Connect with us

Sports

ഇംഗ്ലണ്ട് പുറത്ത്‌

Published

|

Last Updated

മ്യൂണിക്/മലാഗ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ലൈനപ്പിലേക്ക് ജര്‍മന്‍ ക്ലബ്ബ് ബയേണ്‍മ്യൂണിക്കും സ്പാനിഷ് ക്ലബ്ബ് മലാഗയും മാര്‍ച്ച് ചെയ്തു. ആഴ്‌സണല്‍ ബയേണിന്റെ തട്ടകത്തില്‍ പൊരുതിത്തോറ്റതോടെ പതിനേഴ് വര്‍ഷത്തിനിടെ ആദ്യമായി ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബ്ബുകളില്ലാത്ത ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് വേദിയൊരുങ്ങി. സ്‌പെയിനില്‍ നിന്ന് ബാഴ്‌സലോണ, റയല്‍മാഡ്രിഡ്, മലാഗ-ജര്‍മനിയില്‍ നിന്ന് ബയേണ്‍, ബൊറൂസിയ ഡോര്‍ട്മുണ്ട്-ഇറ്റലിയില്‍ നിന്ന് ജുവെന്റസ്-തുര്‍ക്കിയില്‍ നിന്ന് ഗലാത്‌സരെ-ഫ്രാന്‍സില്‍ നിന്ന് പാരിസ് സെയിന്റ് ജെര്‍മെയിന്‍ എന്നിങ്ങനെയാണ് ക്വാര്‍ട്ടര്‍ ലൈനപ്പ്.
മ്യൂണിക്കില്‍ ആഴ്‌സണല്‍ 2-0ന് ജയിച്ച് ഇരുപാദ സ്‌കോര്‍ 3-3ന് തുല്യമാക്കിയിട്ടും എവേ ഗോള്‍ ബലത്തില്‍ ബയേണ്‍ മുന്നേറുകയായിരുന്നു. ലണ്ടനില്‍ നടന്ന ആദ്യ പാദത്തില്‍ ബയേണ്‍ 3-1ന് ജയിച്ചിരുന്നു. ഇവിടെ നേടിയ ഗോളുകളാണ് ജര്‍മന്‍ ചാമ്പ്യന്‍മാര്‍ക്ക് തുണയായത്. രണ്ടാം പാദത്തില്‍ ആഴ്‌സണലിന്റെ ഭാഗത്ത് നിന്ന് തിരിച്ചടിക്ക് സാധ്യതയില്ലെന്ന മട്ടിലായിരുന്നു ബയേണ്‍ കളിച്ചത്.
എന്നാല്‍, മൂന്നാം മിനുട്ടില്‍ തന്നെ അതിനുള്ള മറുപടി ആഴ്‌സണല്‍ നല്‍കി. സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദിന്റെ ഗോളില്‍ ബയേണ്‍ ഞെട്ടി. തുടക്കത്തില്‍ ഗോള്‍ നേടാന്‍ സാധിച്ചാല്‍ ആഴ്‌സണലിന് സാധ്യതയുണ്ടെന്ന് മത്സരത്തലേന്ന് അഭിപ്രായപ്പെട്ട ജിറൂദ് തന്നെയാണ് ലീഡ് ഗോള്‍ നേടിയത്. ബാഴ്‌സലോണ എ സി മിലാനെതിരെ നടത്തിയതു പോലൊരു തിരിച്ചുവരവ് ആഴ്‌സണല്‍ സ്വപ്‌നം കണ്ടു തുടങ്ങി. എന്നാല്‍, ലയണല്‍ മെസി ബാഴ്‌സയെയും ആഴ്‌സണലിനെയും വേര്‍തിരിക്കുന്നു. മെസിയെ പോലൊരു താരം ഇംഗ്ലീഷ് ക്ലബ്ബില്‍ ഇല്ല.
ശരാശരിക്കാരായ കളിക്കാരുമായി വെംഗര്‍ നടത്തുന്ന പരീക്ഷണത്തിന് ചാമ്പ്യന്‍സ് ലീഗ് കിരീടത്തോളമെത്താനാകില്ലെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള കളി നിമിഷങ്ങള്‍. ബയേണ്‍ ആധിപത്യം പുലര്‍ത്തുകയും പലപ്പോഴും ഭാഗ്യം കൊണ്ട് ആഴ്‌സണല്‍ ഗോള്‍ വഴങ്ങാതെ രക്ഷപ്പെടുകയുമായിരുന്നു.
കളി തീരാന്‍ അഞ്ച് മിനുട്ട് ശേഷിക്കുമ്പോള്‍ ലോറന്റ് കോസിന്‍ലി ഹെഡ്ഡറിലൂടെ നേടിയ രണ്ടാം ഗോള്‍ അട്ടിമറി സൂചന നല്‍കി. എന്നാല്‍, ബയേണ്‍ പിന്നീട് പന്ത് കൈമാറാതെ ആഴ്‌സണലിനെ നിരാശപ്പെടുത്തി. ഡച്ച് വിംഗര്‍ ആര്യന്‍ റോബനും ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസും നിരവധി അവസരങ്ങള്‍ പാഴാക്കി.
ബയേണിനെ അവരുടെ ഗ്രൗണ്ടില്‍ തോല്‍പ്പിക്കാന്‍ സാധിച്ചത് അഭിമാനകരമായ നേട്ടമാണെന്ന് ആഴ്‌സണല്‍ കോച്ച് ആര്‍സെന്‍ വെംഗര്‍ അഭിപ്രായപ്പെട്ടു.
അതേ സമയം, ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്ക് ക്വാര്‍ട്ടറിലെത്താന്‍ സാധിക്കാതെ പോയത് പ്രീമിയര്‍ ലീഗിന്റെ ഭാവിയെ ചോദ്യം ചെയ്യുന്നുണ്ടെന്ന് വെംഗര്‍ മുന്നറിയിപ്പ് നല്‍കി. 1995-96 സീസണിന് ശേഷം ഇംഗ്ലീഷ് ക്ലബ്ബുകളില്ലാതെ ക്വാര്‍ട്ടര്‍ നടന്നിട്ടില്ല. എന്നാല്‍, വെംഗറുടെ ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് ബയേണ്‍ മ്യൂണിക് കോച്ച് ജുപ് ഹെയിന്‍കസ് പറഞ്ഞു. മുന്‍ സീസണുകളില്‍ ജര്‍മന്‍ ലീഗിലെ ക്ലബ്ബുകള്‍ക്കും ഇത്തരം അനുഭവമുണ്ടായിരുന്നു. പ്രീമിയര്‍ ലീഗ് ടീമുകള്‍ ശക്തമായി തിരിച്ചുവരിക തന്നെ ചെയ്യുമെന്നും ഹെയിന്‍കസ് പറഞ്ഞു.
ഹോംഗ്രൗണ്ടിലെ ആദ്യപാദം 1-0ന് ജയിച്ച എഫ് സി പോര്‍ട്ടോക്ക് മലാഗ എവേ മത്സരത്തില്‍ രണ്ട് ഗോളിന്റെ പരാജയമൊരുക്കി. ഇസ്‌കോ (43), സാന്റക്രൂസ് (77) മലാഗയുടെ ഗോളുകള്‍ നേടി. നാല്‍പ്പത്തൊമ്പതാം മിനുട്ടില്‍ സ്റ്റീവന്‍ ഡെഫോര്‍ ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായത് പോര്‍ട്ടോക്ക് തിരിച്ചടിയായി.