Connect with us

Editorial

ദുരിതാശ്വാസത്തിലും ചിറ്റമ്മ നയം

Published

|

Last Updated

വരള്‍ച്ചാ ദുരിതാശ്വാസ സഹായം അനുവദിക്കുന്നതിലും കേരളത്തോട് ചിറ്റമ്മ നയം. കഴിഞ്ഞ വര്‍ഷത്തെ ദുരിതാശ്വാസ സഹായധനമായി ഏഴ് സംസ്ഥാനങ്ങള്‍ക്ക് 2,893 കോടി അനുവദിച്ചപ്പോള്‍ കേരളത്തിന് ലഭിച്ചത് കേവലം 66.61 കോടി. വിള നഷ്ടത്തിന് 135.93 കോടി, ശുദ്ധ ജലവിതരണത്തിന് 101.58 കോടി, കുളങ്ങളുടെയും പമ്പുകളുടെയും പുനര്‍നിര്‍മാണത്തിന് 96.02 കോടി എന്നിങ്ങനെ മൊത്തം 492.80 കോടിയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. സമീപ കാലത്തെ ഏറ്റവും വലിയ ദുരിതാശ്വാസ പാക്കേജ് എന്ന മുഖവുരയോടെയാണ് കൃഷി മന്ത്രി അധ്യക്ഷനായുള്ള വരള്‍ച്ച സംബന്ധിച്ച മന്തി തല സമിതി ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം സഹായ പ്രഖ്യാപനം നടത്തിയത്. ഉള്ളത് പറയണമല്ലോ, സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയുടെ കാര്യത്തില്‍ പവാറിന്റെ അവകാശവാദം തികച്ചും സത്യമാണ്. സമിതി പ്രഖ്യാപിച്ച മൊത്തം ദുരിതാശ്വാസ തുകയില്‍ 42 ശതമാനവും മഹാരാഷ്ട്രക്കുള്ളതാണ്-1,207 കോടി. മഹാരാഷ്ട്രയിലെ കന്നുകാലി ക്യാമ്പിന് തുക വേറെയും അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയെയാണ് ഈ വര്‍ഷം കേരളം അഭിമുഖീകരിക്കുന്നത്. റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് കഴിഞ്ഞ മാസം 15ന് നിയമ സഭയില്‍ വെച്ച കണക്കനുസരിച്ച് വരള്‍ച്ച മൂലമുള്ള കേരളത്തിന്റെ ഈ വര്‍ഷത്തെ നഷ്ടം 7795 കോടിയാണ്. ദേശീയ ദുരന്ത സാധ്യതാ അപഗ്രഥന വിഭാഗത്തിന്റെ പ്രാഥമിക കണക്കിനെ ആധാരമാക്കിയാണ് മന്ത്രിയുടെ പ്രഖ്യാപനം. കഴിഞ്ഞ സെപ്തംബറില്‍ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, വയനാട് ജില്ലകളെ വരള്‍ച്ച ബാധിത ജില്ലകളായി പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാറിന് ഇടവപ്പാതി, തുലാവര്‍ഷ മഴയുടെ ലഭ്യതക്കുറവും ഭൂഗര്‍ഭ ജലത്തിന്റെയും അണക്കെട്ടുകളിലെയും താഴ്ചയും കാരണമായി ഡിസംബര്‍ 19 ആയപ്പോഴേക്കും മുഴുവന്‍ ജില്ലകളെയും ദുരിതബാധിതമായി പ്രഖ്യാപിക്കേണ്ടി വന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല നിവേദകസംഘം, കേരളത്തിന് 7,888 കോടിയുടെ വരള്‍ച്ചാ ദുരിതാശ്വാസ സഹായവും 3,937 കോടിയുടെ പ്രത്യേക വരള്‍ച്ചാ ദുരിതാശ്വാസ പാക്കേജും ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനം സമര്‍പ്പിച്ചു. പ്രധാന മന്ത്രിയെ നേരിട്ടു കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാനാണ് നിവേദക സംഘം ഡല്‍ഹിയില്‍ എത്തിയതെങ്കിലും അന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ച അനുവദിക്കാത്തതിനാല്‍ ശരദ് പവാറുമായുള്ള കൂടിക്കാഴ്ച കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എങ്കിലും മിനിയാന്ന് ഉമ്മന്‍ചാണ്ടിക്ക് പ്രധാനമന്ത്രിയുമയുള്ള കൂടിക്കാഴ്ച തരപ്പെട്ടപ്പോള്‍ കേരളം അനുഭവിക്കുന്ന വരള്‍ച്ചയുടെ രൂക്ഷത ധരിപ്പിക്കുകയും പവാറിന് നല്‍കിയ നിവേദനത്തിലെ ആവശ്യങ്ങള്‍ ആവര്‍ത്തിക്കുകയുമുണ്ടായി. അനുഭാവ പൂര്‍വം കാര്യങ്ങള്‍ പരിഗണിക്കാമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേട്ട് ആശ്വാസത്തോടെയാണ് ഉമ്മന്‍ ചാണ്ടിയും സംഘവും മടങ്ങിയത്. പക്ഷേ പ്രധാനമന്ത്രിയും പവാറും കേരളത്തോട് നീതി പാലിച്ചില്ല. വരള്‍ച്ചയുടെ തോത് പഠിക്കാനായി അടുത്ത ദിവസം കേരളം സന്ദര്‍ശിക്കുന്ന കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് ഈ വര്‍ഷത്തെ വരള്‍ച്ചക്ക് തുക അനുവദിക്കേണ്ടതെങ്കിലും സംസ്ഥാനം ഇപ്പോള്‍ അനുഭവിക്കുന്ന കൊടുവരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ പ്രത്യേക പാക്കേജ് ആവശ്യത്തില്‍ പരിഗണന അനിവാര്യമായിരുന്നു.
66 കോടി സംസ്ഥാനത്തിന് തീര്‍ത്തും അപര്യാപ്തമാണ്. കേരളം എത്രതന്നെ മുറവിളി കൂട്ടിയാലും, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സംസ്ഥാന ഭരണകൂടത്തിന്റെ തലവന്‍ ഉമ്മന്‍ചാണ്ടിക്ക് കൂടിക്കാഴ്ചക്ക് സമയം അനുവദിക്കുന്നതില്‍ പോലും വിമുഖത കാണിക്കുന്ന മന്‍മോഹന്‍ സിംഗ് സര്‍ക്കാറില്‍ നിന്ന് ഏറെക്കൂടുതലൊന്നും നാം പ്രതീക്ഷിക്കേണ്ടതില്ല. പതിനാല് ജില്ലകളെയും ആഴത്തില്‍ ബാധിച്ച വരള്‍ച്ച നേരിടാന്‍ സംസ്ഥാനത്തിന് ഭീമമായ തുക കണ്ടെത്തേണ്ടതുമുണ്ട്. പദ്ധതി പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധം ഭരണപരമായ ചെലവുകള്‍ പരിമിതിപ്പെടുത്തിയായിരിക്കണം പ്രശ്‌നത്തെ തരണം ചെയ്യേണ്ടത്. ഒപ്പം സംസ്ഥാനത്തിന്റെ ജലസമ്പത്ത് സംരക്ഷിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കേണ്ടതുണ്ട്. കുടിവെള്ളത്തില്‍ ഏറ്റവുമധികം മാലിന്യം കലര്‍ന്ന സംസ്ഥാനം കേരളമാണെന്നും സംസ്ഥാനത്തെ 34 ശതമാനം കുടിവെള്ള സ്രോതസ്സുകളും മലിനപ്പെട്ടതായും ഇന്നലെ നിയമ സഭയില്‍ വെച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലെ പരാമര്‍ശം, നമ്മുടെ കുടിവെള്ള സംരക്ഷണത്തിന് സമഗ്രമായ നടപടികളും ഒപ്പം ശക്തമായ ബോധവത്കരണവും അനിവാര്യമാണെന്ന വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Latest