Connect with us

Articles

ഇറ്റലി ഒരു ചെറിയ രാജ്യമല്ല

Published

|

Last Updated

മാസിമിവിലാനോലാത്തോര്‍, സാല്‍വത്തോര്‍ ജിറോണ്‍ എന്നിവര്‍ രണ്ട് കൊലക്കേസ് പ്രതികളാണ്. ഇറ്റാലിയന്‍ നാവികരാണ് അവരെന്നത് ഒരിക്കലും അവര്‍ ചെയ്ത കുറ്റത്തിന്റെ ഗൗരവം ലഘൂകരിക്കുകയില്ല. ഇവരുടെ മുഖങ്ങള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്. ടെലിവിഷന്‍ ചാനലുകള്‍ അവരെ കുറ്റവാളികളിലെ വി ഐ പിമാരാക്കി. അഹങ്കാരത്തിന് കൈകാലുകള്‍ വെച്ച പോലുള്ള അവരുടെ നടത്തം വെറുപ്പുളവാക്കുന്നതാണ്. കേരള പോലീസിന്റെ അകമ്പടിയോടെ അവര്‍ കോടതി കയറിയിറങ്ങുന്നത് എപ്പോഴും ചാനലുകള്‍ സംപ്രേഷണം ചെയ്തു. അവരുടെ ഉയര്‍ത്തിപ്പിടിച്ച ശിരസ്സും ശരീരഭാഷയും നമ്മെ സ്തബ്ധരാക്കിയിട്ടുണ്ട്. കുറ്റബോധത്തിന്റെ ലാഞ്ചന പോലും ആമുഖങ്ങളില്‍ ഉണ്ടാകാറില്ല. അകമ്പടിക്കാരായ നമ്മുടെ പോലീസുകാരുടെ കുനിഞ്ഞ തലകളും മുഖഭാവവും അവരാണ് കുറ്റം ചെയ്തതെന്ന പോലെ തോന്നിപ്പിക്കുകയും ചെയ്തിരുന്നു. ഫാസിസ്റ്റ് മുസോളിനിയുടെ യഥാര്‍ഥ അനുയായികളാണ് തങ്ങള്‍ ഇറ്റലിക്കാരെന്ന മട്ടില്‍ ഇന്ത്യയോടും കേരളത്തോടും കൊലചെയ്യപ്പെട്ട വരുടെ കുടുംബങ്ങളോടും അവര്‍ പുച്ഛഭാവം പ്രകടിപ്പിച്ചു. എന്നിട്ടും അവരോട് നാം കരുണ കാണിച്ചു പോന്നു. ജയിലില്‍ കിടക്കാതെ നോക്കി. കഴിവതും മുന്തിയ ഇറ്റാലിയന്‍ ഭക്ഷണം നല്‍കി. ഒന്നാം തരം ഹോട്ടലുകളില്‍ അവരെ സത്കരിച്ചു. അതിഥികളെന്ന പോലെ അവരെ കൊണ്ടുനടന്നു.
അവസാനം അവര്‍ നമ്മെ ചതിച്ചിരിക്കുന്നു. ഇന്ത്യയെയും നമ്മുടെ കോടതികളെയും നിയമങ്ങളെയും നാട്ടുകാരായ നമ്മെയും അവര്‍ അപമാനിച്ചിരിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 22നാണ് സുപ്രീം കോടതി പ്രതികളെ ഇറ്റലിയില്‍ പോകാന്‍ അനുവദിച്ചു കൊണ്ടു ഉത്തരവായത്. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍, അനില്‍ ആര്‍.ദാവെ, വിക്രം ജിത് സെന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. നാട്ടിലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാണ് പ്രതികള്‍ കോടതിയോട് അനുവാദം ചോദിച്ചത്. ഇറ്റാലിയന്‍ സര്‍ക്കാറിന്റെ പൂര്‍ണ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും അവരെ കൊണ്ടുപോയി നാലാഴ്ച്ചക്കകം തിരിച്ചെത്തിക്കാനാണ് കോടതി കല്‍പ്പിച്ചത്. ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസിഡര്‍ ഡാനിയല്‍ മാന്‍സീനിയുടെ ഉത്തരവാദിത്വത്തിലും ജാമ്യത്തിലുമാണ് പ്രതികളെ പോകാന്‍ കോടതി അനുവദിച്ചത്. ഏറ്റെടുത്ത ഉത്തരവാദിത്തം അദ്ദേഹം നിറവേറ്റിയില്ല. ആ സത്യവാങ്ങ്മൂലം അദ്ദേഹം ലംഘിച്ചിരിക്കുന്നു. ഇന്ത്യയിലേക്ക് തിരിച്ച് അയക്കുകയില്ലെന്ന് പരസ്യമായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. ഇത് കോടതിയുടെ ഉത്തരവിനെ ബോധപൂര്‍വം നഗ്നമായി ലംഘിക്കലാണ്. നിയമം അനുവദിക്കുമെങ്കില്‍ ഇറ്റാലിയന്‍ അംബാസിഡറെ അറസ്റ്റ് ചെയ്തു ജയിലില്‍ അടക്കുകയാണ് വേണ്ടത്.
പ്രതികളെ ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തിയത് ശിക്ഷാര്‍ഹമായ കുറ്റമാണ്. നാവികരുടെ കേസ് നിലനില്‍ക്കുമ്പോള്‍ തന്നെ ഈ നടപടിയാണ് നിയമം അനുശാസിക്കുന്നത്. നാവികര്‍ക്കെതിരെ അവരുടെ ജാമ്യം റദ്ദാക്കി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാവുന്നതുമാണ്. വിയന്ന കണ്‍വെന്‍ഷന്‍ ശാസന പ്രകാരം നയതന്ത്ര പ്രതിനിധികള്‍ ആതിഥേയ രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. ഇവിടെ ഇറ്റാലിയന്‍ അംബാസിഡറുടെ സത്യവാങ്മൂലം കള്ളമായിരുന്നുവെന്ന് തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. കോടതിയുടെ നിബന്ധനകള്‍ പാലിക്കാന്‍ സ്വന്തം നിയന്ത്രണത്തില്ലാത്ത കാരണങ്ങളാല്‍ കഴിയാതെ വന്നാല്‍ മാപ്പ് നല്‍കാമായിരുന്നു. വരുത്തിയ വീഴ്ച്ചകളുടെ കാരണങ്ങള്‍ കോടതിക്കു കൂടി ബോധ്യപ്പെടുകയും മാപ്പാക്കി കിട്ടാന്‍ സത്യവാംഗ്ങ്മൂലം നല്‍കിയ ആള്‍ അപേക്ഷിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ അതിനുപോലുമുള്ള സാധ്യതയുള്ളൂ. ഇവിടെ കോടതി വിധിയെ ലംഘിച്ചത് ആസൂത്രിതവും ബോധപൂര്‍വവുമായ ഒരു നടപടിയായിരുന്നു. ഇറ്റാലിയന്‍ സര്‍ക്കാറും അംബാഡറും പ്രതികളും നടത്തിയ ആസൂത്രിതമായ ഗൂഢാലോചനയുടെയും ഫലമാണിത്. അതിനാല്‍ കുറ്റം കൂടുതല്‍ ഗൗരവാവഹമായി തീര്‍ന്നിരിക്കുന്നു. ഇപ്പോള്‍ അംബാസഡറെ പ്രതി ചേര്‍ത്ത്് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇന്ത്യയുടെ കുറ്റകരമായ അനാസ്ഥയും ഉദാസീനതയും ഈ വഞ്ചനക്ക് സഹായ മായി തീര്‍ന്നിട്ടുണ്ട്. ഇറ്റാലിയന്‍ പൗരന്മാര്‍ ഏതു രാജ്യത്തായിരുന്നാലും അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവാദമുണ്ട്. അതിനായി നാട്ടിലേക്ക് പോകേണ്ടതില്ല. തപാല്‍ വോട്ടുകളും എംബസി മുഖേനയുള്ള വോട്ടുകളും ഇറ്റലിയില്‍ സ്വീകാര്യമാണ്. 2001ല്‍ ഇറ്റലി അതിനായി നിയമ നിര്‍മാണം നടത്തിയിട്ടുണ്ട്. ഈ രണ്ട് നാവികരല്ലാത്ത അനേകായിരം ഇറ്റലിക്കാര്‍ ഇന്ത്യയിലുണ്ട്. അവരാരും വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് പോയതായി അറിവില്ല. വോട്ട് ചെയ്യല്‍ ഒരു നിര്‍ബന്ധിത ബാധ്യതയായി ഇറ്റാലിയന്‍ നിയമങ്ങള്‍ കരുതുന്നില്ല. വോട്ടു ചെയ്യാത്ത പൗരന്‍മാര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ ഇറ്റാലിയില്‍ നിയമമില്ല. കൊലക്കേസ് പ്രതികളെ വിട്ടയക്കാന്‍ മാത്രം പ്രധാനമാണോ തിരഞ്ഞെടുപ്പ്. ഫെബ്രുവരി 24, 25 തീയതികളില്‍ ഇറ്റലിയില്‍ പോയി വോട്ട് ചെയ്യാന്‍ ജാമ്യം നല്‍കേണ്ടതുണ്ടായിരുന്നോ എന്ന കാര്യം കോടതി പരിശോധിക്കേണ്ടതായിരുന്നു. മറ്റു വിധത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കുന്ന നിയമങ്ങള്‍ ഇറ്റാലിയിലുള്ള കാര്യം കേന്ദ്ര സര്‍ക്കാറും അവരുടെയും കേരളത്തിന്റെയും അഭിഭാഷകരും എന്തു കൊണ്ട് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയില്ല? അവര്‍ ബോധപൂര്‍വമോ അല്ലാതെയോ കോടതിയില്‍ നിന്ന് മറ്റ് സാധ്യതകള്‍ മറച്ചു പിടിച്ചതാണെങ്കില്‍ കോടതി തന്നെ അത്തരം സാധ്യതകളെ കുറിച്ച് എന്തു കൊണ്ട് ഒരു സൂക്ഷ്മമായ അന്വേഷണത്തിന് മുതിര്‍ന്നില്ല? തുടങ്ങി ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ നിലനില്‍ക്കുകയാണ്. തിരിച്ചു വരവിനുള്ള സാധ്യത ഇവരുടെ കാര്യത്തില്‍ വളരെ കുറവായിരുന്നുവെന്ന് കോടതി ചിന്തിച്ചു കാണുകയില്ലേ? ഫെബ്രുവരി 22ന് ജാമ്യം അനുവദിക്കുന്നതിന് മുമ്പ് ജനുവരി 18ന് ബഹുമാനപ്പെട്ട സുപ്രീം കോടതി ഈ കേസ് വിചാരണ ചെയ്യാന്‍ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്ന് പ്രസ്താവിച്ചിരുന്നതുമാണ്.
കേരള ഹൈകോടതി ക്രിസ്മസ് ആഘോഷിക്കാനായി പ്രതികളെ പോകാനനുവദിച്ചതുപോലും ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉളവാക്കിയിരുന്നു. ആറ് കോടി രൂപയുടെ ബോണ്ടിലാണ് അന്ന് അവരെ രാജ്യം വിടാന്‍ അനുവദിച്ചത്. ചെറിയ സംഖ്യ കടം വാങ്ങി കൃത്യ സമയത്തു തന്നെ തിരിച്ചു നല്‍കി വിശ്വാസം നേടിയ ശേഷം വന്‍ തുക കൈക്കലാക്കി മുങ്ങുന്ന തട്ടിപ്പുകാരെ പോലെ വില കുറഞ്ഞ അടവാണ് ഇറ്റലി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ആ രാജ്യത്തിന്റെ അന്തസ്സ് കളഞ്ഞ് കുളിക്കുന്ന ചതിയാണിത്. ഇറ്റലി കരുതുന്ന പോലെ ഇന്ത്യ അത്ര ദുര്‍ബല രാജ്യമല്ല. ഇന്ത്യക്കാര്‍ ദരിദ്രരെങ്കിലും അഭിമാനികളാണെന്ന കാര്യം ഇന്ത്യന്‍ സര്‍ക്കാറും മനസ്സിലാക്കേണ്ടതാണ്. കേന്ദ്ര സര്‍ക്കാറിനോ ഭരിക്കുന്ന കക്ഷികള്‍ക്കോ ഇറ്റലിയുടെ മുമ്പില്‍ അപകര്‍ഷതാ ബോധം തോന്നുന്നുണ്ടാകാം. അത് അവരുടെ ബലഹീനതയായി കരുതിയാല്‍ മതി. ബ്രിട്ടീഷുകാരുടെ മുമ്പില്‍ മുട്ടുവിറക്കാത്ത ഇന്ത്യന്‍ ജനത ഇറ്റാലിയന്‍ വഞ്ചനക്ക് കൂട്ട് നില്‍ക്കുകയില്ല. ഇറ്റാലിയന്‍ വിദേശ കാര്യമന്ത്രി ജിലിയോ ടെര്‍സിതന്നെ പരസ്യമായി തടവ് ചാടുവാന്‍ നാവികരെ സഹായിക്കുകയാണ് ചെയ്തത്. തടവുകാരെ തിരിച്ചെത്തിക്കേണ്ടത് ഇറ്റാലിയന്‍ ഭരണ കൂടത്തിന്റെ ബാധ്യതയായിരുന്നു. മന്ത്രിമാരും അംബാസഡറും നാവികരും ചേര്‍ന്ന് നടത്തിയ ഈ വഞ്ചന പൊറുക്കാനാവില്ല. ഇത് ശിക്ഷ വിധിക്കുന്നതിനു മുമ്പുള്ള ഒരു തടവു ചാട്ടമാണ്. കുറ്റം ചെയ്തിട്ടില്ലെങ്കില്‍ കോടതികളെയും വിചാരണയെയും എന്തിന് ഭയപ്പെടണം. ഈ ഒളിച്ചോട്ടത്തില്‍ നിന്നു തന്നെ മനസ്സിലാവുന്നത് ഇറ്റലിയുടെ കേസ് ദുര്‍ബലമാണെന്നാണ്. എന്റിക്കാലെക്‌സി എന്ന കപ്പലില്‍ സുരക്ഷിതത്ത്വ ചുമതല നിര്‍വഹിച്ചിരുന്ന നാവികര്‍ നടത്തിയ ഈ നിഷ്ഠൂരമായ കടല്‍ കൊലപാതകം ഇറ്റാലിയിന്‍ നിയമമനുസരിച്ചു തന്നെ 21 വര്‍ഷത്തെ ശിക്ഷ അര്‍ഹിക്കുന്നതാണ്.
ഇറ്റലി നേരത്തെ മുതലേ വളരെ ശക്തമായി തങ്ങളുടെ എതിര്‍വാദം ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. വെടിവെപ്പ് നടന്നത് 22.1 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നുവെന്ന് കേരളം കണ്ടെത്തിയിരുന്നു. ഇന്ത്യയുടെ സമുദ്രാതിര്‍ത്തി 24 നോട്ടിക്കല്‍ മൈല്‍ വരെയാണ്. ഇറ്റലി വാദിച്ചു പോന്നത് 33 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം നടന്നതെന്നാണ്. അതുകൊണ്ടു തന്നെ രാജ്യാന്തര കോടതികളെ ഇന്ത്യ സമീപിക്കുന്നതുകൊണ്ട് ഫലമില്ല.
യു എന്‍ കണ്‍വെന്‍ഷന്‍ ചട്ടങ്ങളും വേണ്ടത്ര നമുക്ക് അനുകൂലമായിരിക്കാനിടയില്ല. യൂറോപ്പ്യന്‍ താത്പര്യവും പശ്ചാത്യ നിലപാടുകളും ഇന്ത്യക്കെതിരാവാനും സാധ്യതയുണ്ട്. രാജ്യാന്തര മാരിടൈം ഓര്‍ഗനൈസേഷന്‍ അന്താരാഷ്ട്ര മറൈന്‍ ഫോറം എന്നിവ നേരത്തെ തന്നെ ഇറ്റലിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നയതന്ത്രപരമായ പരിഹാരത്തിന് വേണ്ടി ഇറ്റലി വാദിച്ചുപോരുന്നത് അത്തരം ചര്‍ച്ചകള്‍ അവര്‍ക്ക് ഗുണകരമാകുമെന്നത് കൊണ്ടാണ്. ഇറ്റാലിയന്‍ നാവികര്‍ക്കു വേണ്ടി സുപ്രീം കോടതിയില്‍ വാദിച്ചത്, ഹരീഷ് സാല്‍വേയായിരുന്നു. കേന്ദ്ര സര്‍ക്കാറും പ്രോസിക്യൂഷന്‍ അഭിഭാഷകരും സാല്‍വേ തന്റെ കക്ഷികളോടു കാണിച്ചതു പോലുള്ള ആത്മാര്‍ഥത രാജ്യതാത്പര്യങ്ങളോടു കാണിച്ചില്ലെന്ന പരാതിയുണ്ട്. പ്രത്യേക കോടതി രൂപവത്കരിക്കുമെന്ന വാഗ്ദനവും ഇതുവരെ നടപ്പിലായില്ല. കൊലചെയ്യപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളോടുള്ള സഹതാപമോ മറ്റു വികാരപരമായ വിഷയങ്ങളോ അല്ല ഇവിടെ പ്രധാനം. ഇന്ത്യയുടെ അഭിമാനകരമായ അസ്തിത്വത്തിനുതന്നെ ഈ സംഭവം മുറിവേല്‍പ്പിച്ചിരിക്കുന്നു. ഇപ്പോള്‍ ഇറ്റലി കാണിച്ച വഞ്ചന മുഴുവന്‍ ഇന്ത്യന്‍ ജനതയോടുള്ള വെല്ലുവിളിയാണ്.
ലോകത്തിലെ ഏറ്റവും വലിയ കോടതി ഇന്ത്യയിലെ സുപ്രീം കോടതിയാണ്. ചരിത്ര സംഭവങ്ങളായി തീര്‍ന്ന അനേകം വിധികള്‍ ആ കോടതി പ്രസ്താവിച്ചിട്ടുണ്ട്. നൂറുകോടിയിലേറെ വരുന്ന ഇന്ത്യന്‍ ജനതയുടെ അഭയ കേന്ദ്രങ്ങളില്‍ ഒന്നാണ് സുപ്രീം കോടതി. നീതിയുടെ കാവല്‍കാരനായ ഈ മഹത്തായ സ്ഥാപനത്തെയും നമ്മുടെ നിയമങ്ങളെയും വെല്ലുവിളിച്ചു കൊണ്ട് രണ്ട് നാവികരായ കൊലയാളികളെ കോടതിയുടെ വിചാരണ നടപടികളില്‍ നിന്ന് ചതി പ്രയോഗത്തിലൂടെ ഇറ്റലി രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ലോക രാഷ്ട്രങ്ങള്‍ തമ്മില്‍ പാലിക്കപ്പെടുന്ന സാമാന്യ മര്യാദകളുടെ ലംഘനമാണിത്. ഇറ്റലിയെന്ന രാജ്യത്തെ ഇനി നാം നോക്കിക്കാണുന്നത് മറ്റൊരു കണ്ണിലൂടെയായിരിക്കും. ആ രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഒരു പക്ഷേ, ഈ നടപടിക്ക് കൂട്ടുനില്‍ക്കുന്നവരായിരിക്കില്ല. ഇറ്റലിയില്‍ നില നില്‍ക്കുന്നത് വഞ്ചകരായ ഒരു വിഭാഗം രാഷ്ട്രീയക്കാരുടെ ഭരണമാണെന്ന് എന്തായാലും നമുക്ക് ഉറപ്പിനാകും. നമ്മുടെ ഭരണാധികാരികള്‍ നമ്മെ വഞ്ചിക്കുകയില്ലെന്ന് കരുതാനാണ് ഈ ലേഖകന്‍ ഇഷ്ടപ്പെടുന്നത്. 1996ലെ ഫ്രഞ്ച്ചാരകേസില്‍ അറസ്റ്റിലായ ഫ്രഞ്ച് പൗരന്‍മാരായ പ്രതികളെയും 1998ല്‍ ജാമ്യത്തില്‍ വിട്ട നല്ല മനുഷ്യരാണ് ഇന്ത്യയിലെ ന്യായാധിപന്‍മാര്‍. സി ബി ഐ അവര്‍ക്കെതിരെ കുറ്റ പത്രം സമര്‍പ്പിച്ചതാണ്. അവരെ കുറിച്ച് നമുക്കിപ്പോള്‍ ഒരു വേവലാതിയുമില്ല. ഫ്രഞ്ചു ചാരകേസിന്റെ ഫയലുകള്‍ കോടതിയുടെ അലമാറകളില്‍ വിശ്രമിക്കുന്നുണ്ടെന്നും പ്രസ്തുത കേസ് എന്നേക്കുമായി തള്ളികളഞ്ഞിട്ടില്ലെന്നും കരുതി നമുക്ക് സമാധാനിക്കാം. ഇറ്റാലിയന്‍ നാവികരും അവരുടെ സര്‍ക്കാറുമൊക്കെ ഇക്കഥകള്‍ അറിഞ്ഞു കാണണം. ശത്രുക്കളെ സ്‌നേഹിക്കാനും ഉപദ്രവിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ഥിപ്പാനും കല്‍പ്പിച്ച യേശുദേവന്റെ കാല്‍പാദങ്ങള്‍ പിന്തുടരാന്‍ ഡോ: മന്‍മോഹന്‍ സിംഗിന് കഴിയുന്നതില്‍ നമുക്ക് അഭിമാനിക്കാം. മത്തായി അഞ്ചാം അധ്യായത്തിലെ 44-ാംമത് വചനം എന്തായാലും സുപ്രീം കോടതിയുടെ വിധിയേക്കാള്‍ മൂല്യമുള്ളതാണല്ലോ./

---- facebook comment plugin here -----

Latest