ചിറ്റൂര്‍ – 118, കുഴല്‍മന്ദം – 128, മണ്ണാര്‍ക്കാട് – 153, ഒറ്റപ്പാലം – 220, പട്ടാമ്പി – 176, തൃത്താല – 126, അട്ടപ്പാടി – 156, കൊല്ലങ്കോട് – 191, മലമ്പുഴ – 68, നെന്മാറ – 156, പാലക്കാട് – 65, ശ്രീകൃഷ്ണപുരം – 87 എന്നിങ്ങനെയാണ് സൊസൈറ്റി അംഗത്വത്തിന് ബ്ലോക്കില്‍ ലഭിച്ച വ്യക്തിഗത അപേക്ഷകള്‍. ഏപ്രില്‍ 15 വരെ അപേക്ഷ സ്വീകരിക്കും.
ലഭിച്ച അപേക്ഷകള്‍ എല്ലാം തൊഴില്‍ മേഖലാടിസ്ഥാനത്തില്‍ തരം തിരിച്ച് വിവരങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തിവയ്ക്കും. കൂടാതെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഓരോ മേഖലയിലും ഉളള തൊഴിലാളികളുടെ ലിസ്റ്റ് തയ്യാറാക്കി ബ്ലോക്കില്‍ സൂക്ഷിക്കും.
ഏപ്രില്‍ 30 ന് ബ്ലോക്ക് തലത്തില്‍ അംഗങ്ങളുടെ ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്ത് തുടര്‍നടപടികള്‍ ആരംഭിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.